കൂടുതൽ രോഗികളെ ചികിത്സിക്കണോ?, അമിതവില നൽകി കുറച്ചു പേരെയോ?; എസ്.എം.എ ജനറിക് മരുന്നിൽ സർക്കാരിനെ പിന്തുണച്ച് ഡോ. ബി. ഇഖ്ബാൽ
കോഴിക്കോട്: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) രോഗികളായ കുട്ടികൾക്ക് ലക്ഷങ്ങളുടെ വിലവ്യത്യാസമുള്ള ജനറിക് മരുന്ന് നൽകാനുള്ള തീരുമാനത്തിൽ വിവാദം കനക്കുമ്പോൾ സർക്കാരിനെ പിന്തുണച്ച് വിദഗ്ധർ. സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് പ്രമുഖ ന്യൂറോ സർജനും, മുൻ വി.സിയുമായ ഡോ. ബി. ഇഖ്ബാൽ പറഞ്ഞു. "ഇന്ന് നമ്മുടെ മുന്നിലുള്ള ചോദ്യം ബ്രാൻഡ് മരുന്നും ജനറിക് മരുന്നും തമ്മിലുള്ള കേവലമായ ഒരു തിരഞ്ഞെടുപ്പല്ല. പരിമിതമായ പൊതുധനം ഉപയോഗിച്ച് കൂടുതൽ രോഗികളെ ചികിത്സിക്കാനുള്ള അവസരമാണ് ഇത് നൽകുന്നത്," എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മുമ്പ് കാൻസർ ചികിത്സയിലും നമുക്ക് ഇത്തരം അനുഭവം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിയുടെ യഥാർത്ഥ പ്രയോജനം രോഗികളിലേക്ക് എത്തണമെങ്കിൽ കുറഞ്ഞ വിലയിലുള്ള ജനറിക് റിസ്ഡിപ്ലാമിലേക്ക് മാറേണ്ടതുണ്ടെന്ന് ജനകീയാരോഗ്യ പ്രവർത്തകർ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കുറിച്ചു. ശാസ്ത്രീയമായി പൂർണ്ണമായും തെളിയിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ ജനറിക് മരുന്നുകൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുമ്പോൾ അത് എസ്.എം.എ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ എസ്.എം.എ ബാധിച്ച കുട്ടികൾക്ക് സ്വിസ് കമ്പനിയായ റോഷ് നിർമിക്കുന്ന റിസ്ഡിപ്ലാം എന്ന മരുന്നാണ് നൽകിയിരുന്നത്. ആറ് ലക്ഷത്തിലധികമായിരുന്നു ഇതിന്റെ വില. എന്നാൽ ഇതിന് പകരം ഇന്ത്യൻ കമ്പനിയായ നാറ്റ്കോയുടെ (Natco) വില കുറഞ്ഞ ജനറിക് മരുന്ന് ഉപയോഗിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. ജനറിക് പതിപ്പിന്റെ വില ഒരു കുപ്പിക്ക് 15,900 രൂപ മാത്രമാണ്.
സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ഏതാനും കുട്ടികൾക്ക് മരുന്ന് വിതരണം ചെയ്യുകയും ചെയ്തു. മരുന്നിന്റെ പാക്കറ്റിൽ 'ഫിസിഷ്യൻസ് സാമ്പിൾ, ക്ലിനിക്കൽ ട്രയൽസ് ഓൺലി' എന്ന് രേഖപ്പെടുത്തിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നതും രക്ഷിതാക്കളെ ആശങ്കയിലാക്കുന്നതും.
