തിരുവനന്തപുരം :തീരദേശമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾക്കും പരാതികൾക്കും പരിഹാരനടപടി സ്വീകരിക്കുന്നതിനും സർക്കാരിന്റെ വികസനക്ഷേമപ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തീരസദസ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തിരുവനന്തപുരം പൊഴിയൂർ ഗവ.യു.പി സ്‌കൂളിൽ വൈകിട്ട് നാലിനാണ് പരിപാടി. തീരദേശത്തെ കേൾക്കാൻ ചേർത്ത് പിടിക്കാൻ തീരസദസ്സ് പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 7,632 അപേക്ഷകൾ ലഭിച്ചു. നെയ്യാറ്റിൻകര, കോവളം, നേമം, തിരുവനന്തപുരം, കഴക്കൂട്ടം, ചിറയിൻകീഴ്, വർക്കല തുടങ്ങി ജില്ലയിലെ ഏഴ് തീരദേശമണ്ഡലങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
നെയ്യാറ്റിൻകര മണ്ഡലത്തിലാണ് ആദ്യ തിരസദസ്സ് നടക്കുന്നത്. തിരുവനന്തപുരം-676, നെയ്യാറ്റിൻകര-2,430, കോവളം-2,206, ചിറയിൻകീഴ്-2,061, കഴക്കൂട്ടം-151, നേമം-30, വർക്കല-78 എന്നിങ്ങനെയാണ് ഓൺലൈനായി ലഭിച്ച അപേക്ഷകളുടെ എണ്ണം, ഭവന സംബന്ധമായ പരാതികൾ, ലൈഫ് മിഷൻ, വീടിന്റെ ഉടമസ്ഥാവകാശം, പുനർഗേഹം, കെഎംഎഫ്ആർ ആക്ട് സംബന്ധമായ പരാതികൾ, വിഴിഞ്ഞം തുറമുഖ നഷ്ടപരിഹാരം, വിവിധ ധനസഹായ പദ്ധതികൾ, റേഷൻകാർഡ്, പട്ടയം, റീസർവേ, ഇൻഷുറൻസ്, കടാശ്വാസം, മത്സ്യബന്ധന ഉപകരണങ്ങൾ, മണ്ണെണ്ണ പെർമിറ്റ്, മത്സ്യഫെഡ് സൊസൈറ്റി അഫിലിയേഷൻ, വൈദ്യുതി, കുടിവെള്ള കണക്ഷൻ, റോഡ് ടാറിംഗ് തുടങ്ങി അൻപതിലധികം വിഷയങ്ങളിലാണ് അപേക്ഷകൾ പരിഗണിക്കുന്നത്.
ജില്ലയിൽ 27 വരെയാണ് തീരസദസ്സ് പരിപാടി. 24ന് കോവളം, നേമം മണ്ഡലങ്ങളിലും 25ന് തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലും 26ന് ചിറയിൻകീഴ് മണ്ഡലത്തിലും 27ന് വർക്കലയിലുമാണ് പരിപാടി. ഫിഷറിസ് വകുപ്പ് മന്ത്രി സജിചെറിയാന്റെ നേതൃത്വത്തിൽ നടക്കുന്ന തീരസദസിൽ അതത് മണ്ഡലങ്ങളിലെ എം.എൽ.എമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.