ജർമനിയിലേക്കുള്ള യാത്ര മുടങ്ങി; ടൂർ ഓപ്പറേറ്റർ ആറ് ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: ടൂർ പ്രോഗ്രാം അവതാളത്തിലാക്കിയ ട്രാവൽ ഓപ്പറേറ്റർ ആറ് ലക്ഷം രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. പൊളിമർ മാനുഫാക്ചേഴ്സ് അസോസിയേഷനും, എറണാകുളം സ്വദേശികളുമായ മറ്റ് മൂന്ന് പേരും സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. 

ജർമ്മനിയിലെ ഡെസൽഡോർഫിൽ നടക്കുന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂഡൽഹി യിലെ ഡെൽമോസ് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്. ഒരാളിൽ നിന്ന് 1,50,000 രൂപ ഈടാക്കിയാണ് ട്രാവൽ ഓപ്പറേറ്റർ വിദേശ ടൂർ വാഗ്ദാനം ചെയ്തത്.

എന്നാൽ സമയബന്ധിതമായി ജർമൻ വിസ ലഭ്യമാക്കാൻ ട്രാവൽ കമ്പനിക്ക് സാധിച്ചില്ല. യാത്ര നിശ്ചയിക്കപ്പെട്ട തിയതിക്ക് ശേഷമാണ് വിസ അംഗീകാരം ലഭിച്ചത്. ടൂർ ഓപ്പറേറ്ററുടെ ഭാഗത്തുനിന്നുള്ള ഈ പ്രവൃത്തി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ആരോപിച്ചാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്.

ബുക്ക് ചെയ്ത വിമാന ടിക്കറ്റ് തുക എയർലൈൻസ് കമ്പനി ട്രാവൽ ഏജൻസിക്ക് തിരിച്ചു നൽകിയെങ്കിലും ആ തുക പരാതിക്കാർക്ക് കൈമാറുന്നതിലും എതിർകക്ഷി തയാറായില്ല. ഈ സാഹചര്യത്തിലാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃതർക്ക പരിഹാര കോടതി എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനത ഉണ്ടെന്ന് കണ്ടെത്തിയത്.

ടൂറിസം രംഗത്തെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം പ്രവണതകളെ ചെറുക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ അനിവാര്യമാണെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ട്രാവൽ ഏജൻസിയുടെ സേവനത്തിനായി പരാതിക്കാർ നൽകിയ നാലര ലക്ഷം രൂപ കൂടാതെ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും 45 ദിവസത്തിനുള്ളിൽ പരാതിക്കാർക്ക് നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.

Tags:    
News Summary - Consumer Court directs tour operator to pay Rs 6 lakh compensation for aborted German trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.