‘ജയിപ്പിച്ച ജനങ്ങളോട് ഒട്ടും പ്രതിബദ്ധതയില്ല, സഹികെട്ട് ഭരണമാറ്റത്തിന് വോട്ട് ചെയ്തവരെ കോൺഗ്രസ് പരിഹസിക്കരുത്...’; രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം

കോഴിക്കോട്: മുഖ്യമന്ത്രി ചർച്ച അനിശ്ചിീമായി നീളുന്നതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം ‘സുപ്രഭാതം’. പത്താണ്ട് കാലം തങ്ങളെ ഭരിച്ച ഒരുഭരണകൂടത്തെ പുറന്തള്ളി പകരം കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യമുന്നണിക്ക് കേരളജനത ചരിത്രവിജയം സമ്മാനിച്ചിട്ടും ജനവിധിയുടെ വിശാലമായ അർഥവും ബാധ്യതയും ഉൾക്കൊണ്ട് ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളിലേക്ക് കടക്കുന്നതിന് പകരം, നിഴലാട്ടങ്ങളിൽ അഭിരമിക്കുകയാണ് കോൺഗ്രസെന്ന് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

ജനവിധിയെ അപഹസിക്കരുത് എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. ‘ജയിപ്പിച്ച ജനങ്ങളോട് ഒട്ടും പ്രതിബദ്ധതയില്ലാത്ത സമീപനം പിന്തുടരുന്ന പാർട്ടികൾ രാജ്യത്തുണ്ട്. അക്കാര്യത്തിൽ കോൺഗ്രസും ഒട്ടും പിന്നിലല്ലെന്നാണ് പിന്നിട്ട ദിവസങ്ങളിലെ വർത്തമാനങ്ങൾ ബോധ്യപ്പെടുത്തുന്നത്. ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ലാഘവത്തോടെ ആയിരിക്കണമെന്ന് ആരും കരുതുന്നില്ല. അങ്ങനെയാവുകയും അരുത്. അടച്ചിട്ട മുറിയിലെ ചർച്ചകളോ കേവല വ്യക്തിയിൽ കേന്ദ്രീകരിച്ച തീരുമാനങ്ങൾ അടിച്ചേൽപ്പിക്കലോ വേണമെന്നല്ല. അതൊക്കെ ജനാധിപത്യത്തിന്റെ സത്തയ്ക്ക് എതിരാണെന്ന ബോധവും എല്ലാർക്കുമുണ്ട്. ജനാധിപത്യമാർഗത്തിലൂടെ, കൂടിയാലോചനകളിലൂടെ തന്നെയാണ് അത് പ്രാവർത്തികമാക്കേണ്ടത്. എന്നാലിവിടെ, ജനം തെരഞ്ഞെടുത്ത 102 എം.എൽ.എമാർക്കോ അവരെ നയിക്കുന്ന മുന്നണിക്കോ ഒരു നേതാവിനെ തെരഞ്ഞെടുക്കാൻ ഇത്രയും കൂലങ്കഷമായ ചർച്ചകൾക്കൊടുവിലും കഴിയാതെപോകുന്നു എന്നത് തീർത്തും അമ്പരപ്പിക്കുന്ന കൊള്ളരുതായ്മാണെന്നുതന്നെ വേണം പറയാൻ. ഇവിടെ ഒരു തീരുമാനത്തിലേക്ക് എത്താനുള്ള കാലതാമസം സൃഷ്ടിക്കുന്ന തർക്കങ്ങളും വിവാദങ്ങളും ജനങ്ങളോടുള്ള പരിഹാസവും വെല്ലുവിളിയും ആണെന്ന് പറായതെ വയ്യ’ -മുഖപ്രസംഗം പറയുന്നു.

എൽ.ഡി.എഫിനെ കൈവിട്ട് വോട്ടർമാർ യു.ഡി.എഫിനെ പിന്തുണച്ചതിന് കൃത്യമായ കാരണങ്ങളും സാഹചര്യങ്ങളുമുണ്ട്. അതാവട്ടെ, യു.ഡി.എഫിനോടുള്ള ആശയാഭിമുഖ്യം, വിശ്വാസ്യത, വാഗ്ദാനങ്ങളിലെ ആകർഷകത എന്നിവക്കൊക്കെ അപ്പുറം, കേരളം ഭരിച്ചവരോടുള്ള കടുത്ത പ്രതിഷേധം കൂടിയാണ്. അങ്ങനെ സഹികെട്ട് ഭരണമാറ്റത്തിന് വോട്ട് ചെയ്തവരെ കോൺഗ്രസ് പരിഹസിക്കരുത്. മുഖ്യമന്ത്രി പദത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ നടക്കുന്ന വടംവലികളും പുറമെ നടക്കുന്ന ചേരിതിരിഞ്ഞുള്ള ശക്തിപ്രകടനങ്ങളും ജനങ്ങളോടുള്ള മര്യാദയില്ലായ്മയാണ്. ജയിപ്പിച്ചു വിട്ടവരോട് അൽപമെങ്കിലും കൂറും ബഹുമാനവും ഉത്തരവാദിത്വവും ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസ് ഈ വിധമുള്ള അന്തർനാടകങ്ങൾക്ക് അരങ്ങൊരുക്കില്ലായിരുന്നു.

രാജ്യത്ത് വർഗീയ-വിദ്വേഷക ശക്തികൾ കൂടുതൽ വ്യാപിക്കുകയും ശക്തിപ്രാപിക്കുകയും ചെയ്യുന്ന വർത്തമാന കാലത്ത് കോൺഗ്രസ് കാലത്തിന്റെ ഉത്തരവാദിത്വം നിറവേറ്റാനുള്ള കഠിനശ്രമം നടത്തേണ്ടത് ഇന്ത്യയെന്ന ആശയത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. കരുത്തുകൂട്ടി രാജ്യത്തിന്റെ കാവലാകുന്നതിന് പകരം അധികാരപദവിയെ ചൊല്ലി തെരുവിൽ കലഹിക്കുന്നത് സ്വയം നശിപ്പിക്കൽ മാത്രമല്ല, വർഗീയ-വിദ്വേഷക ശക്തികളെ വളർത്തൽകൂടിയാണ്. ഈ ഘട്ടത്തിലെങ്കിലും കോൺഗ്രസ് കടമ വിസ്മരിക്കരുത്. കാലവിളംബമില്ലാതെ ജനങ്ങളോടുള്ള ബാധ്യത നിറവേറ്റണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മുഖ്യമന്ത്രിയെ തീരുമാനിക്കാനായി ഹൈകമാൻഡ് കെ.പി.സി.സി മുൻ പ്രസിഡന്‍റുമാരുമായും വർക്കിങ് പ്രസിഡന്റുമാരുമായും ചൊവ്വാഴ്ച ഡൽഹിയിൽ ചർച്ച നടത്തുന്നുണ്ട്. വി.എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ, കെ സുധാകരൻ, എം.എം ഹസൻ, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി അനിൽ കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെയാണ് കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. ഈ ചർച്ചക്കുശേഷം ഇന്ന് വൈകീട്ടോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

Tags:    
News Summary - There is no commitment to the people, Samastha mouthpiece strongly criticizes congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.