കടുവയെ വെടിവെച്ചിട്ടില്ല; ശരീരത്തിലെ മുറിവുകൾക്ക് ദിവസങ്ങളുടെ പഴക്കം, ഏറ്റുമുട്ടലിൽ സംഭവിച്ചതാകാമെന്ന് അരുൺ സക്കറിയ

കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചിട്ടില്ലെന്ന് വനംവകുപ്പ് ചീഫ് വെറ്റിറനറി സർജൻ അരുൺ സക്കറിയ. ചത്തനിലയിലാണ് കടുവയെ കണ്ടെത്തിയത്. വെടിവെക്കാൻ കഴിയുന്ന ഒരു സാഹചര്യമല്ല ഇന്നലെ നിലവിലുണ്ടായിരുന്നതെന്നും അരുൺ സക്കറിയ പറഞ്ഞു.

ഇന്നലെ രാത്രി 12.30ഓടെയാണ് കടുവയെ സ്​പോട്ട് ചെയ്തത്. പുലർച്ചെ രണ്ടര വരെ കടുവയെ പിന്തുടർന്നിരുന്നു. രാവിലെ ആറരയോടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മറ്റൊരു കടുവയുമായി ഏറ്റുമുട്ടയതിന്റെ പരിക്കുകളാവും കടുവയുടെ ശരീരത്തിലുള്ളത്. ഈ പരിക്കുകൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നു അരുൺ സക്കറിയ പറഞ്ഞു.

കടുവയെ വെടിവെച്ചിട്ടില്ലെന്ന് സി.സി.എഫ് ദീപയും അറിയിച്ചു. രാവിലെയാണ് കടുവയെ ചത്തനിലയിൽ കണ്ടെത്തുന്നത്. പോസ്റ്റ്മാർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുവെന്നും ദീപ കൂട്ടിച്ചേർത്തു.

വയനാട് പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച കടുവയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. നരഭോജി കടുവയാണ് ചത്തതെന്നാണ് സംശയം. കൂടുതൽ പരിശോധനകൾക്ക് മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവു. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് ദൗത്യസംഘം കടുവയുടെ ജഡം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായിരുന്നു.ഉള്‍വനത്തില്‍ കടുവയെ തിരഞ്ഞെത്തിയ ആര്‍ആര്‍ടി സംഘത്തെ കടുവ ആക്രമിച്ചു. സംഘാംഗം ജയസൂര്യയുടെ വലതു കൈയ്ക്ക് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റു. കടുവ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. ഷീല്‍ഡ് കൊണ്ട് തടഞ്ഞതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

പഞ്ചാരക്കൊല്ലിയിൽ വെള്ളിയാഴ്ചയാണ് തോട്ടം തൊഴിലാളിയായ രാധയെ കടുവ കൊന്നത്. കടുവയെ പിടിക്കാനായില്ലെങ്കിൽ വെടിവച്ചുകൊല്ലാമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ദൗത്യസംഘം തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എൺപതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയക്കായി തിരച്ചിൽ നടത്തുന്നത്. കടുവയെ കണ്ടെത്തുന്നതിനായി കുങ്കിയാനയേയും എത്തിച്ചിരുന്നു.

Tags:    
News Summary - Tiger was not shot; wounds on body are days old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.