വാ​ള​യാ​ർ ചെ​ക്ക്പോ​സ്റ്റി​ലെ താ​ൽ​ക്കാ​ലി​ക പാ​ൽ പ​രി​ശോ​ധ​ന ല​ബോ​റ​ട്ട​റി ജീ​വ​ന​ക്കാ​ർ പാ​ലു​മാ​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

പാൽപോലെ ശുദ്ധമല്ല കാര്യങ്ങൾ; വേണം പരിശോധന

പാലക്കാട്: ഓണത്തിന് പായസം മുതൽ ചായയും പ്രഥമനുമെല്ലാം പാൽ ഒഴിവാക്കാനാവാത്ത ചേരുവയാണ്. സംസ്ഥാനത്ത് ക്ഷീരവികസന വകുപ്പിന്‍റെ ബജറ്റ് വിഹിതം കൂടുതൽ ചെലവഴിക്കുന്ന ജില്ലയാണ് പാലക്കാട്. പാൽ സമൃദ്ധമെങ്കിലും ഉത്സവകാലത്തെ അധിക ആവശ്യം നിറവേറ്റാൻ ഉൽപാദനം വർധിപ്പിക്കേണ്ടതുണ്ട്.

അയൽസംസ്ഥാനങ്ങളിലെ സംരംഭകർ ഉൽപദിപ്പിക്കുന്ന പാലും പാലുൽപന്നങ്ങളും സംസ്ഥാനത്ത് വിവിധ ജില്ലകളിലേക്ക് എത്തുന്നത് പ്രധാനമായും വാളയാർ വഴിയാണ്.

കള്ളവും ചതിയുമില്ലാതിരുന്ന നല്ല കാലത്തിന്‍റെ ഓർമകൾ പുതുക്കാൻ മലയാളി ഒരുങ്ങുമ്പോൾ അതിർത്തി കടന്നെത്തുന്ന ബ്രാൻഡുകളെ അത്ര കണ്ടങ്ങ് വിശ്വസിക്കാനാവുമോ എന്ന് ചൂണ്ടിക്കാട്ടി നെറ്റിചുളിക്കുന്നവരെ കുറ്റംപറയാനാകില്ല, അത്രക്കുണ്ട് പല ബ്രാൻഡിലും മായം.

യൂറിയ മുതൽ പ്രിസർവേറ്റിവ് വരെ

ക്ഷീര വികസന വകുപ്പിന്റെ മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ ഏതാനും ദിവസംമുമ്പ് നടത്തിയ പരിശോധനയിൽ തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് വന്ന 12,750 ലിറ്റർ മായം കലർന്ന പാൽ പിടികൂടിയിരുന്നു. പ്രാഥമിക പരിശോധനകളിൽ പാലിന്റെ കൊഴുപ്പിതര പദാർഥങ്ങളുടെ അളവ് വർധിപ്പിക്കാൻ യൂറിയ കലർത്തിയതായി കണ്ടെത്തി.

എന്നാൽ, തുടർനടപടികളുടെ ഭാഗമായി ഇത് തിരിച്ചയക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. ഉത്സവകാലങ്ങളിൽ വൻതോതിൽ ഉപഭോഗം വർധിക്കുന്നത് ലക്ഷ്യമിട്ട് സംഭരിക്കുന്ന പാലിൽ രുചിനിലനിർത്താൻ ടേസ്റ്റ് എൻഹാൻസറുകളും കേടുവരാതിരിക്കാൻ പ്രിസർവേറ്റിവുകളും യൂറിയയും അടക്കം വിവിധ പദാർഥങ്ങൾ ചേർക്കുന്നതായി വിവിധ പരിശോധന റിപ്പോർട്ടുകൾതന്നെ സാക്ഷി.

ഭക്ഷ്യസുരക്ഷ നിയമപ്രകാരം സ്റ്റാറ്റ്യൂട്ടറി സാമ്പിൾ എടുക്കാനും തുടർനടപടി സ്വീകരിക്കാനുമുള്ള അധികാരം ഭക്ഷ്യസുരക്ഷ വകുപ്പിന് ആയതിനാൽ പാലിന്റെ കൂടുതൽ പരിശോധനകൾക്കും തുടർനടപടികൾക്കുമായി ഇത്തരത്തിൽ പിടികൂടുന്ന ടാങ്കറുകളടക്കമുള്ളവ ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറുകയാണ് ക്ഷീരവികസന വകുപ്പ് ചെയ്യുക.

