എൽ.ഡി.എഫ് മധ്യമേഖല ജാഥ ഉദ്ഘാടന വേദിയിൽ ജാഥ ക്യാപ്റ്റൻ ജോസ് കെ. മാണി മുഖ്യമന്ത്രി പിണറായി വിജയന് ആറന്മുള കണ്ണാടി സമ്മാനിക്കുന്നു

വേഗ റെയിലിന്റെ കാര്യത്തിൽ ഏതു പദ്ധതി വന്നാലും കേരളം സ്വാഗതം ചെയ്യും -മുഖ്യമന്ത്രി

പത്തനംതിട്ട: കേരളത്തിന്‍റെ വികസനവും അതിജീവനവും തമസ്കരിക്കാൻ യു.ഡി.എഫും ബി.ജെ.പിയും ഒരുമിക്കുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയുടെ ബി ടീമിനെപ്പോലെയാണ്​ കോൺഗ്രസിന്‍റെ പ്രവർത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജോസ് കെ. മാണി നയിക്കുന്ന എൽ.ഡി.എഫ് മധ്യമേഖല ജാഥയുടെ ഉദ്ഘാടനം പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡ് മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നാടിന് ആവശ്യമായ പദ്ധതിക്ക് കേന്ദ്രസർക്കാറിൽനിന്നും റെയിൽവേയിൽ നിന്നും എതിർപ്പ് പ്രതീക്ഷിച്ചില്ല. അതിവേഗ റെയിൽപാതയുടെ കാര്യത്തിലും ഇതേ സമീപനമാണ്. വേഗ റെയിലിന്റെ കാര്യത്തിൽ ഏതു പദ്ധതി വന്നാലും കേരളം സ്വാഗതം ചെയ്യും. ഒരു പ്രത്യേക പകയോടെ കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്ന സമീപനമാണ് ബജറ്റുകളിൽ കാണുന്നത്. എത്രയോ കാലമായി നാം ആവശ്യപ്പെടുന്ന എയിംസ് ഇത്തവണയും നൽകിയില്ല. ശബരി റെയിൽ പാതയുടെ കാര്യത്തിലും നിഷേധാത്മക സമീപനമാണ്. കേരളത്തിന്റെ യാത്രാസൗകര്യം ഇന്നും ദശാബ്ദങ്ങൾക്ക് മുമ്പുള്ള അതേ നിലയിലാണ്. അതിനു പരിഹാരമായാണ് അർദ്ധ അതിവേഗ റെയിൽ പാതക്കുള്ള നിർദേശം സംസ്ഥാന സർക്കാർ നൽകിയത്. മുഖ്യമന്ത്രി പറഞ്ഞു.

സ്വാഗതസംഘം ചെയർമാൻ കുര്യൻ മടയ്ക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.വി. സഞ്ജു സ്വാഗതം പറഞ്ഞു. കെ.കെ. ശൈലജ ടീച്ചർ, പി.കെ. ബിജു, പി.പി. സുനീർ എം.പി, സാബു ജോർജ്​, സുഭാഷ് പുഞ്ചക്കോട്ടിൽ, ഡോ. വർഗീസ് ജോർജ്, മാത്യൂസ് കോലഞ്ചേരി, കെ.ജി. അജിത്ത്, ഫ്രാൻസിസ് തോമസ്, എം.എ. ലത്തീഫ്, ബിനോയ് ജോസഫ്, മന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സി.പി.എം ജില്ല സെക്രട്ടറി രാജു എബ്രഹാം, സജി അലക്​സ്​, പി.പി. ജോർജ്കുട്ടി, ബി. ഷാഹുൽ ഹമീദ്​, രാജു നെടുവംപുറം എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Kerala will welcome any project regarding high-speed rail - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.