തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ എൽ.ഡി.എഫ് പിന്തുണക്കില്ലെന്ന് സൂചന. ആവശ്യവുമായി യു.ഡി.എഫ് സമീപിച്ചിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞു. യു.ഡി.എഫുമായി ചേർന്ന് അവിശ്വാസ പ്രമേയം കൊടുക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് എൽ.ഡി.എഫ് നയപരമായ തീരുമാനം കൈക്കൊള്ളേണ്ടതായിട്ടുണ്ട്. ഇതുവരെ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നും വി. ജോയ് പറഞ്ഞു.
ബി.ജെ.പി ഭരണസമിതിക്കെതിരെ ആര് അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും എതിർക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞദിവസം വി. ശിവൻകുട്ടി പറഞ്ഞിരുന്നു. നാളെയാണ് കൗൺസിൽ യോഗം.അവിശ്വാസ പ്രമേയത്തെ പിന്തുണക്കാത്തത് എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ധാരണയാണെന്ന് യു.ഡി.എഫ് കൗൺസിലർ കെ.എസ്. ശബരീനാഥൻ ആരോപിച്ചു. എൽ.ഡി.എഫിന്റെ കരാർ നിയമനങ്ങൾ റദ്ദാക്കുമെന്ന ഭയം കാരണമാണ് ഇതെന്നും ശബരീനാഥൻ ആരോപിച്ചു.
കോർപറേഷനിലെ ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഒരുങ്ങുന്നത്. എന്നാൽ, എൽ.ഡി.എഫ് പിന്തുണക്കില്ലെന്ന് വ്യക്തമായതോടെ പ്രമേയത്തിന്റെ സാധ്യത മങ്ങുകയായിരുന്നു. സ്വതന്ത്രൻ സുധീഷ് കുമാറും പ്രമേയത്തെ പിന്തുണക്കാൻ തയാറായിട്ടില്ലെന്നാണ് സൂചന.
101 അംഗ കോർപറേഷനിൽ 50 സീറ്റുള്ള ബി.ജെ.പി ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ഭരിക്കുന്നത്. യു.ഡി.എഫിന് 20 സീറ്റും എൽ.ഡി.എഫിന് 29 സീറ്റുമാണുള്ളത്. യു.ഡി.എഫ് വിമതനായി മത്സരിച്ച മറ്റൊരു സ്വതന്ത്രനുമുണ്ട്. ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ കാപ്പ കേസിൽ ജയിലിലാണ്. ഈ സാഹചര്യത്തിൽ യു.ഡി.എഫും എൽ.ഡി.എഫും യു.ഡി.എഫ് വിമതനായി മത്സരിച്ച സ്വതന്ത്രനും കൈകോർത്താൽ 50 പേർ ഭരണപക്ഷത്തിനെതിരെ വോട്ട് ചെയ്യുന്ന സ്ഥിതിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.