‘ലക്കിടിയിലൂടെ സ്‌കൂട്ടറിൽ പോകുമ്പോൾ മുന്നിൽ കടുവ ചാടി’ -കടുവയെ കണ്ടതായി യുവാവ്

വൈത്തിരി: ലക്കിടി അറമലയിൽ കടുവയെ കണ്ടതായി യുവാവ്. തളിപ്പുഴ ഗാന്ധി ഗ്രാമത്തിൽ ജോലി ചെയ്യുന്ന യുവാവാണ് കടുവയെ കണ്ടത്. അറമലയിലെ വീട്ടിലേക്കു സ്‌കൂട്ടറിൽ പോകവേ, താസ ഹോട്ടലിനു പിൻവശം വെച്ച് ത​ന്റെ മുന്നിലേക്ക് കടുവ ചാടിയെന്ന് ഇയാൾ പറഞ്ഞു. ഇന്ന് രാത്രി 8.15നാണു സംഭവം. മേപ്പാടി റേഞ്ച് വനം വകുപ്പുദ്യോഗസ്ഥരും വൈത്തിരി പൊലീസും സ്ഥലത്തെത്തി.

അതിനിടെ, മാനന്തവാടി പഞ്ചാര കൊല്ലിയില്‍ തോട്ടം തൊഴിലാളിയായ രാധയെ കാപ്പി പറിക്കാൻ പോകുന്നതിനിടെ കടുവ കൊന്ന് ഭക്ഷിച്ച പശ്ചാത്തലത്തിൽ നഗരസഭ പരിധിയിലെ ഏതാനും ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈമാസം 27 വരെയാണ് നിരോധനാജ്ഞ. കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പ്രദേശത്ത് ഭാരതീയ ന്യായ സംഹിത 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ. ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ശനിയാഴ്ച മാനന്തവാടി നഗരസഭയിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.

രാത്രിയും കടുവക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കൂടുതൽ ആർ.ആർ.ടി സംഘത്തെ വിന്യസിച്ചാണ് തിരച്ചിൽ നടത്തുന്നത്. സ്ഥലത്ത് വൈകീട്ടും കടുവയെ കണ്ടതായി നാട്ടുകാർപറഞ്ഞു. വലിയ ജനരോഷം ഉണ്ടായതോടെ കടുവയെ വെടിവച്ചു കൊല്ലാൻ അറിയിപ്പ് ഇറക്കി. 11 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഒ.ആർ. കേളു അറിയിച്ചു.

നരഭോജി കടുവയെ പിടികൂടുകയോ അതിനു കഴിഞ്ഞില്ലെങ്കില്‍ വെടിവച്ചുകൊല്ലുകയോ ചെയ്യുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. സംഭവസ്ഥലത്തും ജില്ലയിലെ വനത്തോട് ചേര്‍ന്ന മറ്റുപ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തും. ദ്രുതകര്‍മ സേനയെ നിയോഗിക്കും. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വിദഗ്ധ ഷൂട്ടര്‍മാരെയും വെറ്ററിനറി ഡോക്ടര്‍മാരെയും അടിയന്തരമായി വയനാട്ടിലെത്തിക്കും. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് നോർതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

രാധയുടെ ഭർത്താവ് അച്ചപ്പൻ വനംവാച്ചറാണ്. അനീഷ, അജീഷ് എന്നിവരാണ് രാധയുടെ മക്കൾ. മന്ത്രി നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പിടികൂടാൻ സാധിച്ചില്ലെങ്കിൽ കടുവയെ വെടിവച്ചുകൊല്ലാനാണ് ഉത്തരവ്. നരഭോജിക്കടുവയായതിനാൽ മയക്കുവെടി വച്ചു പിടിക്കാനുള്ള ശ്രമങ്ങളായിരിക്കും ആദ്യം നടപ്പാക്കുക എന്നാണ് വിവരം.

പഞ്ചാരകൊല്ലിയിൽ രാധയെ കടുവ കൊലപ്പെടുത്തിയിൽ പ്രിയങ്ക ഗാന്ധി എം.പി ദുഖം രേഖപ്പെടുത്തി. ഏറ്റവും പ്രാധാന്യമുള്ള ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരത്തിന് അടിയന്തരമായ നടപടികൾ വേണമെന്ന് അവർ അനുശോചന കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Tiger jumps in front of scooter at lakkidi wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.