ട്വന്‍റി20 മത്സര രംഗത്തില്ലാത്തത് ആരെ തുണക്കും? ശുഭ പ്രതീക്ഷയിൽ മുന്നണികൾ

കൊച്ചി: തൃക്കാക്കരയിലെ വോട്ടർമാർ ചൊവ്വാഴ്ച ബൂത്തിലേക്ക് പോകുമ്പോൾ മുന്നണി സ്ഥാനാർഥികൾക്കും നേതാക്കൾക്കും ശുഭ പ്രതീക്ഷ. വിജയം തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ് -എൽ.ഡി.എഫ് മുന്നണികൾ. ട്വന്‍റി20 മത്സര രംഗത്തില്ലാത്തതിനാൽ അവർക്ക് കഴിഞ്ഞ തവണ ലഭിച്ച 13,897 വോട്ട് ഇത്തവണ ആരെ തുണക്കുമെന്ന കണക്കുകൂട്ടലും അണിയറയിൽ നടക്കുന്നുണ്ട്. 

വിജയിക്കുമെന്ന് പറയുന്നുണ്ടെങ്കിലും 25,000ത്തിന് മുകളിൽ വോട്ട് നേടുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന ഉറപ്പാണ് എൻ.ഡി.എ നൽകുന്നത്. അതേസമയം, കാലാവസ്ഥ ചതിക്കുമോയെന്ന ആശങ്ക മൂന്ന് മുന്നണികൾക്കുമുണ്ട്.

14,329 വോട്ടിന്‍റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.ടി. തോമസിന് ലഭിച്ചത്. ഈ ഭൂരിപക്ഷം ഒരു കാരണവശാലും കുറയില്ലെന്ന് യു.ഡി.എഫ് ജില്ല ചെയർമാനും മണ്ഡലത്തിലെ വോട്ടറുമായ ഡൊമിനിക് പ്രസന്‍റേഷൻ പറയുന്നു. 70.39 ശതമാനമായിരുന്നു അന്നത്തെ പോളിങ്. 65 ശതമാനം പോളിങ്ങുണ്ടായാൽ പോലും ഈ ഭൂരിപക്ഷം നിലനിർത്താനാകും. പോളിങ് ശതമാനം വർധിക്കുംതോറും ഭൂരിപക്ഷവും വർധിക്കും. ട്വന്‍റി20 യുടെ വോട്ടിന്‍റെ നല്ല പങ്ക് യു.ഡി.എഫിനാകും ലഭിക്കുക. കാലാവസ്ഥ അനുകൂലമായാൽ വൻ ഭൂരിപക്ഷത്തോടെയാകും യു.ഡി.എഫിന്‍റെ വിജയമെന്നും ഡൊമിനിക് പ്രസന്‍റേഷൻ പറഞ്ഞു.

ശബ്ദ പ്രചാരണം അവസാനിച്ചതിനാൽ പ്രത്യേകം കാണേണ്ട വോട്ടർമാരെ സന്ദർശിച്ച് വോട്ടുറപ്പിക്കുന്ന തിരിക്കലായിരുന്നു നേതാക്കൾ. വോട്ടർമാരല്ലാത്ത നേതാക്കൾക്ക് ഞായറാഴ്ച വൈകീട്ടോടെ മണ്ഡലം വിടേണ്ടിവന്നതിനാൽ, മണ്ഡലത്തിനകത്തുള്ള മുതിർന്ന നേതാക്കളാണ് ഇതിന് നേതൃത്വം നൽകിയത്. മുന്നണികളുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളിൽ തിങ്കളാഴ്ച ഒട്ടും തിരക്കുണ്ടായിരുന്നില്ല. ഉണ്ടായിരുന്നവരാകട്ടെ അവസാന കണക്കുകൂട്ടലുകളിൽ മുഴുകിയിരുന്നു. പോളിങ് ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥർ എത്തിത്തുടങ്ങിയതോടെ ബൂത്ത് പരിധിയിലെ പ്രാദേശിക നേതാക്കൾ അതുമായി ബന്ധപ്പെട്ട തിരക്കുകളിലുമായി. ഉറച്ച വോട്ടുകൾക്ക് ഒരു ഇളക്കവും തട്ടിയിട്ടില്ലെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു.


