ജലയാനങ്ങളുടെ വിവരങ്ങൾ 14 ദിവസത്തിനകം നൽകണമെന്ന് വിവരാവകാശ കമീഷൻ

ആലപ്പുഴ: ഉൾനാടൻ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഈ മാസം 20 നകം അപേക്ഷകക്ക് നൽണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ എ.എ. ഹക്കിം നിർദേശിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളിൽ സിറ്റിംഗ് നടത്തുകയായിരുന്നു അദ്ദേഹം.

അവലൂക്കുന്ന് കൊന്നക്കാപ്പള്ളി റോസമ്മ ജോണിൻറെ അപേക്ഷ നിരസിച്ച പോർട്ട് ഓഫീസറുടെ നിലപാട് കമീഷൻ തള്ളി. വിവരം ഫയലിൽ ഉണ്ടായിരുന്നിട്ടും നല്കാതിരിക്കാനാണ് മാരിറ്റൈം ബോഡ് ശ്രമിച്ചതെന്ന് കമ്മിഷൻ പറഞ്ഞു.വിവരങ്ങൾ മേയ് 20 നകം ലഭ്യമാക്കാമെന്ന് പോർട്ട് ഓഫീസർ വിവരാവകാശ കമീഷന് എഴുതി നല്കി.

2013 മുതൽ 2023 വരെ തീ പിടുത്തമോ മറ്റോ കാരണത്താൽ തകർന്ന രജിസ്ട്രേഷനുള്ള ഹൗസ് ബോട്ടുകളിൽ എത്രയെണ്ണം പുനർ നിർമിക്കാൻ അനുമതി നൽകി, 2018-2023 കാലത്ത് ഹൗസ്ബോട്ടുകൾ പുനർ നിർമിക്കാൻ സമർപ്പിച്ച ഫോറത്തിന്റെ പകർപ്പ് തുടങ്ങിയ ഏഴ് അന്വേഷണങ്ങൾക്കുളള വിവരങ്ങൾ രേഖ പകർപ്പ് സഹിതം നൽകണമെന്നും കമീഷണർ നിർദേശിച്ചു. നടപടി വിവരം 25 നകം കമീഷന് സമർപ്പിക്കണം.

വിദ്യാഭ്യാസ ഡപ്യൂടി ഡയറക്ടർ ഓഫീസിൽ നിന്ന് കാണാനില്ലെന്ന് പറയുന്ന 10 വർഷത്തെ നിയമന ശുപാർശാരേഖകൾ, കേഡർ സ്ട്രങ്ങ്ത് രജിസ്റ്റർ, നിയമന ഉത്തരവുകൾ എന്നിവ കണ്ടെത്താൻ ചട്ട പ്രകാരം പൊലീസിൽ പരാതി നൽകി ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കാൻ കമീഷൻ നിർദേശിച്ചു. കായംകുളം കരീലക്കുളങ്ങര ഒറകാരിശേരിൽ എൻ. നസ്റിൻഖാന്റെ പരാതിയിലാണ് നിർദേശം.

കൃഷ്ണപുരം കെ.എം. ഇക്ബാൽ ഖാന്റെ പരാതി തീർപ്പാക്കാൻ കേരള ലാൻറ് ഡവലപ്മെൻറ് കോർപറേഷൻ മാനേജിങ് ഡയറക്ടർ മേയ് 23 ന് തിരുവനന്തപുരത്തെത്തി കമീഷനെ നേരിൽ കാണാൻ നിർദേശിച്ചു.

പുലിയൂർ കൃഷി ഭവനമായി ബന്ധപ്പെട്ട് പി. എസ്.ചന്ദ്രദാസിന്റെ പരാതിയിൽ കമീഷനുമുന്നിൽ ഹാജരാകാതിരുന്ന ജില്ലാ കൃഷി ഓഫീസറെ സമൻസയച്ച് വരുത്തും. മുഹമ്മ ഗ്രാമപഞ്ചായത്തിൽ വിവരം നൽകാൻ 27 രൂപക്ക് പകരം 870 ഈടാക്കിയ ഓഫീസറെ കമീഷൻ ശകാരിച്ചു. അധികമായി വാങ്ങിയ 843 രൂപ ഓഫീസർ സ്വന്തം കൈയിൽനിന്ന് തിരികെനൽകണമെന്നും കമീഷണർ എ.എ.ഹക്കിം ഉത്തരവായി.

മൂന്നു കേസുകളിൽ വിവരങ്ങൾ തൽക്ഷണം ലഭ്യമാക്കി. നാലെണ്ണത്തിൽ ഒരാഴ്ചക്കകം വിവരം നല്കാമെന്ന് ഓഫീസർമാർ എഴുതി നൽകിയത് അനുവദിച്ചു. ആകെ പരിഗണിച്ച 20 ൽ 19 കേസുകളും തീർപ്പാക്കി.

Tags:    
News Summary - Right to Information Commission to provide details of vessels within 14 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.