എന്നാൽ, ദിവസങ്ങൾക്കകം പുതിയ ബ്രാൻഡുമായി ഇതേ കച്ചവടക്കാർ അതിർത്തികടക്കും, പാൽ വിൽക്കുകയും ചെയ്യും. കാര്യമായ നടപടികളൊന്നുമില്ലാതെ വ്യാജനും വില്ലനും വീണ്ടും പുതിയ ഭാവത്തിൽ മാറിയ പേരിൽ അതിർത്തികടന്ന് വിലസുന്നത് ആരുടെ വീഴ്ചയാണെന്ന് ചോദിച്ചാൽ പരസ്പരം വിരൽ ചൂണ്ടുകയോ നിയമത്തെ പഴിക്കുകയോ ആണ് ഉദ്യോഗസ്ഥർ.

ഉത്സവകാലത്തെ പരിശോധന

ഓണത്തോട് അനുബന്ധിച്ച് കൂടുതൽ പാൽ കേരളത്തിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ പരിശോധന ഊർജിതമാക്കിയതായി ജില്ല ക്വാളിറ്റി കൺട്രോൾ ഓഫിസർ അറിയിച്ചു. സ്ഥിരം പാൽ പരിശോധനകേന്ദ്രമായ മീനാക്ഷിപുരത്തും പരിശോധന ഊർജിതമാണ്.

പാലിലെ കൊഴുപ്പ്, കൊഴുപ്പിതര ഖരപദാർഥങ്ങൾ എന്നിവ നിഷ്കർഷിക്കപ്പെട്ട അളവിൽ ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള പരിശോധന ചെക്ക്പോസ്റ്റുകളിൽ നടത്തും. മായം കലർത്തിയ പാലും പാൽ കേടുവരാതിരിക്കാൻ ന്യൂട്രലൈസർ, പ്രിസർവേറ്റിവ് എന്നിവ കലർത്തിയ പാലും കണ്ടെത്താനുള്ള പരിശോധനകളും ഇരു ലബോറട്ടറികളിലും സജ്ജീകരിച്ചിട്ടുണ്ട്.

പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള ക്ഷീര വികസന വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് വാളയാർ പാൽപരിശോധന ലാബിൽ ഉണ്ടാവുക. മീനാക്ഷിപുരത്തുള്ള സ്ഥിരം ചെക്ക്പോസ്റ്റ് ലബോറട്ടറിയിലും പരിശോധനകൾക്ക് കൂടുതൽ ജീവനക്കാരെ നിയോഗിച്ചു.

ഇതിനുപുറമെ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ ലാബിൽ ഇൻഫർമേഷൻ സെന്റർ ആരംഭിച്ചു. വിപണിയിൽനിന്ന് പാൽ സാമ്പിളുകൾ ശേഖരിച്ച് ഇവിടെ പരിശോധന നടത്തും. ഇതിനുപുറമെ പാലിന്റെ ഗുണനിലവാരത്തിൽ സംശയം തോന്നിയാൽ പൊതുജനങ്ങൾക്കും കർഷകർക്കും ഇൻഫർമേഷൻ സെന്ററിൽ നേരിട്ടെത്തി പാൽ പരിശോധിക്കാം.

അതിർത്തിയിൽ ലാബ് തുറന്നു

ഓണത്തോടനുബന്ധിച്ച് ഗുണനിലവാരം കുറഞ്ഞതോ മായം കലർന്നതോ ആയ പാൽ അതിർത്തി കടക്കുന്നത് തടയാൻ വാളയാറിൽ താൽക്കാലിക പാൽപരിശോധന കേന്ദ്രവുമായി ക്ഷീരവികസന വകുപ്പ്. ഈ മാസം മൂന്നു മുതൽ ഏഴു വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാളയാർ ചെക്ക്പോസ്റ്റിലെ താൽക്കാലിക പാൽ പരിശോധന ലബോറട്ടറി എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീത അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ്. ജയ സുജീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സുന്ദരി, ക്ഷീരവികസന വകുപ്പ് ജില്ല ക്വാളിറ്റി കൺട്രോൾ ഓഫിസർ ഫെമി വി. മാത്യു, അസി. ഡയറക്ടർ എൻ. ബിന്ദു എന്നിവർ സംസാരിച്ചു.

Tags:    
News Summary - Things are not as pure as milk-Need to check

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.