തിരുവനന്തപുരം: വീടുകളിൽ സോളാർ വൈദ്യുതി ഉൽപാദന സംവിധാനം സ്ഥാപിച്ചവർക്ക് നിലവിലുള്ള നെറ്റ് മീറ്ററിങ് സംവിധാനം തുടരും. റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിങ്’ രണ്ടാം ഭേദഗതിയിൽ കമീഷൻ ആസ്ഥാനത്ത് നടന്ന തെളിവെടുപ്പിൽ സൗരോർജ വൈദ്യുതി ഉൽപാദകരുടെ പ്രതിഷേധത്തെ തുടർന്നാണ് വിശദീകരണം. നിലവിലെ രീതി മാറ്റി ഉൽപാദകർക്ക് ഗുണകരമല്ലാത്ത ഗ്രോസ് മീറ്ററിങ് സംവിധാനം കൊണ്ടുവരുമെന്ന പ്രചാരണം വൈദ്യുതി റെഗുലേറ്ററി കമീഷൻ തള്ളി. ഗ്രോസ് മീറ്ററിങ് സംവിധാനം വേണമെന്ന ആവശ്യം തെളിവെടുപ്പിൽ പങ്കെടുത്ത കെ.എസ്.ഇ.ബി പ്രതിനിധികൾ ഉന്നയിച്ചുമില്ല.
രാവിലെ 11ന് ആരംഭിച്ച തെളിവെടുപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സൗരോർജ വൈദ്യുതി ഉൽപാദകരും സംഘടനാ പ്രതിനിധികളുമെത്തിയിരുന്നു. കുറച്ചുപേരെ മാത്രം ഉൾക്കൊള്ളാവുന്ന ഹാളിൽ എല്ലാവർക്കും പ്രവേശിക്കാനാകാതെ വന്നതോടെ, ബഹളം ആരംഭിച്ചു. കൂടുതൽ പേർ തെളിവെടുപ്പിൽ പങ്കെടുക്കാതിരിക്കാനാണ് ചെറിയ ഹാളിൽ തെളിവെടുപ്പ് നടത്തുന്നതെന്നും നിർത്തിവെക്കണമെന്നും ആവശ്യമുയർന്നു. എന്നാൽ, ഓൺലൈനായി ഉൾപ്പെടെ തെളിവെടുപ്പിൽ പങ്കെടുക്കാൻ അവസരം നേരത്തേ നൽകിയിരുന്നതാണെന്നും കരട് ഭേദഗതി സംബന്ധിച്ച് എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം മാത്രമേ കമീഷൻ നിലപാട് എടുക്കൂവെന്നും ചെയർമാൻ ടി.കെ. ജോസ് അറിയിച്ചു.
സോളാർ പാനലുകൾ സ്ഥാപിച്ചവർക്ക് നിലവിൽ ഏർപ്പെടുത്തിയ താരിഫ് രീതി തന്നെ തുടരും. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. ഗ്രോസ് മീറ്റിറിങ് സംവിധാനം കൊണ്ടുവരുന്ന കാര്യം കരട് ഭേദഗതിയിൽ എവിടെയും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നെറ്റ് മീറ്ററിങ് സംവിധാന പ്രകാരം സോളാർ വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് കൊടുക്കുകയും വീട്ടാവശ്യത്തിന് കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്നവർ അധിക വൈദ്യുതിക്ക് മാത്രം ചാർജ് നൽകിയാൽ മതിയായിരുന്നു. ഗ്രോസ് മീറ്ററിലേക്ക് മാറുന്നതോടെ, സോളാർ വൈദ്യുതിക്കും കെ.എസ്.ഇ.ബിയിൽ നിന്ന് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതിക്കും പ്രത്യേകം മീറ്റർ വെക്കും. സോളാറിന് കെ.എസ്.ഇ.ബി 2.69 രൂപ നിരക്കിൽ പണം തരും. വീട്ടിലെ കെ.എസ്.ഇ.ബി വൈദ്യുതിക്ക് ശരാശരി 4.20 രൂപ നിരക്കിൽ ബില്ലും നൽകും. സോളാർ സംവിധാനം സ്ഥാപിച്ചവർക്ക് കനത്ത നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.