???????????? ????????????

ആർ.എസ്.എസ് നേതാവിനെ വെട്ടിക്കൊന്ന കേസിൽ യഥാർഥ പ്രതി കാൽനൂറ്റാണ്ടിന് ശേഷം അറസ്​റ്റിൽ

തൃശൂർ: ആർ.എസ്.എസ് നേതാവ് തൊഴിയൂർ സുനിലിനെ വെട്ടിക്കൊന്ന കേസിൽ യഥാർഥ പ്രതി കാൽനൂറ്റാണ്ടിന് ശേഷം അറസ്​റ്റിൽ. ‘ജംഇയ്യത്തുൽ ഹിസാനിയ’ പ്രവർത്തകൻ ചാവക്കാട് പാലയൂർ കറുപ്പം വീട്ടിൽ മൊയ്തു എന്ന മൊയ്‌നുദ്ദീൻ (49) ആണ് അറസ്​റ്റിലായത്.
സി.പി.എം പ്രവർത്തകരെ പ്രതികളാക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ച് വെറുതെ വിട്ട ശേഷമാണ് യഥാർഥ പ്രതി ക്രൈം ബ്രാഞ്ച്​ പിടിയിലായത്. 2012ലാണ് പ്രതികൾ സി.പി.എം പ്രവർത്തകരല്ലെന്നും തീവ്രവാദ സംഘടനയായ ജംഇയ്യത്തുൽ ഹിസാനിയയാണ് പിന്നിലെന്നും ക്രൈംബ്രാഞ്ചിലെ പ്രത്യേക സ്ക്വാഡിന് സൂചന ലഭിച്ചത്.

1994 ഡിസംബർ നാലിന് പുലർച്ചെയായിരുന്നു കൊലപാതകം. ആർ. എസ്.എസ് കാര്യവാഹക് തൊഴിയൂർ മനങ്കുളം വീട്ടിൽ സുനിൽ, സഹോദരൻ സുബ്രഹ്മണ്യൻ, അച്ഛൻ, അമ്മ, മൂന്നുസഹോദരിമാർ എന്നിവരെ വീട്ടിലെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. സുനിലിനെ വെട്ടിക്കൊന്നു. ശബ്​ദം കേട്ട് ഉണർന്ന സുബ്രഹ്മണ്യ​​​െൻറ ഇടതുകൈ അറുത്തെടുത്തു. സി.പി.എം പ്രവർത്തകരാണ് പ്രതികളെന്ന് ആരോപണമുയർന്നു.

12 പേരെ ലോക്കൽ പൊലീസ് പിടികൂടി. സി.പി.എം പ്രവർത്തകരായിരുന്ന വി.ജി. ബിജി, ബാബുരാജ്, അനുഭാവികളായ ഹരിദാസ്, റഫീഖ്​, ജയ്സൺ, ജയിംസ് ആളൂർ, ഷെമീർ, അബൂബക്കർ, സുബ്രഹ്മണ്യൻ എന്നിവരെ പ്രതികളാക്കി. വി.ജി. ബിജി, ബാബുരാജ്, റഫീഖ്​, ഹരിദാസൻ എന്നിവരെ 1997 മാർച്ചിൽ തൃശൂർ അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കണ്ണൂർ ജയിലിൽ പ്രതികൾ ശിക്ഷ അനുഭവിക്കുന്നതിനിടെ 2012 ല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡി​​െൻറ അന്വേഷണത്തിലാണ് സുനിൽ വധത്തിൽ തീവ്രവാദ സംഘടനക്ക്​ പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇതി​​​െൻറ അടിസ്ഥാനത്തില്‍ പ്രതികൾ ഹൈകോടതിയിൽ അപ്പീൽ നൽകി.
അന്വേഷണസംഘത്തി​​െൻറ റിപ്പോർട്ട‌് പരിശോധിച്ച കോടതി പ്രതികളായ ബിജി, ബാബുരാജ‌്, റഫീഖ‌്, ഹരിദാസ് എന്നിവരെ കുറ്റവിമുക്തരാക്കി. ഇതിനിടയിൽ മൂന്ന് വർഷത്തിലധികം ഇവർ ശിക്ഷയനുഭവിച്ചിരുന്നു. കേസ‌് പരിഗണിച്ച ജസ‌്റ്റിസ‌് ദിനകർ, ശങ്കരനാരായണൻ എന്നിവരടങ്ങിയ ബെഞ്ച‌് ജം ഇയ്യത്തുൽ ഹിസാനിയ നടത്തിയെന്നാരോപിക്കുന്ന എട്ട് കൊലപാതകങ്ങളും പുനരന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് 2017 ല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസില്‍ ആദ്യ പ്രതിയാണ് ഇപ്പോള്‍ പിടിയിലായ മൊയ്നുദ്ദീൻ.

തീരദേശത്ത് നടന്ന വാടാനപ്പളളി രാജീവ് വധക്കേസ്, മതിലകം സന്തോഷ് വധക്കേസ് എന്നീ അന്വേഷണത്തിലാണ് സെയ്തലവി അൻവരി എന്നയാളുടെ നേതൃത്വത്തിലുളള ജം ഇയ്യത്തുൽ ഹിസാനിയ എന്ന സംഘടനയിലെ അംഗങ്ങളാണ്​ പ്രതികൾ എന്ന്​ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്​ വിവരം ലഭിച്ചത്.

