കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് അനീതി; കോൺഗ്രസിനെ പ്രതിരോധത്തിലാക്കി കെ. സുധാകരൻ

കണ്ണൂർ: യാതൊരു ന്യായവുമില്ലാതെയാണ് തന്നെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും അതിൽ കടുത്ത ദുഃഖമുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. പാർട്ടിക്കുവേണ്ടി രക്തം ചിന്തിയവരുടെ വിയർപ്പിനെ വിലകുറച്ചു കാണുന്ന സമീപനം ഗുണം ചെയ്യില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ഭരണപക്ഷത്തിനുള്ളിലും ആർജ്ജവമുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിൽ പ്രാദേശിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന സർക്കാരിന് ആവശ്യമുള്ളത് സ്തുതിപാഠകരെയല്ല, മറിച്ച് തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന പോരാളികളെയാണ്. കണ്ണൂരിൽ താനും പാർട്ടി പ്രവർത്തകരും അനുഭവിച്ച യാതനകൾ ചില്ലറയല്ല. അടിപതറി നിന്ന കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച ചരിത്രമാണ് തന്റേതെന്നും സുധാകരൻ ഓർമ്മിപ്പിച്ചു.

തന്റെ നിലപാടുകൾ തുറന്നുപറയാൻ തനിക്ക് അവകാശമുണ്ട്. അധികാരത്തേക്കാൾ വലുതാണ് ആദർശം. നിലപാടുകളുടെ പേരിൽ തന്നോട് വിയോജിപ്പുകൾ ഉണ്ടാകാം, എങ്കിലും സ്ഥാനങ്ങളെക്കാൾ വലുതാണ് പ്രസ്ഥാനം. അക്രമ രാഷ്ട്രീയത്തോടുള്ള തന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ പരസ്യപ്രസ്താവനക്ക് വിലക്കേർപ്പെടുത്തി കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്ത് എത്തിയിരുന്നു.

ഇനിയും പരസ്യപ്രതികരണം നടത്തിയാൽ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.പാര്‍ട്ടി വേദികളില്‍ അഭിപ്രായം പറയാം. പരസ്യപ്രതികരണം ഭൂഷണമല്ല, അത് തുടരാന്‍ അനുവദിക്കില്ല. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ ആരും നടത്തരുത്. വിവാദമുണ്ടാക്കാനുള്ള അവകാശം ആര്‍ക്കുമില്ല. തുടര്‍ച്ചയായ പ്രസ്താവനകള്‍ പരിധി വിട്ടതുകൊണ്ടാണ് നിര്‍ദേശം നല്‍കേണ്ടി വന്നതെന്നും ഇത് എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - KPCC chief removal unjust, says Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.