പിന്നീട് ഇന്ത്യൻ കമ്പനിയായ നാറ്റ്കോ 'നാറ്റ്സ്മാർട്ട്' എന്ന പേരിൽ കുറഞ്ഞ വിലയ്ക്ക് മരുന്ന് ഉൽപ്പാദിപ്പിക്കുകയായിരുന്നു. ഇതോടെ പേറ്റന്റ് വിഷയം ഉന്നയിച്ച് റോഷ് നിയമനടപടി സ്വീകരിച്ചു. എന്നാൽ സുപ്രീംകോടതിയും ഡൽഹി ഹൈക്കോടതിയും ഉൾപ്പെടെ ഹർജികൾ തള്ളുകയും നാറ്റ്കോയുടെ മരുന്ന് വിൽക്കാൻ അനുമതി നൽകുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
എസ്.എം.എ. രോഗികളുടെ ചികിത്സ: ആരോഗ്യവകുപ്പ് തീരുമാനം സ്വാഗതാർഹം
സ്പൈനൽ മസ്കുലർ അട്രോഫി (Spinal Muscular Atrophy – SMA) പേശികളെ ക്രമേണ ദുർബലമാക്കുകയും ചലനശേഷിയെയും ശ്വസനശേഷിയെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന ജീവന് ഭീഷണിയായ ഒരു അപൂർവ ജനിതക രോഗമാണ്. രോഗം പൂർണമായി ഭേദമാക്കാൻ ഇന്നും ചികിത്സയില്ലെങ്കിലും, രോഗത്തിന്റെ പുരോഗതി ഗണ്യമായി മന്ദഗതിയിലാക്കാൻ സഹായിക്കുന്ന റിസ്ഡിപ്ലാം (Risdiplam) എന്ന മരുന്ന് ഇന്ന് ലഭ്യമാണ്. ഈ മരുന്ന് സമയബന്ധിതമായി ലഭിക്കുന്നത് രോഗികളുടെ ജീവിതനിലവാരവും ആയുസ്സും മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണ്. ഈ പശ്ചാത്തലത്തിൽ, എസ്.എം.എ. രോഗികളുടെ ചികിത്സയ്ക്കായി നാറ്റ്കോ (Natco) എന്ന ഇന്ത്യൻ കമ്പനിയുടെ കുറഞ്ഞ വിലയിലുള്ള ജനറിക് മരുന്ന് ഉപയോഗിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത് തികച്ചും സ്വാഗതാർഹവും മാതൃകാപരവുമായ നടപടിയാണ്. എന്നാൽ, ഈ തീരുമാനത്തിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് ചില മാധ്യമങ്ങളും തൽപ്പരകക്ഷികളും പ്രചരിപ്പിച്ചുവരുന്നത്.
ചികിത്സാവകാശത്തിലേക്കുള്ള പോരാട്ടവും വിപണിയിലെ യാഥാർത്ഥ്യങ്ങളും
മരുന്നുകളുടെ അമിതവിലയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ചരിത്രപരമായ നിരവധി മുൻ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. 2012-ൽ കാൻസർ ചികിത്സയ്ക്കുള്ള സൊറാഫെനിബ് (Nexavar) മരുന്നിന്റെ കാര്യത്തിൽ നാറ്റ്കോയ്ക്ക് അന്നത്തെ പേറ്റൻ്റ് കൺ ട്രോളറായിരുന്നു അടുത്തകാലത്ത് അന്തരിച്ച് ശ്രീ പി എച്ച് കുര്യൻ 2013 ൽ നിർബന്ധിത ലൈസൻസ് അനുവദിച്ചതോടെ ലക്ഷങ്ങൾ വിലയുണ്ടായിരുന്ന മരുന്ന് നാലായിരം രൂപയ്ക്ക് ലഭ്യമായത് ഇതിന് മികച്ച ഉദാഹരണമാണ്. ജർമ്മൻ കമ്പനിയായ ബേയർ ഒരുമാസത്തെ ചികിത്സയ്ക്ക് 2,80,428 രൂപയ്ക്ക് വിറ്റിരുന്ന ഈ മരുന്നിന്റെ ജനറിക് പതിപ്പ് കേവലം 8,800 രൂപയ്ക്ക് മാർക്കറ്റ് ചെയ്ത് നാറ്റ്കോ ചരിത്രം സൃഷ്ടിച്ചിരുന്നു.
ഇപ്പോൾ എസ്.എം.എ. ചികിത്സയുടെ കാര്യത്തിലും സമാനമായ സാഹചര്യമാണ് ഉള്ളത്. റോഷ് (Roche) കമ്പനിയുടെ ബ്രാൻഡഡ് മരുന്നായ 'Evrysdi' (Risdiplam) ന്റെ വില ഒരു കുപ്പിക്ക് ഏകദേശം 6.2 ലക്ഷം രൂപയാണ്. എന്നാൽ നാറ്റ്കോയുടെ ജനറിക് പതിപ്പിന്റെ വില ഒരു കുപ്പിക്ക് 15,900 രൂപ മാത്രമാണ്. ഒരു കുപ്പി സാധാരണയായി 12 ദിവസത്തേക്കാണ് മതിയാകുക എന്നതിനാൽ, നാറ്റ്കോ മരുന്നിന്റെ പ്രതിമാസ ചെലവ് ഏകദേശം 30,000 രൂപയായി വരുന്നു. (രോഗിയുടെ പ്രായം, ഡോസ്, ഉപയോഗിക്കുന്ന അളവ് എന്നിവയനുസരിച്ച് യഥാർഥ ചെലവിൽ വ്യത്യാസമുണ്ടാകാം). ബ്രാൻഡഡ് മരുന്നുമായി താരതമ്യം ചെയ്യുമ്പോൾ ജനറിക് മരുന്നിന് ഏകദേശം 97 ശതമാനത്തോളം വിലക്കുറവാണ് ഉള്ളത്.
നാറ്റ്കോ റിസ്ഡിപ്ലാമിന്റെ ജനറിക് പതിപ്പ്
വിപണിയിലെത്തിക്കുന്നതിനെതിരെ റോഷ് കമ്പനി ഡൽഹി ഹൈക്കോടതിയിൽ നിയമപോരാട്ടം ആരംഭിച്ചിരുന്നെങ്കിലും, 2025 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി ജനറിക് മരുന്ന് ഉൽപ്പാദിപ്പിക്കാൻ അനുവദിച്ച് വിധിപ്രസ്താവിച്ചു. തുടർന്ന് നാറ്റ്കോയ്ക്ക് ജനറിക് റിസ്ഡിപ്ലാം വിപണിയിലെത്തിക്കാൻ സാധിച്ചു. ഡൽഹി ഹൈക്കോടതിയുടെ ഈ വിധി രോഗികളുടെ ചികിത്സാവകാശത്തിനും മരുന്നുകൾ താങ്ങാനാവുന്ന വിലയിൽ ലഭിക്കണമെന്ന പൊതുജനാരോഗ്യ തത്വത്തിനും ലഭിച്ച ഒരു ചരിത്രവിജയമായിരുന്നു.
അടിസ്ഥാനരഹിതമായ വാദങ്ങളും യാഥാർത്ഥ്യവും
ജനറിക് മരുന്നിന്റെ ഗുണനിലവാരത്തെക്കുറിച്ചും 'ബയോഅവെയ്ലബിലിറ്റി' (Bioavailability) ഇല്ലെന്ന തരത്തിലും ഉന്നയിക്കപ്പെടുന്ന വാദങ്ങൾ തികച്ചും ശാസ്ത്രീയമല്ലാത്തതും അടിസ്ഥാനരഹിതവുമാണ്. നാം കഴിക്കുന്ന ഒരു മരുന്ന് ദഹനവ്യവസ്ഥയിലൂടെ രക്തയോട്ടത്തിലേക്ക് (Systemic Circulation) എത്തിച്ചേരുന്നതിന്റെ വേഗതയെയും അളവിനെയും ആണ് ബയോഅവെയ്ലബിലിറ്റി എന്ന് വിളിക്കുന്നത്. നാറ്റ്കോ പോലുള്ള അംഗീകൃത കമ്പനികൾ ജനറിക് മരുന്ന് ഇറക്കുമ്പോൾ, അത് ബ്രാൻഡഡ് മരുന്നിന് സമാനമായ രീതിയിൽ തന്നെ രക്തത്തിൽ കലരുന്നുണ്ടെന്ന് (Bioequivalent) ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം കർശനമായ ബയോഇക്വലൻസ് പരിശോധനകൾ (Bioequivalence studies) വിജയിച്ചാൽ മാത്രമേ ഏതൊരു ജനറിക് മരുന്നിനും വിപണിയിൽ അനുമതി ലഭിക്കൂ.
ഇന്ത്യൻ മരുന്ന് നിയന്ത്രണ അതോറിറ്റിയായ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (DCGI) അംഗീകാരത്തോടെയാണ് ഈ മരുന്ന് വിപണിയിലെത്തിയത്. ലോകത്തിന്റെ വിവിധ നിയന്ത്രിത വിപണികളിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യുന്ന ഉയർന്ന വിശ്വാസ്യതയുള്ള ഔഷധ നിർമ്മാണ കമ്പനിയാണ് നാറ്റ്കോ. ബ്രാൻഡഡ് മരുന്ന് നൽകുന്ന അതേ ഫലവും സുരക്ഷിതത്വവും ജനറിക് മരുന്നും നൽകുന്നുണ്ടെന്ന് ഈ ശാസ്ത്രീയ പരിശോധനകൾ പൂർണ്ണമായി ഉറപ്പുനൽകുന്നുണ്ട്. ചുരുക്കത്തിൽ, ഉയർന്ന വിലകൂടിയ മരുന്നുകളുടെ കുത്തക നിലനിർത്താൻ തൽപ്പരകക്ഷികൾ മെനഞ്ഞെടുക്കുന്ന വ്യാജ പ്രചാരണങ്ങൾ മാത്രമാണിത്.
പൊതുജനാരോഗ്യവും സാമൂഹ്യനീതിയും
ഇന്ന് നമ്മുടെ മുന്നിലുള്ള ചോദ്യം ബ്രാൻഡ് മരുന്നും ജനറിക് മരുന്നും തമ്മിലുള്ള കേവലമായ ഒരു തിരഞ്ഞെടുപ്പല്ല. പരിമിതമായ പൊതുധനം ഉപയോഗിച്ച് കൂടുതൽ രോഗികളെ ചികിത്സിക്കണോ, അതോ വളരെ കുറച്ച് രോഗികൾക്ക് മാത്രം അമിതവില നൽകി ചികിത്സ നൽകി മറ്റ് പാവപ്പെട്ടവരെ പ്രതിസന്ധിയിലാക്കണോ എന്ന നിർണായകമായ പൊതുജനാരോഗ്യ നയത്തിന്റെ ചോദ്യമാണിത്.
ഡൽഹി ഹൈക്കോടതി വിധിയുടെ യഥാർത്ഥ പ്രയോജനം രോഗികളിലേക്ക് എത്തണമെങ്കിൽ കുറഞ്ഞ വിലയിലുള്ള ജനറിക് റിസ്ഡിപ്ലാമിലേക്ക് മാറേണ്ടതുണ്ടെന്ന് ജനകീയാരോഗ്യ പ്രവർത്തകർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് സർക്കാരിന്റെ പൊതുധനം ലാഭിക്കുന്നതിനുള്ള ഒരു സാമ്പത്തിക തീരുമാനം മാത്രമല്ല; അതേ തുക ഉപയോഗിച്ച് കൂടുതൽ എസ്.എം.എ. രോഗികൾക്ക് ജീവൻ രക്ഷിക്കുന്ന ചികിത്സ ഉറപ്പാക്കാനുള്ള മാനുഷികവും സാമൂഹികവുമായ വലിയൊരു ഉത്തരവാദിത്തം കൂടിയാണ്.
ശാസ്ത്രീയമായി പൂർണ്ണമായും തെളിയിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ ജനറിക് മരുന്നുകൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുമ്പോൾ അത് എസ്.എം.എ. രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു അനുഗ്രഹമാണ്. അതിനാൽ, ഇത്തരം അടിസ്ഥാനരഹിതമായ മാധ്യമ പ്രചാരണങ്ങളെ അവഗണിച്ച്, രോഗിപക്ഷത്തുനിന്നുള്ള ഈ നിർണായക തീരുമാനവുമായി മുന്നോട്ടുപോകാൻ ആരോഗ്യവകുപ്പ് തയ്യാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.