കണ്ണൂർ കോഴൂർ എയ്ഡഡ് യു.പി സ്കൂളിൽ പണം പിരിക്കുന്നതിനും ചെലവഴിക്കുന്നതിനും കണക്കില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട്: കണ്ണൂർ കോഴൂർ എയ്ഡഡ് യു.പി സ്കൂളിൽ പണം പിരിക്കുന്നതിനും ചെലവഴിക്കുന്നതിനും കണക്കില്ലെന്ന് ധനകാര്യ റിപ്പോർട്ട്. സ്കൂളിലെ വിവിധ സർക്കാർ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിൽ കണക്കുകൾ സൂക്ഷിക്കുന്നില്ലെന്ന പരാതിയിന്മേലാണ് ധനകാര്യ വിഭാഗം പരിശോധന നടത്തിയത്.

പ്രധാന അധ്യാപികയായ കെ.കെ. ഗീതയുമായി ബന്ധപ്പെട്ട കേസുകളിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഈ അധ്യപികയുടെ സേവന കാലത്തെ ഇടപാടുകൾ സംബന്ധിച്ച് നേരത്തെ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പി.ടി.എ ക്യാഷ് ബുക്കോ വരവ് ചെലവ് കണക്ക് രേഖപ്പെടുത്തിയ രജിസ്റ്ററോ കണ്ടെത്താനായില്ല. എരുവട്ടി വനിതാ സഹകരണ സംഘത്തിലെ 1726 നമ്പർ അക്കൗണ്ടിൽ 57,427 രൂപ നിക്ഷേപിച്ചതായും നിലവിൽ ഈ അക്കൗണ്ടിൽ 58,600 രൂപ നീക്കിയിരുപ്പുണ്ടെന്ന് വ്യക്തമായി.

ഈ തുക ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും സ്കൂളിൽ നിന്ന് ലഭിച്ചില്ല. ഇടപാടുകളൊന്നും ക്യാഷ് ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി. എന്നാൽ ഉപജില്ലാ വിദ്യാഭ്യസ ഓഫിസറുടെ റിപ്പോർട്ട് പ്രകാരം അഡ്മിഷൻ ഫീസ് സംബന്ധിച്ച വിശദാംശങ്ങൾ സൂക്ഷിക്കാത്തതിനും, രജിസ്റ്ററുകൾ കൈമാറാത്തതിനും ഈ അധ്യാപികക്ക് എതിരെ നടപടികൾ സ്വീകരിച്ചില്ല.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും, വിദ്യാഭ്യാസ ഉപഡയറക്ടറുടെയും ഭാഗത്ത് നിന്നും സമയബന്ധിതമായ പരിശോധന നടത്തി നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ സ്കൂളിൽ സഞ്ചയിക തുക പിൻവലിച്ച് അധ്യാപിക കൈവശം വെച്ച സാഹചര്യം ഒഴിവാക്കമായിരുന്നു. പിരിച്ചെടുത്ത അഡ്മിഷൻ ഫീസ് സംബന്ധിച്ച, കൃത്യമായ കണക്കുകൾ ലഭിക്കുന്നതിനുള്ള സാഹചര്യവും ഉണ്ടാവുമായിരുന്നു. മുൻപ്രധാന അധ്യാപികയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേൽ സമയബന്ധിതമായി പരിശോധന നടത്താത്ത സാഹചര്യത്തിൽ തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവരിൽ നിന്നും വിശദീകരണം വാങ്ങി തുടർ നടപടി സ്വീകരിക്കണമെന്നാണ് ധനകാര്യ പരിശോധനാ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.

പോസ്റ്റോഫീസിൽ നിന്നും 2015 ഒക്ടോബർ 18ന് പ്രധാന അധ്യാപികയായ കെ.കെ. ഗീത പിൻവലിച്ച 57,247 രൂപ 2021 ഏപ്രിൽ 23 വരെ കൈവശം വച്ചതിനു ശേഷമാണ് വനിതാ സഹകരണ സംഘത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചത്. ഈ തുക പിൻവലിച്ച് സ്വന്തം കൈവശം സൂക്ഷിച്ചത് താൽക്കാലിക ദുരുപയോഗം ആണ്. അതിനാൽ ക്രമക്കേട് നടത്തിയ 2015 ഒക്ടോബർ 18 മുതൽ 2021 ഏപ്രിൽ 23 വരെയുള്ള കാലയളവിൽ ഈ തുകക്ക് 18 ശതമാനം പിഴ പലിശ കണക്കാക്കി വിരമിച്ച പ്രധാന അധ്യാപികയായ കെ.കെ. ഗീതയിൽ നിന്നും, റവന്യൂ റിക്കവറി നടപടിക്രമങ്ങൾ പാലിച്ച് തിരികെ ഈടാക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

കോഴൂർ യു.പി.സ്കൂൾ വാർഷികം നടത്തുന്നതിനായി ഫണ്ട് ശേഖരണാർഥം വിതരണം ചെയ്യുന്നതിനായി അധ്യാപികമാർക്ക് അനുവദിച്ച രശീത് ബൂക്കുകളോ കൗണ്ടർ ഫോയിലോ, ശേഖരിച്ച തുകയോ കണ്ടെത്താനായില്ല. ഈ സാഹചര്യത്തിൽ ഈ വിഷയം സംബന്ധിച്ച് വകുപ്പ് തല അന്വേഷണം നടത്തണം. രസീത് നൽകി പിരിച്ച തുക പിഴ പലിശയടക്കം ഈ പട്ടികയിലെ അധ്യാപികമാരിൽനിന്നും ഈടാക്കണം. അവർക്കെതിരെ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ നടത്തുന്ന ആഭ്യന്തര പരിശോധനകൾ കുറ്റമറ്റതും ഫലപ്രദവും സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

Tags:    
News Summary - Report that there is no account of money collection and spending in Kannur Korzhur Aided UP School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.