കൊച്ചി മെട്രോ നിർമ്മാണത്തിൽ പാളിച്ച സംഭവിച്ചതായി ഇ. ശ്രീധരൻ

കൊച്ചി മെട്രോയുടെ നിർമ്മാണത്തിൽ പാളിച്ച സംഭവിച്ചതായി മുഖ്യ ഉപദേശകനായിരുന്ന ഇ. ശ്രീധരൻ. പില്ലർ നിർമ്മാണത്തിലെ വീഴ്ച ഡി.എം.ആർ.സി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഡി.എം.ആർ.സി മുൻ എം.ഡി കൂടിയായ ഇ. ശ്രീധരൻ പറഞ്ഞു. ഇത് സംബന്ധിച്ച് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ വിശദമായ പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പൈലിംഗ് പാറ നിരപ്പിൽ എത്താത്തതാണ് കൊച്ചി മെട്രോയുടെ ഒരു തൂണിന്‍റെ ബലക്ഷയത്തിനിടയാക്കിയതെന്നാണ് പഠന റിപ്പോർട്ട്. കൊച്ചി പത്തടിപ്പാലത്തെ 347ാം നമ്പർ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും കണ്ടെത്തിയിരുന്നു. തൂണിന്‍റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ അടുത്ത ആഴ്ച തുടങ്ങുമെന്നാണ് കെ.എം.ആർ.എൽ പറയുന്നത്.

ഒരു മാസം മുമ്പാണ് കൊച്ചി പത്തിടിപ്പാലത്തെ മെട്രോ തൂൺ ചരിഞ്ഞതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് മെട്രോ ട്രാക്കിന്‍റെ അലൈൻമെന്‍റിന് അകൽച്ച സംഭവിച്ചിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് തൂണിനായി നടത്തിയ പൈലിംഗ് താഴെ പാറ നിരപ്പിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. നിലവിൽ അടിത്തറയും പാറയും തമ്മിൽ ഒരു മീറ്ററോളം അകൽച്ചയുണ്ടെന്നാണ് സാ​ങ്കേതിക പരിശോധനയിൽ കണ്ടെത്തിയത്. ഇതാണ് തൂണിന്‍റെ ബലക്ഷയത്തിനിടയാക്കിയത്.

തൂണിന്‍റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ ഡി.എം.ആർ.സി, എൽ ആൻഡ് ടി, കെ.എം.ആർ.എൽ എന്നിവയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. എൽ ആൻഡ് ടിക്കായിരിക്കും നിർമ്മാണ ചുമതലയെന്നും കെ.എം.ആർ.എൽ അറിയിച്ചിട്ടുണ്ട്. 

Tags:    
News Summary - there is some mistakes in metro construction, says sreedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.