കോട്ടക്കൽ: ജില്ലയില്‍ ആഡംബര ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് എം.ഡി.എം.എ പോലുള്ള മാരകമായ ലഹരിമരുന്നിന്‍റെ ഉപയോഗവും വില്‍പനയും നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റിൽ. വേങ്ങര ചെറൂര്‍ സ്വദേശികളായ ആലുക്കല്‍ സഫ് വാന്‍(29), മുട്ടുപറമ്പന്‍ അബ്ദുള്‍റൗഫ് (28), കോലേരി ബബീഷ് (29) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി കെ.എം. ബിജു, കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍ എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ മൈത്രി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലാറ്റില്‍ എസ്.ഐ പി.ടി. സെയ്ഫുദ്ദീനും ഡാന്‍സാഫ് സ്ക്വാഡും രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്.
ഇതിൽ അബ്ദുറഊഫിനെ മുന്‍പ് രണ്ട് തവണ എം.ഡി.എം.എയുമായി പൊലീസും എക്സൈസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ഇടപാട് തുടങ്ങിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് വന്‍തോതില്‍ എം.ഡി.എം.എ കച്ചവടം നടത്തിവന്നിരുന്നതായി അന്വേഷണസംഘത്തിന് ബോധ്യമായി. ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ ടൗണിനോട് ചേര്‍ന്നുള്ള ഫ്ലാറ്റുകള്‍ വാടകയ്ക്കെടുത്താണ് ലഹരിവില്‍പന സംഘം പ്രവര്‍ത്തിക്കുന്നത്. ഇവിടെ വെച്ച് പാക്കറ്റുകളിലാക്കി ഗ്രാമിന് 3,000 മുതല്‍ വിലയിട്ടാണ് വിൽപന. ആവശ്യക്കാര്‍ക്ക് കോട്ടക്കല്‍ ടൗണിലും ബൈപ്പാസിലും എത്തിച്ചുനൽകുകയാണ് പതിവ്.
തൂക്കുന്നതിനുള്ള ചെറിയ ഇലക്ട്രോണിക് ത്രാസും മൊബൈല്‍ ഫോണുകളും എണ്‍പതിനായിരത്തിലധികം രൂപയും പിടിച്ചെടുത്തു. ലഹരിക്കടത്തുസംഘത്തിലെ മറ്റു കണ്ണികളെകുറിച്ച് വിവരം ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ വിഷ്ണു, മുഹന്നദ്, ഡാന്‍സാഫ് സ്ക്വാഡ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.