ഇത്തവണ മത്സരം എൻ.ഡി.എയും എൽ.ഡി.എഫും തമ്മിൽ; യു.ഡി.എഫ് ചിത്രത്തിലില്ല -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരം എൻ.ഡി.എയും എൽ.ഡി.എഫും തമ്മിലാണെന്നും യു.ഡി.എഫ് ചിത്രത്തിലില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പിണറായി വിജയന്‍റെ അഴിമതിയും ഏകാധിപത്യവും നേരിടാൻ യു.ഡി.എഫിനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ദേശീയ ജനാധിപത്യ സഖ്യം മാത്രമാണ് ഇടതുപക്ഷത്തിന് ബദൽ. ദേശീയതലത്തിലെ പോലെ കോൺഗ്രസ് തകർന്നു തരിപ്പണമായി കഴിഞ്ഞു. ഐക്യമുന്നണിയിൽ ലീഗിന്‍റെ അപ്രമാദിത്വമാണുള്ളത്. കാലാകാലങ്ങളായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന ക്രൈസ്തവ ന്യൂനപക്ഷത്തിന് ഇതിൽ വലിയ ആശങ്കയാണുള്ളത്. കേരളാ കോൺ​ഗ്രസിന്‍റെ മുന്നണി മാറ്റത്തോടെ മധ്യതിരുവിതാംകൂറിൽ കോൺ​ഗ്രസ് ദുർബലമായി കഴിഞ്ഞു. കോഴക്കേസിൽ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കുടുംബവും നിലവിളിച്ചെന്ന വെളിപ്പെടുത്തൽ ലജ്ജാകരമായ അവസ്ഥയിലേക്ക് യു.ഡി.എഫിനെ എത്തിച്ചു.

ഇത്തവണ ഇടതുപക്ഷവും ദേശീയ ജനാധിപത്യ സഖ്യവും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരിക്കും. രണ്ട് പ്രധാന മുന്നണികളും ഒരുപോലെ പ്രതിസന്ധിയിലായ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. അഴിമതി പ്രധാന ചർച്ചാ വിഷയമാകുമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

അഴിമതി പരമ്പരകൾ കേരളം കെട്ടിപ്പൊക്കിയ പ്രതിച്ഛായ തകർത്തു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾ വന്നതോടെയാണ് അഴിമതി ഓരോന്നായി പുറത്തു വരാൻ തുടങ്ങിയത്. കേന്ദ്രത്തിൽ മോദിയുള്ളതുകൊണ്ടാണ് അന്വേഷണം നല്ലരീതിയിൽ നടക്കുന്നത്. കോൺ​ഗ്രസായിരുന്നെങ്കിൽ കേസുകൾ ഒത്തുതീർത്ത് കൊള്ളമുതൽ പങ്കിട്ടെടുത്തേനെയെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - this time fight between nda and ldf says k surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.