തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

തൃശൂർ: ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിനും ആന എഴുന്നെള്ളിപ്പിനും ജില്ല ഭരണകൂടം അനുമതി നിഷേധിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ്, ബി.ജെ.പി പിന്തുണയോടെ ഉത്സവ കോ-ഓർഡിനേഷൻ കമ്മിറ്റി തൃശൂർ ജില്ലയിൽ ആഹ്വാനം ചെയ്ത പകൽ ഹർത്താൽ ഭാഗികം. സ്വകാര്യ ബസുകൾ ഓടുന്നില്ല. കടകൾ അടഞ്ഞു കിടക്കുകയാണ്. കെ.എസ്.ആർ.ടി.സി  ബസുകൾ സർവീസ് നടത്തുന്നുണ്ട്.

സ്വന്തം വാഹനങ്ങളും ഒരു വിഭാഗം ഓട്ടോറിക്ഷകളും നിരത്തിലുണ്ട്. ഹർത്താൽ അനുകൂലികൾ തൃശൂർ നഗരത്തിൽ പ്രകടനം നടത്തി. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽ കുമാർ എന്നിവരുടെ വീടുകൾക്കു മുന്നിൽ ഞായറാഴ്ച കുടിൽ കെട്ടി ധർണ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാറിന്‍റെ നിയന്ത്രണത്തിലുള്ള എക്സ്പ്ലോസീവ്സ് നിയമവും ആന എഴുന്നെള്ളിപ്പിന് സുപ്രീംകോടതി പുറപ്പെടുവിച്ച വ്യവസ്ഥകളും പാലിച്ചു മാത്രമേ അനുമതി നൽകാനാവൂ എന്നാണ് കലക്ടർ ഡോ. എ. കൗശിഗന്‍റെ നിലപാട്. സംസ്ഥാന സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ച് നിയന്ത്രണങ്ങൾ നീക്കണമെന്നാണ് ഉത്സവ ഏകോപന സമിതിയുടെ ആവശ്യം.

ഉത്രാളിക്കാവ് പൂരം, മച്ചാട് മാമാങ്കം എന്നിവയുടെ വെടിക്കെട്ടിന് കലക്ടർ അനുമതി നിഷേധിക്കുകയും ആനയെഴുന്നള്ളിപ്പിനും വെടിക്കെട്ടിനും ജില്ല ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് ഉത്സവ കമ്മിറ്റി പ്രതിഷേധിക്കാൻ തീരുമാനിച്ചത്. നേരത്തേ മന്ത്രി വി.എസ് സുനിൽകുമാർ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിരുന്നെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു.

Tags:    
News Summary - thrissur district hartal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.