ദിവസം 40 ടെസ്റ്റ് നടത്താം, പഴയ വാഹനങ്ങൾ മാറ്റാൻ ആറ് മാസം സാവകാശം; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങളിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ച ഡ്രൈവിങ് പരിഷ്കാരങ്ങളിൽ മാറ്റം വരുത്താൻ ഗതാഗത വകുപ്പ്. ഇതുപ്രകാരം ഒരു ദിവസം 40 ടെസ്റ്റ് നടത്തും. 30 ടെസ്റ്റുകൾ നടത്തിയാൽ മതിയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിർദേശം. ഡ്രൈവിങ് ടെസ്റ്റിനുപയോഗിക്കുന്ന 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ ആറ് മാസത്തെ സാവകാശം നല്‍കി. ഇതിന് ശേഷം പുതിയത് വാങ്ങാനാണ് നിര്‍ദേശം. പരിഷ്കാരങ്ങൾക്കെതിരെ ഡ്രൈവിങ് സ്കൂളുകാർ കടുത്ത പ്രതിഷേധമുയർത്തിയതോടെയാണ് മാറ്റം വരുത്തിയിരിക്കുന്നത്.

വാഹനങ്ങളില്‍ കാമറ സ്ഥാപിക്കാനും ഇടതും വലതും ബ്രേക്കും ക്ലച്ചുമുള്ള വാഹനം മാറ്റാനും മൂന്ന് മാസത്തെ സാവകാശം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഉത്തരവിറങ്ങി.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി സർക്കാറിന് മുന്നോട്ടുപോകാമെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ട്രാൻസ്പോർട്ട് കമീഷണർ ഇറക്കിയ സർക്കുലർ ഹൈകോടതി ശരിവെച്ചിരുന്നു. പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഡ്രൈവിങ് സ്കൂൾ ഉടമകളുടെ ആവശ്യമാണ് കോടതി തള്ളിയത്. എന്നാൽ, പ്രതിഷേധം ശക്തമായതോടെയാണ് പരിഷ്കാരങ്ങളിൽ ചെറിയ മാറ്റം വരുത്താൻ സർക്കാർ തയാറായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.