ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ നമ്മളെ ശ്രദ്ധിക്കാറുണ്ടോ, മുന്നാക്ക സമുദായാംഗങ്ങൾക്ക് ഒന്നും കൊടുക്കേണ്ട എന്ന നിലപാടാണ് എല്ലാവർക്കും - ജി. സുകുമാരൻ നായർ
ചങ്ങനാശേരി: സാമൂഹികനീതിക്കു വേണ്ടി എൻ.എസ്.എസ് എന്നും നിലകൊള്ളുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. 113-ാമത് വിജയദശമി നായർ മഹാസമ്മേളനവും ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നവതി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്നാക്ക സമുദായാംഗങ്ങൾക്ക് ഒന്നും കൊടുക്കേണ്ട എന്ന നിലപാടാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവരില്ലെങ്കിലും ഭരണം ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന ചിന്തയാണ് രാഷ്ട്രീയ പാർട്ടികൾക്കുള്ളത്. മറ്റുള്ളവർക്ക് വാരിക്കോരി കൊടുത്താൽ മതിയെന്ന അനീതിയാണ് രാജ്യത്ത് നടക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ നമ്മളെ ശ്രദ്ധിക്കാറുണ്ടോയെന്ന് ചോദിച്ച അദ്ദേഹം, രാഷ്ട്രീയത്തിലുള്ള നമ്മുടെ സമുദായാംഗങ്ങൾ ഇക്കാര്യം പ്രത്യേകം മനസ്സിലാക്കണമെന്നും ഓർമിപ്പിച്ചു.
എൻ.എസ്.എസിന്റെ പ്രവർത്തനങ്ങളെ വിലകുറച്ചുകാട്ടാൻ ചിലർ നിയമയുദ്ധങ്ങൾ നടത്തുന്നുണ്ടെന്നും എന്നാൽ ഇതുവരെ നടത്തിയ കേസുകളുടെ ഫലം അവർക്ക് അനുകൂലമായില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. കോടതിയെ എൻ.എസ്.എസ് സ്വാധീനിച്ചെന്നാണ് അവർ പറയുന്നത്. ഇതിലൂടെ അവർ എൻ.എസ്.എസിനെയല്ല, ബഹുമാനപ്പെട്ട കോടതിയെയാണ് ആക്ഷേപിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുണ്ട്.
സംഘടനയെ താഴ്ത്തിക്കെട്ടാൻ കഴിയാതെ വന്നപ്പോൾ, മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നഷ്ടപ്പെടുത്തിയെന്ന ആരോപണവുമായി അവർ രംഗത്തുവന്നു. ഇത്രയും സംഘടിതമായ ആക്രമണം നടത്താനുള്ള സാമ്പത്തിക സ്ഥിതി അവർക്ക് എവിടെനിന്നുണ്ടായി? ഇതിനുപിന്നിൽ ഏതെങ്കിലും മാഫിയയുണ്ടെന്ന് പോലും സംശയിക്കുന്നുണ്ടെന്നും അത് വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പത്തനാപുരത്ത് താലൂക്ക് യൂനിയൻ പിരിഞ്ഞുപോകുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നുവെന്ന് ജി. സുകുമാരൻ നായർ വ്യക്തമാക്കി. 17 പേരുള്ള കമ്മിറ്റിയിൽ പ്രസിഡന്റിന്റെ തെറ്റായ പ്രവർത്തനത്തിൽ പ്രതിഷേധിച്ച് 12 പേർ രാജിവെക്കുകയും തുടർന്ന് മറ്റൊരു കമ്മിറ്റി അധികാരത്തിൽ വരികയും ചെയ്തു. ആ കാരണത്തിന്റെ പേരിൽ ചിലർ പരസ്യമായി രംഗത്തിറങ്ങി തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. തനിക്ക് വിദ്യാഭ്യാസം പോലുമില്ലെന്ന് വരെ അവർ പറഞ്ഞു. താൻ സേവനത്തിനാണ് വന്നതെന്നും താൻ വഹിക്കുന്ന സ്ഥാനത്തിന് അർഹമായ വിദ്യാഭ്യാസം തനിക്കുണ്ടെന്നതാണ് അതിനുള്ള മറുപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.