നഗരസഭ കൗൺസിലർമാരെയടക്കം ആക്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ

തിരുവല്ല: നഗരസഭ കൗൺസിലർമാരെയടക്കം ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ തിരുവല്ല പൊലീസിന്‍റെ പിടിയിലായി. പെരിങ്ങോൾ വെങ്കടശ്ശേരി അഭിമന്യു (23), പെരിങ്ങോൾ വഞ്ചി പാലത്തിങ്കൽ മേനാട്ടിൽ വീട്ടിൽ സോജൻ സി. ബാബു (23), പെരിങ്ങോൾ വലിയേടത്ത് വീട്ടിൽ ജോയൽ (23) എന്നിവരാണ് പിടിയിലായത്.

നഗരസഭ താൽക്കാലിക ജീവനക്കാരനും തിരുവല്ല നഗരസഭ മുപ്പതാം വാർഡിൽ പെരിങ്ങോൾ വെങ്കടശ്ശേരി വീട്ടിൽ പ്രദീപിന്റെ വീട്ടിൽ നേരത്തെ ആക്രമണം നടന്നിരുന്നു. പ്രദീപും സഹോദരി ജ്യോതിലക്ഷ്മിയും തമ്മിൽ അതിർത്തി തർക്കം നിലനിന്നിരുന്നു. ഈ കേസ് കഴിഞ്ഞദിവസം കോടതിയിൽ തീർപ്പായിരുന്നു. ഇതിനുപിന്നാലെ പ്രദീപ് ഇന്നലെ സ്വന്തം വസ്തു വേലി കെട്ടി തിരിച്ചു. ഇതേതുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അഞ്ചംഗ സംഘം മാരകായുധങ്ങളുമായി വീടുകയറി ആക്രമണം നടത്തി.

ഇതറിഞ്ഞാണ് കൗൺസിലർ അടക്കമുള്ളവർ എത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. അഴിയിടത്തുചിറ സംക്രമത്ത് വീട്ടിൽ രാജേഷ് കുമാർ, അടിയിടത്തുചിറ തയ്യിൽ വീട്ടിൽ അജിത് കുമാർ, മുൻ വാർഡ് കൗൺസിലർ പാതിരപ്പള്ളി വീട്ടിൽ പി.എസ് മനോഹരൻ, വാർഡ് കൗൺസിലർ ജി. വിമൽ, 29 -ാം വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്.

സ്ഥലത്തെത്തിയ മനോഹരനെ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചു. പിന്നാലെയെത്തിയ രാജേഷിനെയും അജിത്തിനെയും സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു. രാജേഷിന്റെ ഇടതുകാൽ ഒടിഞ്ഞു. അജിത്തിന്റെ തലയ്ക്ക് സാരമായ പരിക്കേറ്റു. മനോഹരന്റെ മുഖത്താണ് പരിക്കേറ്റത്. തുടർന്നെത്തിയ ശ്രീനിവാസിനും വിമലിനും നേരേ അക്രമിസംഘം കല്ലേറ് നടത്തി. കാലിന് ഗുരുതര പരിക്കേറ്റ രാജേഷിനെ അടിയന്തര ശസ്ത്രക്രിയക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് എസ്.ഐ പറഞ്ഞു.

Tags:    
News Summary - Three youths who attacked municipal councilors arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.