തൊടുപുഴയിൽ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചു; ​എല്‍.ഡി.എഫ് ഭരണസമിതി പുറത്ത്, ബി.​ജെ.പിയിൽ പൊട്ടിത്തെറി

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസായി. എല്‍.ഡി.എഫ് ഭരണ സമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പിയുടെ നാല് അംഗങ്ങളാണ് പിന്തുണച്ചത്. ഇതോടെ 35 അംഗ നഗരസഭാ കൗണ്‍‌സിലിൽ 12നെതിരെ 18 വോട്ടുകൾക്ക് പ്രമേയം പാസായി. അതേസമയം, സംഭവം ബി.ജെ.പിയിൽ പൊട്ടിത്തെറിക്ക് ഇടയാക്കി. വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ജിതേഷ് ഇഞ്ചക്കാട്ട്, ടി എസ് രാജന്‍, കവിതാ വേണു, ജിഷാ ബിനു എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തു.

നഗരസഭയില്‍ ബി.ജെ.പിക്ക് ആകെ എട്ടംഗങ്ങളാണുള്ളത്. ഇതില്‍ നാലുപേർ യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ ബാക്കിയുള്ളവർ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം മറികടന്നാണ് നാലുപേർ അവിശ്വാസത്തെ പിന്തുണച്ചത്. മറ്റൊരു മെമ്പറായ ബിന്ദു പത്മകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല. പി.ജി. രാജശേഖരന്‍, ശ്രീലക്ഷ്മി സുദീപ്, ജയ ലക്ഷ്മി ഗോപന്‍ എന്നിവർ പാർട്ടി വിപ്പ് അനുസരിച്ച് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

ബി.ജെ.പി - യു.ഡി.എഫ് ബന്ധത്തിന്റെ പരസ്യമായ തെളിവാണ് തൊടുപുഴയിലേതെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. ബി.ജെ.പി വിപ്പ് നല്‍കിയെങ്കിലും അവിശ്വാസം പ്രമേയം പാസാകുന്നതിനുള്ള കൃത്യമായ വോട്ടുകള്‍ മറിക്കാനുള്ള ധാരണ ഇരുകക്ഷികള്‍ക്കും ഇടയിലുണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു.

2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. യു.ഡി.എഫ് -13, എല്‍.ഡി.എഫ്- 12, ബി.ജെ.പി -8 , ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് തൊടുപുഴയിലെ കക്ഷി നില. യു.ഡി.എഫ് വിമതൻ സനീഷ് ജോർജ്ജിന്റെ മുന്നണിയിൽ എത്തിച്ചാണ് എല്‍.ഡി.എഫ് ഭരണം പിടിച്ചത്. സനീഷ് ജോർജ്ജിന് ചെയർമാന്‍ പദവി നല്‍കുകയായിരുന്നു. വൈസ് പ്രസിഡന്റ് പദവി നൽകി യു.ഡി.എഫ് സ്വതന്ത്രയായ ജെസി ജോണിനെയും എൽ.ഡി.എഫ് ഒപ്പം കൂട്ടിയിരുന്നു. 

Tags:    
News Summary - thodupuzha municipality no confidence motion passed with bjp support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.