തിരുവനന്തപുരം: സംസാരിക്കുന്നതിന് സമയം അനുവദിക്കുന്നതിനെ ചൊല്ലി നിയമസഭയിൽ സ്പീക്കർ എ.എൻ. ഷംസീർ- മാത്യു കുഴൽനാടൻ വാക്പോര്. ചോദ്യോത്തരവേളയിൽ മാത്യു കുഴൽനാടൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനോട് ചോദ്യമുന്നയിക്കുന്ന വേളയിൽ ചോദ്യം 30 സെക്കൻഡിനുള്ളിൽ തീർക്കണമെന്ന ഷംസീറിന്‍റെ നിർദേശമാണ് ഇരുവരും തമ്മിലുള്ള ഉടക്കിലേക്ക് നീങ്ങിയത്.
ചോദ്യം മുഴുവൻ ചോദിക്കാൻ സമയം വേണമെന്ന മാത്യു കുഴൽ നാടന്‍റെ ആവശ്യത്തോട് പ്രസംഗം നടത്താൻ അനുവദിക്കില്ലെന്ന് സ്പീക്കർ പറഞ്ഞു. 45 സെക്കൻഡ് വരെ അംഗങ്ങൾക്ക് ചോദ്യം ചോദിക്കാൻ നൽകുന്നുണ്ട്. കുഴൽനാടന് കൂടുതൽ ചോദ്യം ചോദിക്കണമെങ്കിൽ വേറെ സമയത്ത് ആകാമെന്നും ചോദ്യോത്തരവേളയിൽ സമയം പാലിക്കണമെന്നും സ്പീക്കർ നിർദേശിച്ചു. എന്നാൽ, മന്ത്രി പറഞ്ഞതിലെ തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്ന് കുഴൽനാടൻ പറഞ്ഞെങ്കിലും സ്പീക്കർ വഴങ്ങിയില്ല. തുടർന്ന്, വീണ്ടും സംസാരിച്ച കുഴൽനാടനോട് ഒരൊറ്റ ചോദ്യമേ ചോദിക്കാൻ കഴിയൂവെന്നും മാത്യുവിന്‍റെ എല്ലാ ചോദ്യവും ചോദ്യോത്തരവേളയിലല്ല ചോദിക്കേണ്ടതെന്നും പറഞ്ഞ് സ്പീക്കർ കയർത്തു. വീണ്ടും ധനമന്ത്രിയോട് ചോദ്യം ഉന്നയിക്കാൻ കുഴൽനാടൻ ശ്രമിച്ചെങ്കിലും ഷംസീർ സമ്മതിച്ചില്ല. പകരം ചോദ്യത്തിന് മറുപടി പറയാൻ ധനമന്ത്രിയെ ക്ഷണിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത എം. വിന്‍സന്‍റിനോടും സ്പീക്കർ ക്ഷോഭിച്ചു. ചോദ്യത്തിന് സമയപരിധി നിശ്ചയിക്കുന്നുണ്ടെങ്കിൽ മന്ത്രിമാരുടെ ഉത്തരത്തിനും സമയപരിധി വേണമെന്നായിരുന്നു വിൻസെന്‍റിന്‍റെ ആവശ്യം. എന്നാൽ, ചോദ്യോത്തരവേളയിൽ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന നിലപാട് സ്പീക്കർ കടുപ്പിച്ചതോടെ വിൻസെന്‍റ് അയഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.