മുംബൈ/ തിരുവനന്തപുരം: തോമസ് കെ. തോമസ് എൻ.സി.പി കേരള സംസ്ഥാന അധ്യക്ഷനായേക്കും. ശരദ് പവാറുമായി സംസ്ഥാന നേതാക്കൾ മുംബൈ, വൈ.ബി. ചവാൻ സെന്ററിൽ നടത്തിയ ചർച്ചയിൽ ധാരണയായതായാണ് സൂചന. തോമസ് കെ. തോമസ്, പി.സി. ചാക്കോ, മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവരാണ് പവാറിനെ കണ്ടത്.
പാർട്ടി സംസ്ഥാന അധ്യക്ഷനാകാനില്ലെന്ന് ചാക്കോ വ്യക്തമാക്കിയതോടെ താനാകാമെന്ന് തോമസ് കെ. തോമസ് അറിയിക്കുകയായിരുന്നു. ഇതിനെ ശശീന്ദ്രൻ അനുകൂലിച്ചു. എന്നാൽ, കേരളത്തിലെ മറ്റ് നേതാക്കളുമായി ആലോചിച്ചും നടപടിക്രമങ്ങൾ പാലിച്ചുമേ പ്രഖ്യാപിക്കാവൂ എന്ന് ചാക്കോ നിലപാട് വ്യക്തമാക്കി. ഇതോടെ 25ന് കേരളത്തിൽ കൂടിയാലോചിച്ചശേഷം അധ്യക്ഷനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചു. മുൻ മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന പാർട്ടി നേതാവുമായ ജിതേന്ദ്ര ആവാദിനെ നിരീക്ഷകനായി കേരളത്തിലേക്ക് അയക്കും. അധ്യക്ഷൻ ആരെന്ന് 25 ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ച പി.സി. ചാക്കോ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി തുടരുമെന്നുമാണ് ധാരണ. അതേസമയം സംസ്ഥാന ഭാരവാഹി യോഗത്തിൽ ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം. തോമസ് കെ. തോമസിനെ സംസ്ഥാന പ്രസിഡന്‍റാക്കണമെന്നതായിരുന്നു എ.കെ. ശശീന്ദ്രൻ വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ, സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം. സുരേഷ്ബാബുവിന്‍റെ പേരാണ് പി.സി. ചാക്കോ നിർദേശിച്ചത്. ചാക്കോക്ക് പിന്നാലെ, കോൺഗ്രസിൽനിന്ന് എൻ.സി.പിയിലേക്ക് എത്തിയയാളാണ് സുരേഷ് ബാബു. സംഘടന പ്രശ്നങ്ങളും സമ്മര്‍ദവും ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ചാക്കോ രാജിവെച്ചത്.
ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള നീക്കങ്ങൾ തിരിച്ചടിയായതോടെയാണ് ചാക്കോയുടെ കാലിടറാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.