ആയിരംവട്ടം ഗംഗയിൽ കുളിച്ചാലും കടകംപള്ളിക്ക് മാപ്പില്ല; ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമലയിൽ കാണിച്ച ക്രൂരതക്കും അനീതിക്കും ആയിരംവട്ടം ഗംഗയിൽ കുളിച്ചാലും കടകംപള്ളി സുരേന്ദ്രന് മാപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കടകംപള്ളിയുടെ ഇപ്പോഴത്തെ മലക്കംമറിച്ചിൽ പരിഹാസ്യമാണ്. ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്നാണ് കടകംപള്ളി മുമ്പ് പറഞ്ഞിരുന്നത്. ഇപ്പോൾ െനഞ്ചത്തടിച്ച് നിലവിളിക്കുന്നത് തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം കൊണ്ടാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

രഹ്ന ഫാത്തിമയെയും മനീതി സംഘത്തെയും ശബരിമല പതിനെട്ടാംപടി കയറ്റാൻ നോക്കിയതിന്‍റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുക്കണം. വിശ്വാസികളെ വഞ്ചിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം മാറ്റി നൽകാൻ തയാറാകണം. കടകംപള്ളിക്ക് ഒരു നിമിഷം വിചാരിച്ചാൽ സാധിക്കുന്നതാണിതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കടകംപള്ളി ദേവസ്വം മന്ത്രിയായതിന് ശേഷമാണ് ക്ഷേത്രങ്ങൾ തകർക്കാൻ ആസൂത്രിക ഗൂഢാലോചന നടന്നത്. ശബരിമലക്ക് പുറമെ ഗുരുവായൂർ ക്ഷേത്രവും പത്മനാഭസ്വാമി ക്ഷേത്രവും തകർക്കാനാണ് ശ്രമിച്ചത്. ജനങ്ങളെ കബളിപ്പിക്കാനാണ് കടകംപള്ളിയുടെ ശ്രമെന്നും പൊതുസമൂഹം വിശ്വസിക്കില്ലെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

2018ലെ ശബരിമല സംഭവങ്ങൾ ഏറെ വേദനിപ്പിച്ചുവെന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. 2018ലെ ശബരിമല പ്രശ്നം യഥാർത്ഥത്തിൽ കേരളത്തെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണ്. അതിനുശേഷം നിരവധി ഉത്സവങ്ങൾ അവിടെ നടന്നു. 2018ന് മുമ്പുള്ള തീർത്ഥാടന കാലത്തേക്കാൾ മനോഹരമായ ഉത്സവങ്ങൾ ‍ആയിരുന്നു എന്ന് ഭക്തർ തന്നെ പറഞ്ഞു.

എല്ലാ തീർത്ഥാടനത്തിലും നിരവധി തവണ പങ്കെടുത്ത ആളാണ് ഞാൻ. 2018ലെ സംഭവം ഏറെ വേദനിപ്പിച്ച സംഭവമാണ്. ദുഃഖിപ്പിച്ച സംഭവമാണ്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ്. സുപ്രീംകോടതി വിശാല ബെഞ്ചിന്‍റെ വിധി എന്തായാലും കേരളത്തിലെ ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ കക്ഷികളുമായെല്ലാം കൂടിയാലോചിച്ചേ സർക്കാർ തീരുമാനമെടുക്കൂവെന്നും കടകംപള്ളി വ്യക്തമാക്കിയത്. 

Tags:    
News Summary - there is no forgiveness to kadakampally surendran in sabarimala issues says K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT