മുസ്തഫല്‍ ഫൈസിയെ അംഗമാക്കിയതില്‍ സമസ്തക്ക് അതൃപ്തി
മലപ്പുറം: സമസ്ത മുശാവറയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എം.പി. മുസ്തഫല്‍ ഫൈസിയെ വഖഫ് ബോര്‍ഡ് അംഗമാക്കിയതില്‍ സമസ്തക്ക് അതൃപ്തി. മുസ്തഫൽ ഫൈസിയെ ബോർഡിൽ ഉൾപ്പെടുത്തിയതിൽ സമസ്ത നേതൃത്വത്തിന് അമർഷമുണ്ടായിരുന്നെങ്കിലും പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. എന്നാൽ, മുസ്തഫൽ ഫൈസി സമസ്തയുടെ പ്രതിനിധിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞതാണ് ജിഫ്രി തങ്ങളുടെ പരസ്യ പ്രതികരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
വഖഫ് ബോർഡ് ചെയർമാനായി നിയമിതനായ എം.സി. മായിൻഹാജി മുണ്ടക്കോട് ജലാലിയ്യ കാമ്പസിൽ ബുധനാഴ്ച രാവിലെ ജിഫ്രി തങ്ങളെ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് ജിഫ്രി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. മുസ്തഫല്‍ ഫൈസിയെ സമസ്തയോട് ചോദിച്ചിട്ട് ഉള്‍പ്പെടുത്തിയതല്ല എന്നായിരുന്നു അദ്ദേഹത്തിന്റ പേര് പരാമർശിക്കാതെയുള്ള ജിഫ്രി തങ്ങളുടെ പ്രതികരണം. ബോർഡിൽ പലരേയും ഉൾപ്പെടുത്തിയത് ഏതെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും. സർക്കാർ ഇക്കാര്യത്തിൽ സമസ്തയുടെ അഭിപ്രായം ചോദിച്ചിട്ടില്ല. ചോദിച്ചാൽ ഇന്നയാളെയാണ് എടുക്കേണ്ടതെന്ന് പറയുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
പ്രസംഗത്തിൽ ജിഫ്രി തങ്ങളെ ഇകഴ്ത്തിക്കാണിച്ചുവെന്നാരോപിച്ചാണ് സമസ്തയിലെ ലീഗ് അനുകൂല നേതാവായ മുസ്തഫൽ ഫൈസിയെ 2025 ഫെബ്രുവരിയിൽ മുശാവറയിൽനിന്ന് സസ്പെൻഡ് ചെയ്തതത്. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നൽകിയ വിശദീകരണവും അപേക്ഷയും പിന്നീട് സമസ്ത മുശാവറ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.