പച്ചത്തേങ്ങ വില താഴോട്ട്, കിലോക്ക് 42 രൂപയും ഉണങ്ങിയതിന് 52 രൂപയുമാണ് ഇടിഞ്ഞത്

തിരുവനന്തപുരം: പച്ചത്തേങ്ങ വില താഴോട്ട്. ഒരു കിലോ പച്ചത്തേങ്ങക്ക് 42 രൂപയും ഉണങ്ങിയതിന് 52 രൂപയുമാണ് വിലയിടിഞ്ഞത്. ഏഴു മാസത്തിനിടെ ഒരു കിലോക്ക് 36 രൂപയാണ് കുറഞ്ഞത്. ഇതിന്റെ ചുവടുപിടിച്ച് കൊപ്രക്കും വിലയിടിഞ്ഞിട്ടുണ്ട്. കിലോക്ക് 200 രൂപയുണ്ടായിരുന്ന കൊപ്രക്ക് 150 രൂപയായി. ഉണ്ട കൊപ്രക്ക് 225 രൂപയിൽനിന്ന് 180 ആയി കുറഞ്ഞു. വെളിച്ചെണ്ണ വില ലിറ്ററിന് 260 രൂപയിലെത്തി.

തേങ്ങ ഉൽപാദനം കൂടിയതും ഗൾഫിലേക്കുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിലച്ചതുമാണ് വിലയിടിവിന് കാരണമായത്. വിലയിടിവ് കർഷകരെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില ഇനിയും താഴുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകളെന്നു വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാളികേര കർഷകർക്ക് സുവർണകാലമായിരുന്നു. വില ഉയർന്നാണ് കഴിഞ്ഞ വർഷം സർവകാല റെക്കോർഡായ 78 രൂപ വരെയെത്തിയത്.

എന്നാൽ, മാസങ്ങൾക്കിടെ 40 ശതമാനത്തിലേറെ വില കുറഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലുൾപ്പെടെ തേങ്ങ ഉൽപാദനം കൂടിയത്, യു.എസ്-ഇറാൻ യുദ്ധം തുടങ്ങിയവയാണ് വിലയിടിവിന് പ്രധാന കാരണമായി പറയുന്നത്. ഇത്തവണ ചൂട് കൂടുതലായതിനാൽ തേങ്ങ പെട്ടെന്ന് മൂപ്പെത്തിയതും വിപണിയിൽ കൂടുതൽ തേങ്ങയെത്താനും കാരണമായിട്ടുണ്ട്.

ഉണങ്ങാത്ത പച്ചത്തേങ്ങ പൊടിയാക്കി ഗൾഫിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഗൾഫിൽ യുദ്ധം കാരണം അങ്ങോട്ടുള്ള കയറ്റുമതി നിലച്ചതിനാൽ കമ്പനികൾ തേങ്ങ വാങ്ങുന്നത് നിർത്തിയതും തിരിച്ചടിയായി. നേരത്തെ വിലയിടിവുണ്ടാകുമ്പോൾ കേരഫെഡ് മുഖേന കൃഷിവകുപ്പ് പച്ചത്തേങ്ങ സംഭരണം നടത്തിയിരുന്നു. അങ്ങനെ വില പിടിച്ചുനിർത്താൻ സാധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ കാസർകോട് ജില്ലയിൽ നീലേശ്വരത്ത് മാത്രമാണ് കേരഫെഡിന്റെ സംഭരണമുള്ളത്. ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

Tags:    
News Summary - Green coconut prices down, down to Rs 42 per kg and Rs 52 for dried coconut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.