തോമസ് മാർ അത്തനാസിയോസ് ട്രെയിനിൽ നിന്ന്​ വീണ്​ മരിച്ചു

കൊച്ചി: മലങ്കര ഓർത്തഡോക്​സ്​​ സുറിയാനി സഭയിലെ മുതിർന്ന മെത്രാപ്പോലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ്​ മാർ അത്തനാസിയോസ്​ (80) ട്രെയിനിൽനിന്ന്​ വീണു മരിച്ചു. വെള്ളിയാഴ്​ച രാവിലെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടി പാലത്തിനരികെയാണ്​ അപകടം​. ഗുജറാത്തിൽ ​താൻ മുൻകൈയെടുത്ത്​ നടത്തുന്ന സ്​കൂളുകൾ സന്ദർശിച്ച​ു മടങ്ങുകയായിരുന്നു. എറണാകുളം സൗത്​​ സ്​റ്റേഷനിൽ ഇറങ്ങേണ്ട അദ്ദേഹം വാതിലിന്​ സമീപം നിൽക്കുന്നതിനിടെ തെറിച്ചുവീഴുകയായിരുന്നു. റെയിൽവേ സ്​റ്റേഷനിൽ കാത്തുനിന്ന സഹായിയും ഡ്രൈവറും ഫോണിൽ വിളിച്ചു കിട്ടാതെവന്നതിനെത്തുടർന്ന്​ പൊലീസും നാട്ടുകാരും​ ചേർന്ന്​ നടത്തിയ തിരച്ചിലിലാണ്​ റെയിൽവേ ട്രാക്കിന്​ സമീപം മൃതദേഹം കണ്ടെത്തിയത്​. കബറടക്കം ഞായറാഴ്​ച മൂന്നിന്​ തിരുവല്ലക്കടുത്ത്​ ഒാതറയിലെ ദയറായിൽ​ പ്രത്യേകം തയാറാക്കിയ കബറിടത്തിൽ.

എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്​റ്റ്​​മോർട്ടത്തിന്​ ശേഷം ഉച്ചക്ക്​ 12.45 മുതൽ അര മണിക്കൂർ എറണാകുളം സ​​െൻറ്​ മേരീസ് കത്തീഡ്രലിൽ  പൊതുദർശനത്തിന്​ ​െവച്ചു. തുടർന്ന്​ വിലാപയാത്രയായി ഭദ്രാസന ആസ്​ഥാനമായ ചെങ്ങന്നൂർ ബഥേൽ അരമനയിലേക്ക്​ കൊണ്ടുപോയി. ശനിയാഴ്ച രാവിലെ കുർബാനക്കുശേഷം പുത്തൻകാവ് കത്തീഡ്രലിൽ പൊതുദർശനത്തിന്​ വെക്കും. ഞായറാഴ്ച 12 മണിയോടെ വിലാപയാത്രയായി ഓതറ ദയറായിലേക്ക് കൊണ്ടുപോകും. സംസ്​കാര ശുശ്രൂഷകൾക്ക് ബസേലിയോസ്​ മാർത്തോമ പൗലോസ്​ ദ്വിതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും.  

ആലപ്പുഴ ജില്ലയിലെ പുത്തൻകാവിൽ കിഴക്കേതലയ്ക്കൽ കെ.ടി. തോമസി​​െൻറയും ഏലിയാമ്മയുടെയും മകനായി 1938 ഏപ്രിൽ മൂന്നിനാണ്​  അത്തനാസിയോസ് ജനിച്ചത്​. പുത്തൻകാവിലും ആലപ്പുഴയിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി കോട്ടയം എം.ടി സെമിനാരി, സി.എം.എസ്​ കോളജ്, എസ്​.ബി കോളജ് ചങ്ങനാശ്ശേരി, എൻ.എസ്​.എസ്​ കോളജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. സെറാമ്പൂർ കോളജിൽനിന്ന്​ വേദശാസ്​ത്രത്തിൽ ബിരുദവും, ബറോഡ എം.എസ്​ സർവകലാശാലയിൽനിന്ന്​ വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദവും നേടി.  

1985ൽ ചെങ്ങന്നൂർ ഭദ്രാസനം രൂപവത്​കരിച്ചതു മുതൽ  ചുമതല വഹിച്ച അദ്ദേഹം സഭ എപ്പിസ്​ക്കോപ്പൽ സുന്നഹദോസ്​ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. എം.ഡി സ്​കൂൾസ്​ കോർപറേറ്റ് മാനേജർ, അഖില മലങ്കര ബാലസമാജം പ്രസിഡൻറ്, പ്രാർഥനയോഗം പ്രസിഡൻറ്, അക്കൗണ്ട്സ്​ കമ്മിറ്റി പ്രസിഡൻറ്, ഫിനാൻസ്​ കമ്മിറ്റി പ്രസിഡൻറ് തുടങ്ങിയ സ്​ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മഹാരാഷ്​ട്ര, രാജസ്​ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ ആരാധനാലയങ്ങളും വിദ്യാലയങ്ങളും സ്​ഥാപിക്കാൻ മുൻകൈയെടുത്തു. സഭാ പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിച്ചുവന്ന അദ്ദേഹം സഭയുടെ വിഷ്വൽ മീഡിയ കമ്യൂണിക്കേഷൻ പ്രസിഡൻറായി പ്രവർത്തിച്ചുവരുകയായിരുന്നു.


 

Tags:    
News Summary - Thomas Mar Athanasius death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.