ഉമ തോമസിന് ചരിത്ര വിജയം; ആഹ്ലാദത്തിമിർപ്പിൽ യു.ഡി.എഫ്, ജനവിധിയിൽ ഞെട്ടി ഇടത്
കൊച്ചി: വാശിയും വീറും നിറഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് മിന്നും വിജയം. 25,016 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചത്. 2021ൽ പി.ടി. തോമസ് നേടിയ 14,329 വോട്ടിന്‍റെ ഭൂരിപക്ഷവും അതിന് മുമ്പ് ബെന്നി ബെഹനാൻ നേടിയ 22,406 വോട്ടിന്‍റെ ഭൂരിപക്ഷവും മറികടന്നാണ് ഉമയുടെ മിന്നും പ്രകടനം.
വോട്ട് നില: ഉമ തോമസ് -72,770. ഡോ. ജോ ജോസഫ് -47,754, എ.എൻ. രാധാകൃഷ്ണൻ -12,957.
വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിൽ പോലും ഇടത് സ്ഥാനാർഥി ജോ ജോസഫിന് മുന്നിലെത്താൻ സാധിച്ചില്ല. 12 റൗണ്ടുകളായി നടന്ന വോട്ടെണ്ണലിൽ ഓരോ റൗണ്ടിലും ആനുപാതികമായി ഉമ തോമസ് ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ടേയിരുന്നു. ഒരു മത്സരം കാഴ്ചവെക്കാൻ പോലും ഇടത് സ്ഥാനാർഥിക്ക് സാധിച്ചില്ല. ഇടത് കേന്ദ്രങ്ങളെ പാടെ ഞെട്ടിച്ചുകൊണ്ടുള്ള വിധിയാണ് തൃക്കാക്കരയിലെ വോട്ടർമാർ നൽകിയിരിക്കുന്നത്.
വാശിയേറിയ പ്രചാരണത്തിന് ശേഷവും പോളിങ് ശതമാനം ഉയരാത്തതിനാൽ വിജയിക്കുന്ന സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറവാകുമെന്നായിരുന്നു ഇരു മുന്നണിയുടെയും വിലയിരുത്തൽ. എന്നാൽ, യു.ഡി.എഫിന്‍റെ പ്രതീക്ഷകളെ പോലും വെല്ലുന്ന മുന്നേറ്റമാണ് ഉമ തോമസ് കാഴ്ചവെച്ചത്. ഡോ. ജോ ജോസഫിലൂടെ അട്ടിമറി വിജയത്തിന് തൃക്കാക്കര വേദിയാകുമെന്ന എൽ.ഡി.എഫിന്‍റെ സ്വപ്നമാണ് അസ്തമിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച 15,483 വോട്ടുകളിൽനിന്നുള്ള വർധന മാത്രമാണ് ബി.ജെ.പി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണന്റെ ലക്ഷ്യമിട്ടതെങ്കിലും വോട്ടുകൾ കുറഞ്ഞു.
സംസ്ഥാന സർക്കാറിന്‍റെ അഭിമാന പദ്ധതിയായ കെ-റെയിൽ പ്രധാന ചർച്ചയായ തെരഞ്ഞെടുപ്പായതിനാൽ, തൃക്കാക്കരയിലെ തിരിച്ചടി സർക്കാറിന്‍റെ വികസന നയങ്ങളെ ഏത് തരത്തിൽ ബാധിക്കുമെന്നത് വരുംനാളുകളിൽ കാത്തിരുന്ന് കാണേണ്ടതാണ്. പ്രത്യേകിച്ചും, കൊച്ചി നഗരത്തിന്‍റെ ഭാഗങ്ങൾ ഉൾപ്പെടുന്ന, മധ്യവർഗക്കാർ ഏറെയുള്ള തൃക്കാക്കരയിൽ ഇടത് സർക്കാറിന്‍റെ വികസന അജണ്ടകൾക്ക് സ്വീകാര്യത ലഭിക്കാതെ വന്ന സാഹചര്യത്തിൽ.
തൃക്കാക്കര വിജയിച്ച് സെഞ്ചുറിയടിക്കാൻ വന്ന മുഖ്യമന്ത്രി പിണറായി വിജയൻ ക്ലീൻ ബൗൾഡായെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. ഒരു ഭരണകൂടം മുഴുവൻ പ്രചാരണത്തിനായി രംഗത്തിറങ്ങിയിട്ടും എൽ.ഡി.എഫിനെ തൃക്കാക്കരയിലെ ജനം തള്ളിക്കളഞ്ഞു. ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനവിധിയാണിത്. വിജയം യു.ഡി.എഫിന്‍റെ ശക്തമായ മുന്നേറ്റത്തിന് തുടക്കമാകുമെന്നും എ.കെ. ആന്‍റണി പ്രതികരിച്ചു.
പ്രിയപ്പെട്ടവരെ ,
ഇത് നന്മയുടെ വിജയമാണ്!
കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണ്.
പി.ടി. പകർന്നു നൽകിയ
നീതിയുടേയും നിലപാടിന്റെയും വിജയമാണ്!!
ഈ വിജയം തൃക്കാക്കരയിലെ ഓരോ വോട്ടർമാർക്കും സമർപ്പിക്കുന്നു.
ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും
സമർപ്പിക്കുന്നു .
എല്ലാറ്റിനും ഉപരിയായി പി.ടി.യുടെ ഓർമ്മകൾക്കു മുന്നിൽ
സമർപ്പിക്കുന്നു.
കോൺഗ്രസ് പ്രസ്ഥാനവും തൃക്കാക്കരയിലെ ജനതയും എന്നിലർപ്പിച്ച വിശ്വാസം
നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന്
ഞാൻ ഉറപ്പു നൽകുന്നു.
നന്ദി....
യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്‍റെ ഭൂരിപക്ഷം കാൽ ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 25,015 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് മിന്നും വിജയം. 24,300 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിൽ വലിയ ഡെക്കറേഷൻ ഒന്നും വേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം പങ്കുവെച്ചാണ് ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഉമ തോമസ് -63,198,
ഡോ. ജോ ജോസഫ് -40,286,
എ.എൻ. രാധാകൃഷ്ണൻ -11,676
ഉമ തോമസ് -58,172,
ഡോ. ജോ ജോസഫ് -35,689,
എ.എൻ. രാധാകൃഷ്ണൻ -10,753
കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാണ് വിധിയെന്ന് സി.പി.എം നേതാവ് എം.എം. മണി. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയായിരുന്നു മുൻ മന്ത്രിയുടെ ഫേസ്ബുക് കുറിപ്പ്
പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ആത്മാര്‍ഥമായി ചെയ്തു. എന്‍റെ കഴിവിന്റെ പരമാവധി ചെയ്തു. തോല്‍വി വ്യക്തിപരമായി കാണുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കും. കൂടെ നിന്ന എല്ലാവര്‍ക്കും ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറയുന്നു. ജനഹിതത്തെ പൂര്‍ണമായി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പാകുമ്പോള്‍ ജയവും പരാജയവുമുണ്ടാകും. നിലപാടുകള്‍ മുന്നോട്ടുവെച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയതെന്നും ഡോ. ജോ ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.