സുരേഷ് ​ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന പ്രചാരണം വാസ്തവവിരുദ്ധമെന്ന് തൃശൂര്‍ മേയര്‍, ‘എപ്പോഴും എൽ.ഡി.എഫിനൊപ്പം’

തൃശൂർ: തൃശൂർ പാർല​മെന്റ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ​ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന ​പ്രചാരണം വാസ്തവവിരുദ്ധമെന്ന് മേയർ എം.കെ. വർ​ഗീസ്. താൻ എപ്പോഴും എൽ.ഡി.എഫിന്റെ കൂടെയാണ്. ഇടതുപക്ഷത്തിന് ദോഷമായിട്ട് ഒന്നും ചെയ്യില്ല. നാടു നന്നാക്കലാണ് മേയ​റെന്ന നിലയിൽ തന്റെ ഉത്തരവാദിത്വമെന്നും വികസനത്തിന് സാമ്പത്തികം ആരുതന്നാലും സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.

പുരോഗതിയുടെ കൂടെയാണ് താനെന്നും സുരേഷ് ഗോപി നല്ലയാളെന്നുമുള്ള എം.കെ വര്‍ഗീസിന്റെ പരാമർശമാണ് വിവാദമായത്. തൃശൂര്‍ കോർപറേഷനില്‍ വോട്ട് തേടുന്നതിനിടെയാണ് സുരേഷ് ഗോപി മേയറുടെ ചേംബറിലും എത്തിയത്. കോർപറേഷന്‍ മത്സ്യച്ചന്തയില്‍ വികസനത്തിന് ഒരു കോടി നല്‍കിയതുള്‍പ്പടെ ഇരുവരും സംസാരിച്ചു. വോട്ട് ചോദിക്കാതെ തന്നെ മേയര്‍ തരുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തുടര്‍ന്നാണ് പുരോഗതിയുടെ കൂടെയാണ് താനെന്നും സുരേഷ് ഗോപി നല്ലയാളെന്നും മേയര്‍ പ്രകീര്‍ത്തിച്ചത്.

ഞാൻ എവിടെയാണ് നിൽക്കുന്നതെങ്കിൽ അവിടെ ഉറച്ചുനിൽക്കുന്ന ആളാണ്. നിങ്ങൾ വെറുതേ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. ഇടതുപക്ഷത്തിന്റെ കൂടെത്തന്നെ നിന്നുകൊണ്ട് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്നാണ് എന്റെ ധാരണ. അതിനകത്ത് അവർക്ക് ഹിതമല്ലാത്ത ഒന്നും ഉതുവരെ ചെയ്തിട്ടില്ല. ഇനിയും ചെയ്യില്ല’ -മേയർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സുരേഷ് ഗോപി ‘ഫി​റ്റാണോ’ എന്നാണ് എന്നോട് ചോദിച്ചത്. നൂറു ശതമാനം അയാൾ ശാരീരികമായി ഫിറ്റല്ലേ. ഒരു സിനിമാ നടനല്ലേ. അയാൾ ഫിറ്റല്ലേ. അയാൾക്ക് മത്സരിക്കാൻ യോഗ്യതയില്ലേ. ഞാൻ പട്ടാളക്കാരനായിരുന്നു. എനിക്ക് തോക്കു​പിടിക്കാൻ മാത്രമല്ല, മേയർ ജോലിയും കഴിയുമെന്ന് ഞാൻ ബോധ്യപ്പെടുത്തിയില്ലേ’ -ഇതായിരുന്നു മേയറുടെ വിശദീകരണം.

ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ രഹസ്യ ധാരണയെന്ന പിണറായി വിജയന്റെ മനസ്സിലിരിപ്പാണ് മേയറിലൂടെ പുറത്തുവന്നതെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്‍ രംഗത്തെത്തിയിരുന്നു. മേയറുടെ സുരേഷ് ഗോപി പ്രശംസ യു.ഡി.എഫ് ആയുധമാക്കിയതോടെയാണ് വിശദീകരണവുമായി അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. 

Tags:    
News Summary - Thrissur Mayor clarifies his remarks on Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.