representative image

പേവിഷ പ്രതിരോധ സിറത്തിന് സംസ്ഥാനത്ത് കടുത്ത ക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ പ്രതിരോധ സിറത്തിന് ക്ഷാമം. മെഡിക്കൽ കോളജുകളിലടക്കം ആശുപത്രികളിൽ ഇമ്യൂണോ ഗ്ലോബുലിൻ കിട്ടാനില്ല. ഇതോടെ പട്ടിയും പൂച്ചയും കടിച്ചെത്തുന്നവർ കടുത്ത ആശങ്കയിലാണ്. ടെൻഡറിലുണ്ടായ പാളിച്ചയാണ് ഇമ്യൂണോ ഗ്ലോബുലിൻ ക്ഷാമത്തിന് കാരണമെന്നാണ് വിവരം.

കഴിഞ്ഞദിവസം പാറശ്ശാലയിൽ പട്ടിയുടെ കടിയേറ്റ കുട്ടിക്ക് നൽകാൻ താലൂക്ക്- ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജിലും ഒരുദിവസം മുഴുവൻ കയറിയിറങ്ങിയിട്ടും ഇമ്യൂണോ ഗ്ലോബുലിൻ ഉണ്ടായിരുന്നില്ല. ഒടുവിൽ എസ്.എ.ടി ആശുപത്രി സഹകരണ സംഘം ഫാർമസിയിൽ നിന്ന് രണ്ടുഡോസ് 703.5 രൂപക്ക് വാങ്ങിയാണ് കുട്ടിക്ക് നൽകിയത്. ഇത് വിവാദമായതോടെ ഇമ്യൂണോ ഗ്ലോബുലിൻ അടിയന്തരമായി ലഭ്യമാക്കാൻ ലോക്കൽ പർച്ചേസ് നടത്താൻ ഡി.എം.ഒമാർക്ക് നിർദേശം നൽകി. അതേസമയം, മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) മുഖേനയാണ് വാക്സിനും ഇമ്യൂണോഗ്ലോബുലിനും ആശുപത്രികൾക്കായി വാങ്ങുന്നതെന്നും അവർ നൽകിയ കരാർ പ്രകാരം തിങ്കളാഴ്ചയോടെ മരുന്ന് എത്തുമെന്നും നാഷനൽ റാബിസ് കൺട്രോൾപ്രോഗ്രാം സ്റ്റേറ്റ് നോഡൽ ഓഫിസർ ഡോ. ഹരികുമാർ പറഞ്ഞു.

പേവിഷ ബാധക്കെതിരെ സാധാരണ നൽകുന്ന ഐ.ഡി.ആർ.വിക്കൊപ്പം അധിക സുരക്ഷക്കും പെട്ടെന്നുള്ള പ്രതിരോധത്തിനും നൽകുന്നതാണ് ഇമ്യൂണോ ഗ്ലോബുലിൻ. ഐ.ഡി.ആർ.വി സംസ്ഥാനത്ത് എല്ലാ ആശുപത്രികളിലും ലഭ്യമാണ്. ഇതിനൊപ്പം നൽകുന്ന ഇമ്യൂണോ ഗ്ലോബുലിനാണ് ക്ഷാമം നേരിടുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് കൂടാതെ കാസർകോട് ജില്ലയിലെ പ്രധാന ആശുപത്രികളായ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും കാസർകോട് ജനറൽ ആശുപത്രിയിലും ഇമ്യൂണോഗ്ലോബുലിൻ ഇല്ല.

പത്തനംതിട്ടയിലും ക്ഷാമമാണ്. നിലവിൽ, ഇമ്യൂണോഗ്ലോബുലിൽ ഉള്ള ആശുപത്രികളിൽ നിന്ന്, ആവശ്യം കൂടുതലുള്ള സ്ഥലങ്ങളിലേക്കെത്തിച്ച് പരിഹരിക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

നിലവിലെ ടെൻഡർ കിട്ടിയ കരാറുകാരൻ ഇരട്ടിത്തുക ആവശ്യപ്പെട്ടതാണ് മരുന്നിന്റെ ലഭ്യത താളംതെറ്റാൻ കാരണമെന്ന ആരോപണവും ശക്തമാണ്. കണക്കാക്കിയതിലും കൂടുതൽ ആവശ്യം വരുന്നതാണ് ലഭ്യതക്കുറവിന് കാരണമാകുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സുരക്ഷ കണക്കിലെടുത്ത് ഡോക്ടർമാർ മുൻകരുതൽ ഡോസ് നിർദേശിക്കുന്നതും ഉപഭോഗം കൂടാനിടയായി. ഈ സ്ഥിതി മുൻകൂട്ടി കാണുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായി.

Tags:    
News Summary - There is a severe shortage of anti-rabies serum in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.