കോഴിക്കോട്: ഇ.ഡി ഉദ്യോഗസ്ഥൻമാരെല്ലാം ഹരിശ്ചന്ദ്രൻമാരാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. ഇ.ഡി ഉദ്യോഗസ്ഥർ കേസിൽ പെടുന്നത് വലിയ സംഭവമല്ല. കേരളത്തിലെ എത്ര പൊലീസുകാർ കേസിൽ പെടുന്നു. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ കേസിനെ കുറിച്ച് തനിക്ക് അറിയില്ല. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ട് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡി കേസൊതുക്കാൻ കൊല്ലത്തെ വ്യാപാരി അനീഷ് കുമാറിൽ നിന്ന് രണ്ട് കോടി രൂപ ആവശ്യപ്പെട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇ.ഡി ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കി സംഭവത്തിൽ വിജിലൻസാണ് കേസെടുത്തത്. കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഇ.ഡിയുടെ കൊച്ചി ഓഫിസിലെ അസി. ഡയറക്ടർ ശേഖർ കുമാറാണ് ഒന്നാം പ്രതി.
കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിനിടെ അറസ്റ്റിലായ കൊച്ചി സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാരിയരുടെ വീട്ടിലും സ്ഥാപനത്തിലും വിജിലൻസ് നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ കണ്ടെടുത്തിരുന്നു. ഇക്കാര്യത്തിൽ ഇ.ഡി അഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വിജിലൻസിൽ നിന്ന് ഇ.ഡി കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നാണ് സൂചന. അനീഷ് കുമാറിന്റെ ടാൻസാനിയ കേന്ദ്രീകരിച്ചുള്ള ബിസിനസിനെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ചുള്ള വിവരങ്ങളായിരുന്നു ഇ.ഡിക്ക് അറിയേണ്ടിയിരുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.