ഡിവൈ. എസ്.പി കെ. എ. സുരേഷ് ബാബുവി​​​െൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഗുരുവായൂർ പൊലീസ് നടത്തിയ അന്വേഷണം തെറ്റായ രീതിയിലായിരുന്നുവെന്നും പ്രതികൾ നിരപരാധികളാണെന്നും തെളിഞ്ഞു. സാക്ഷിമൊഴികളും രേഖകളും രേഖപ്പെടുത്തി ശാസ്ത്രീയ അന്വേഷണത്തിൽ യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞു. സുനിലി​​​െൻറ വീട് കാണിച്ച് കൊടുക്കുകയും അക്രമത്തിൽ പങ്കെടുക്കുകയും ചെയ്തത് മൊയ്‌നുദ്ദീനായിരുന്നു. മറ്റ് പ്രതികളെ ഉടൻ അറസ്​റ്റ്​ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
സി.ഐ കെ.എം. ബിജു, ക്രൈംബ്രാഞ്ചിലെ അജിത്ത്, വിനോദ് കുമാർ, മലപ്പുറം ക്രൈംബ്രാഞ്ചിലെ പ്രമോദ്, ജയപ്രകാശ്, രാജേഷ് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. എസ്.പി. സുദർശനാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്. ശിക്ഷിക്കപ്പെട്ട ബിജി, ബാബുരാജ് എന്നിവർ സജീവ സി.പി.എം പ്രവർത്തകരാണ്.


ക്രൈം ബ്രാഞ്ച് പൊളിച്ചത് പൊലീസി​​െൻറ കെട്ടുകഥ
തൃശൂർ: 25 വർഷത്തിന് ശേഷം ആർ.എസ്.എസ് നേതാവി​​​െൻറ കൊലപാതകക്കേസിൽ യഥാർഥ പ്രതി പിടിയിലാവുമ്പോൾ, ക്രൈംബ്രാഞ്ച് സംഘം പൊളിച്ചത് പൊലീസ് തയാറാക്കിയ കഥ. നിരവധി കുടുംബങ്ങൾ വർഷങ്ങൾക്കിപ്പുറവും ആ വേദനയിൽ നിന്ന് മോചിതരായിട്ടില്ല.

തൊഴിയൂർ സുനിലിനെ വെട്ടിക്കൊന്ന കേസിൽ പ്രതി ചേർക്കപ്പെട്ടയാളുടെ സഹോദരിയുടെ വിവാഹ ജീവിതം പോലും പൊലീസി​​​െൻറ വഴിപിഴച്ച അന്വേഷണത്തിൽ താറുമാറായി. അന്ന് ബി.ജെ.പി നേതൃത്വവും പൊലീസി​​െൻറ കണ്ടെത്തലുകളെ തള്ളിയിരുന്നു.
സംസ്ഥാനത്തുൾപ്പെടെ രാഷ്​ട്രീയ സംഘർഷം സജീവമായിരുന്ന കാലമായിരുന്നു. തൃശൂരിൽ ബി.എം.എസ്. നേതാവിന് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവത്തി​​​െൻറ പ്രതികാരം തീർത്തതാണെന്ന വിലയിരുത്തലിലായിരുന്നു അന്ന് കേസ് അന്വേഷിച്ച പൊലീസും യു.ഡി.എഫ് സർക്കാറും. കൃത്യമായ അന്വേഷണം നടത്തിയില്ലെന്ന് മാത്രമല്ല, പൊലീസി​​െൻറ കണ്ടെത്തലുകൾ വ്യാജമായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. ആർക്കോ വേണ്ടി പൊലീസിലുള്ളവർ കളിച്ചുവെന്ന ആക്ഷേപവും ശക്തമായിരുന്നു.

വിവാദമായ കേസി​​െൻറ രേഖകൾ കൈവശമില്ലെന്നാണ് വിവരാവകാശപ്രകാരം മറുപടി നൽകിയത്. കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെടുകയും, പിന്നീട് കുറ്റമുക്തരാക്കുകയും ചെയ്ത കേസിൽ നക്ഷ്​ടപരിഹാരം അനുവദിക്കണമെന്നും, യഥാർഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ശിക്ഷയനുഭവിച്ച ബിജിയും ബാബുരാജും 2013ൽ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഈ നിവേദനത്തിന് നൽകിയ മറുപടിയിലാണ് കേസുമായി ബന്ധപ്പെട്ട രേഖകൾ സ്​റ്റേഷനിൽ നിന്നും കാണാതായ വിവരം അറിയിച്ചത്.

കേസുമായി ബന്ധപ്പെട്ട് സ്​റ്റേഷനിൽ സൂക്ഷിക്കേണ്ട ജി.ഡി ഫയൽ, വിധിപകർപ്പുകളടക്കമുള്ളവയാണ് സ്​റ്റേഷനിൽ നിന്ന്​ കാണാതായത്. സ്പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഗുരുവായൂർ സ്​റ്റേഷനിൽ നിന്ന്​ രേഖകൾ കണ്ടെത്താനായില്ലെന്നായിരുന്നു അണ്ടർ സെക്രട്ടറിയുടെ കത്തിൽ വ്യക്തമാക്കിയിരുന്നത്. വർഷങ്ങൾക്കിപ്പുറവും ചെയ്യാത്ത കുറ്റത്തിന് ജയിൽശിക്ഷ അനുഭവിച്ച ഇവർക്ക് നഷ്​ടപരിഹാരം ലഭിച്ചിട്ടില്ല.

Full View
Tags:    
News Summary - thozhiyoor sunil murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.