ന്യൂ ഡൽഹി: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ കേരളത്തിന്‍റെ ട്രാക്കുകളിൽ ഉടനെത്തും. ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലായിരിക്കും ഇവയുടെ ആദ്യ സർവീസുകളിൽ ഒന്ന്. ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്ക് മുന്നോടിയായി വന്ദേഭാരത് ട്രെയിനുകൾ കേരളത്തിലേക്ക് എത്തിയേക്കുമെന്നാണ് സൂചനകൾ.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രെയിനിന്റെ ഔദ്യോഗിക സമയക്രമവും റൂട്ടും പ്രഖ്യാപിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ബെംഗളൂരുവിലെ ബയ്യപ്പനഹള്ളി എസ്.എം.വി.ടി ടെർമിനലിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
ഏകദേശം 842 കിലോമീറ്റർ ദൂരം വെറും 12 മണിക്കൂർ കൊണ്ട് ഈ ട്രെയിൻ ഓടിയെത്തും. മൊത്തം 16 കോച്ചുകളാണ് ഇവയിലുണ്ടായിരിക്കുക. തേർഡ് എ.സിയിൽ 611, സെക്കൻഡ് എ.സിയിൽ 188, ഫസ്റ്റ് എ.സിയിൽ 24 എന്നിങ്ങനെ ഒരേസമയം 823 പേർക്ക് യാത്ര ചെയ്യാം. കേരളത്തിൽ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയ ശേഷമായിരിക്കും സർവീസ് ആരംഭിക്കുക.
മികച്ച ഉറക്കത്തിനായി പ്രത്യേകം തയ്യാറാക്കിയ കുഷ്യൻ ബെർത്തുകൾ കോച്ചുകളിൽ ഉണ്ടാകും. ട്രെയിൻ ഓടുമ്പോഴുള്ള കുലുക്കം കുറക്കാൻ നൂതന സസ്പെൻഷൻ സംവിധാനങ്ങളുമുണ്ട്.
ഭക്ഷണം ഉൾപ്പെടെ തേഡ് എ.സിയിൽ 2300 രൂപ, സെക്കൻഡ് എ.സിയിൽ 3000 രൂപ, ഫസ്റ്റ് എ.സിയിൽ 3600 രൂപ എന്നിങ്ങനെയായിരിക്കും നിരക്കെന്നാണ് സൂചന. ഗുവാഹത്തി – ഹൗറ റൂട്ടിലോടുന്ന രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പറിൽ 960 രൂപയാണ് തേഡ് എ.സിയിലെ മിനിമം നിരക്ക്. 400 കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിന് 2.40 രൂപ വീതം നൽകണം.
ട്രെയിൻ യാത്രയിൽ മിക്കവരം നേരിടുന്ന പ്രധാന പ്രശ്നം വൃത്തിഹീനവും ദുർഗന്ധവുമുള്ള ടോയ്‍ലറ്റുകളാണ്. എന്നാൽ ഈ പ്രശ്നത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പരിഹാരം കാണുന്നുണ്ട്. അണുനാശിനി സംവിധാനങ്ങളുള്ള ആധുനിക ടോയ്‍ലറ്റുകളാണ് ഇവയിൽ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.