അട്ടിമറി വിജയം ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് എൽ.ഡി.എഫ് നേതൃത്വവും പങ്കുവെക്കുന്നത്. ജനപ്രതിനിധികളടക്കം നേതാക്കളുടെ നേതൃത്വത്തിൽ മണ്ഡലം ഇളക്കിമറിച്ച് നടത്തിയ പ്രചാരണവും പ്രചാരണ രംഗത്തുനിന്ന് ലഭിച്ച പ്രതികരണവുമാണ് ആത്മവിശ്വാസത്തിന് കാരണം. യു.ഡി.എഫിന് ഉയർന്ന വോട്ടുകൾ ലഭിക്കുന്ന കേന്ദ്രങ്ങൾ ഏറെയുള്ള മണ്ഡലമാണ് തൃക്കാക്കര. മണ്ഡലത്തിന്‍റെ ഭാഗമായി കൊച്ചി നഗരസഭ പരിധിയിലുള്ള 22 ഡിവിഷനുകളിൽ 10,000ലേറെയും തൃക്കാക്കര നഗരസഭയിലാകെ 4000ത്തോളവും വോട്ടിന്‍റെ ഭൂരിപക്ഷം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ട്.

എങ്കിലും തൃക്കാക്കര നഗരസഭയിലെ ഭൂരിപക്ഷം യു.ഡി.എഫിന് സ്ഥിരമായി ലഭിക്കുന്നതല്ല. സ്വന്തം വോട്ടുകളിൽ കുറവുണ്ടാകാതെ യു.ഡി.എഫ് വോട്ടുകൾ നേടുന്നതിലൂടെ മാത്രമേ തൃക്കാക്കരയിൽ എൽ.ഡി.എഫിന് വിജയിക്കാനാവൂ. യു.ഡി.എഫിന്‍റെ പരമ്പരാഗത വോട്ടുകളിൽ വിള്ളലുണ്ടാക്കാനും നിഷ്പക്ഷ വോട്ടുകൾ സ്വന്തമാക്കാനും ഇത്തവണ കഴിഞ്ഞുവെന്നതാണ് വിജയപ്രതീക്ഷക്ക് കാരണമെന്ന് എൽ.ഡി.എഫ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ശക്തികേന്ദ്രങ്ങളിൽനിന്ന് ഇത്തവണ കുറച്ചുകൂടി വർധിച്ച വോട്ടുകളാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. വോട്ട് ചോരുന്ന കേന്ദ്രങ്ങളൊന്നും യു.ഡി.എഫിനില്ലെങ്കിലും ഒന്നോ രണ്ടോയിടങ്ങളിൽ കിട്ടിക്കൊണ്ടിരിക്കുന്നതിനേക്കാൾ അൽപം കുറഞ്ഞാലും അത് പരിഹരിക്കാനുള്ള വോട്ടുകൾ മറ്റ് പലയിടങ്ങളിലായി ഉറപ്പിച്ചിട്ടുള്ളതായി ഡൊമിനിക് പ്രസന്‍റേഷൻ പറഞ്ഞു.

തൃക്കാക്കര പോലുള്ള മണ്ഡലത്തിൽ പോളിങ്ങിലെ ഏറ്റക്കുറച്ചിലുകൾ എൽ.ഡി.എഫിന്‍റെ ജയ -പരാജയങ്ങൾ നിർണയിക്കുന്ന ഘടകമല്ലെന്ന് സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ പറഞ്ഞു. പോളിങ് ഉയർന്നാലും എൽ.ഡി.എഫിനാകും ഗുണം ചെയ്യുക. കാലാവസ്ഥ മോശമായാലും എൽ.ഡി.എഫ് വോട്ടുകളൊന്നും ചെയ്യാതെ പോകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

എൻ.ഡി.എ ആകട്ടെ ക്രൈസ്ത ന്യൂനപക്ഷങ്ങളിൽനിന്നുള്ള ഒരുവിഭാഗത്തിന്‍റെ വോട്ട് തൃക്കാക്കരയിൽ പ്രതീക്ഷിക്കുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് ഇത്തവണ ലഭിക്കുമെന്നും മുന്നണി കരുത്തുകാട്ടുമെന്നും എൻ.ഡി.എ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.

Tags:    
News Summary - thrikkakara by election polling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.