മന്ത്രിപ്പടയുമായി മുഖ്യമന്ത്രി; ചിന്തൻ ശിബിരത്തിൽപെട്ട്​ കോൺഗ്രസ്​

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ തൃക്കാക്കര പിടിക്കാൻ മന്ത്രിപ്പട. കൂടാതെ സി.പി.എം എം.എൽ.എമാർക്ക്​ ബൂത്ത്​ കേന്ദ്രീകരിച്ച്​​ ചുമതലയും. ഇടതുപക്ഷത്ത്​ സർവസന്നാഹത്തോടെ പ്രചാരണം കൊടുമ്പിരി കൊള്ളു​മ്പോൾ വലതു ക്യാമ്പിലെ പ്രധാന നേതാക്കൾ രാജസ്ഥാനിലെ ഉദയ്പൂരിൽ കോൺഗ്രസ്​ ചിന്തൻ ശിബിരത്തിലാണ്​. തിങ്കളാഴ്ചയോടെയേ​ അവർ മടങ്ങിയെത്തൂ.

മണ്ഡലത്തെ ആറ്​ മേഖലകളായി തിരിച്ചാണ്​ ഇടതിന്‍റെ പ്രചാരണം. വെണ്ണല, തൃക്കാക്കര സെൻട്രൽ, തൃക്കാക്കര ഈസ്റ്റ്​, വെസ്റ്റ്​, വൈറ്റില, ഇടപ്പള്ളി എന്നിങ്ങനെ തിരിച്ച്​ മന്ത്രിമാരായ എം.വി. ഗോവിന്ദൻ മാസ്റ്റർ, പി.എ. മുഹമ്മദ്​ റിയാസ്​, ആർ. ബിന്ദു, വീണ ജോർജ്​, വി. ശിവൻകുട്ടി, വി.എൻ. വാസവൻ എന്നിവർ ചുമതലയേറ്റിട്ടുണ്ട്​. രാവിലെ എട്ടുമുതൽ വൈകീട്ട്​ ഏഴുവരെ സജീവമായി വീടുകൾ കയറി മന്ത്രിമാർ പര്യടനത്തിലുണ്ട്​.

മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ കേന്ദ്രത്തിലും പാർട്ടി യോഗത്തിൽ നേരിട്ട്​ പ​ങ്കെടുത്താണ്​ പ്രചാരണ തന്ത്രങ്ങൾ മെനയുന്നത്​. ശനിയാഴ്ച അഞ്ചിടത്ത്​ ലോക്കൽ കൺവെൻഷനുകൾ നടന്നു. ഇ.പി. ജയരാജൻ, മന്ത്രി പി. രാജീവ്​, എം. സ്വരാജ്​, പി.കെ. ബിജു, എറണാകുളം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ എന്നിവരാണ്​ കൺവെൻഷനുകളിൽ പ​ങ്കെടുക്കുന്നത്​.

യു.ഡി.എഫിൽ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനും അടക്കമുള്ളവർ ചിന്തൻ ശിബിരത്തിൽ പോയതോടെ എറണാകുളം എം.എൽ.എ ടി.ജെ. വിനോദ്​, ഹൈബി ഈഡൻ എം.പി, ഡി.സി.സി ​പ്രസിഡന്‍റ്​ മുഹമ്മദ്​ ഷിയാസ്​, ജില്ലയിലെ മറ്റ്​ എം.എൽ.എമാർ എന്നിവരാണ്​ പ്രചാരണത്തിന്‍റെ ചുമതലക്കാർ. തൃക്കാക്കര ഈസ്റ്റ്​, വെസ്റ്റ്​, പൂണിത്തുറ, കടവന്ത്ര, വൈറ്റില, പാലാരിവട്ടം എന്നിങ്ങനെ തിരിച്ചാണ്​ പ്രവർത്തനം.

ബി.ജെ.പിക്കായി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്​, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ്​ കുര്യൻ, എം.ടി. രമേശ്​, സി. കൃഷ്ണകുമാർ തുടങ്ങിയവരാണ്​ പ്രചാരണത്തിന്‍റെ മുന്നിൽ. ചില 'സർപ്രൈസ്​' അതിഥികൾ തങ്ങൾക്കായി എത്തുമെന്നാണ് എതിർ പാർട്ടികൾക്ക്​​ ബി.ജെ.പി നൽകുന്ന മുന്നറിയിപ്പ്​.

Tags:    
News Summary - ​Thrikkakara election Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.