തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് സർവീസുകളും ഷെഡ്യൂൾ ചെയ്തിരിക്കുന്ന സമയത്ത് ഓടിയെത്തുന്നില്ലെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ഇതുമൂലം വന്ദേഭാരത് കടന്നുപോകാൻ മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിന്റെ ദൈർഘ്യവും കൂടുകയാണ്.ആലപ്പുഴ വഴിയുള്ള വന്ദേഭാരത് ഓടിതുടങ്ങിയ നാൾ മുതൽ കൃത്യസമയം പാലിച്ചിട്ടില്ല.
വന്ദേഭാരത് മൂലമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ചെറിയ ചില ക്രമീകരണങ്ങളിലൂടെ നിലവിലെ പ്രതിസന്ധി നീക്കാമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് ഫ്രണ്ട്‌സ് ഓൺ റെയിൽസ് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി.
പഴയ വേണാടിന്റെ സമയത്താണ് ഇപ്പോൾ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. വന്ദേഭാരത് വന്നത് മൂലം 10 മിനിറ്റ് വൈകി പുറപ്പെടുന്ന വേണാട് കോട്ടയം, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ മിക്ക ദിവസവും അരമണിക്കൂറോളം വൈകിയാണ് എത്തിച്ചേരുന്നത്. വന്ദേഭാരത് പുലർച്ചെ 05.00 നും വേണാട് 05.15 നും പുറപ്പെട്ടാൽ രണ്ട് സർവീസുകളും കൃത്യസമയം പാലിക്കുന്നതാണ്. അതോടൊപ്പം പാലരുവിയുടെ സമയം കൊല്ലം ജംഗ്ഷനിൽ നിന്ന് 05 05 ന് പുറപ്പെടുന്ന വിധം ക്രമീകരിക്കണമെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടുന്നു.
വന്ദേഭാരത് ലേറ്റ് ആകും തോറും അത്രയും സമയം കൂടി മറ്റു ട്രെയിനുകൾ വഴിയിൽ കാത്തുകെട്ടി കിടക്കേണ്ടി വരികയാണ്. മുൻകൂട്ടി തീരുമാനിച്ച ക്രോസിങ്ങിൽ മാറ്റം വരുത്താൻ റെയിൽവേ തയാറാകാത്തതാണ് ഇതിന്റെ കാരണമായി യാത്രക്കാർ പറയുന്നത്. പ്രായോഗികമല്ലാത്ത സമയക്രമമാണ് വന്ദേഭാരതിന് വേണ്ടി റെയിൽവേ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് വൈകീട്ട് 03.25 ന് സെൻട്രലിൽ നിന്ന് പുറപ്പെട്ട് ജംഗ്ഷനിൽ 06.00 മണിയോടെ എത്തിചേർന്നാൽ നിലവിലെ പ്രശ്നങ്ങള്ക്ക് പരിഹാരമാകുമെന്നും റെയിൽവേ മന്ത്രിയ്‌ക്ക് ഫ്രണ്ട്‌സ് ഓൺ റെയിൽസ് നൽകിയ നിവേദനത്തിൽ വ്യക്തമാക്കി. വൈകിയോടുന്ന ട്രെയിനുകൾക്ക് ആ സമയം സ്ഥിരപ്പെടുത്തുന്ന തിരുവനന്തപുരം ഡിവിഷന്റെ പതിവ് രീതിയിലൂടെ യാത്രക്കാരുടെ പ്രശ്നങ്ങള്ക്ക് ഒരു പരിഹാരവും ലഭിക്കുന്നില്ലെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. അതിവേഗ പ്രീമിയം ട്രെയിനുകൾക്കായി മൂന്നാം പാത കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിലവിലെ സർവീസുകളെ ബാധിക്കാത്ത വിധം സമയം ഷെഡ്യൂൾ ചെയ്യാൻ എങ്കിലും ഡിവിഷൻ തയാറാറാകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.