കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്‍റണി രാജുവിന്‍റെ ശ്രമമാണ് ആരോപണത്തിന് പിന്നിൽ -തോമസ് കെ. തോമസ്

ആലപ്പുഴ: ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എൻ.സി.പിയിലേക്ക് കൂറുമാറ്റാൻ രണ്ട് എൽ.ഡി.എഫ് എം.എൽ.എമാർക്ക് താൻ 100 കോടി വാഗ്ദാനം നൽകിയെന്ന ആരോപണം കള്ളമെന്ന് എൻ.സി.പി (ശരദ് പവാർ) എം.എൽ.എ തോമസ് കെ. തോമസ്. കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്‍റണി രാജുവിന്‍റെ ശ്രമമാണ് ആരോപണത്തിന് പിന്നിലെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

'100 കോടി രൂപ വാങ്ങി എം.എൽ.എമാരെ വാങ്ങിയിട്ട് എന്തുചെയ്യാനാണ്. ഞാൻ മന്ത്രിയാകുമെന്ന ഘട്ടത്തിലാണ് ആരോപണം വന്നത്. മുഖ്യമന്ത്രി എന്നെ അവിശ്വസിക്കുമെന്ന് തോന്നുന്നില്ല. മന്ത്രിസ്ഥാനം നിഷേധിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പ് കാരണമാണ് വൈകുന്നത്. ഈ ആരോപണത്തിൽ കോവൂർ കുഞ്ഞുമോൻ ശക്തമായ മറുപടി നൽകിയിട്ടുണ്ട്. ആന്‍റണി രാജു പറഞ്ഞത് നിയമസഭ ലോബിയിൽ വെച്ച് സംസാരിച്ചെന്നാണ്. നിയമസഭ ലോബിയാണോ 100 കോടിയുടെ വാഗ്ദാനം നൽകാനുള്ള സ്ഥലം? ആരോപണങ്ങൾക്ക് പിന്നിൽ ആന്‍റണി രാജുവാണ്. അദ്ദേഹത്തിന് വൈരാഗ്യം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കോഴ ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണം' -തോമസ് കെ. തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

എൽ.ഡി.എഫിലെ ഏകാംഗ കക്ഷി എം.എൽ.എമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി-ലെനിനിസ്റ്റ്) എന്നിവർക്ക് ഏഴുമാസം മുമ്പ് 50 കോടി വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഇക്കാര്യം ആന്റണി രാജു സ്ഥിരീകരിച്ചുവെങ്കിലും കോവൂർ കുഞ്ഞുമോൻ നിഷേധിച്ചിട്ടുണ്ട്. 

Tags:    
News Summary - Thomas K Thomas press meet alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.