തിരുവനന്തപുരം: നഴ്‌സ്, നൈപുണ്യമികവുളള തൊഴിലാളികള്‍ (സ്കില്‍ഡ് ലേബര്‍) എന്നിവര്‍ക്ക് ജർമനിയില്‍ വലിയ ആവശ്യകതയും സാധ്യതയുമാണുള്ളതെന്ന് ബാംഗളൂരിലെ ജര്‍മ്മനിയുടെ ഡെപ്യുട്ടി കോണ്‍സല്‍ ജനറല്‍ ആനറ്റ് ബേസ്‌ലര്‍. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കെയര്‍ ഹോമുകളിലും നഴ്‌സിംഗ് ജോലിക്ക് വലിയ അവസരങ്ങളുണ്ട്. ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ നൈപുണ്യമുളള ഉദ്യോഗാര്‍ത്ഥികളുടെ (സ്കില്‍ഡ് ലേബര്‍) നിയമപരമായ കുടിയേറ്റത്തിന് വലിയ പ്രാധാന്യമാണ് ജർമനി നല്‍കിയിട്ടുള്ളത്. ഇതിനായി പ്രത്യേക പദ്ധതി തന്നെ തയാറാക്കിയിട്ടുണ്ട്. ജർമന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ജർമന്‍ ഭാഷാ പഠനത്തിന്റെ നിലവാരം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. നോര്‍ക്ക പോലെ പ്രൊഫഷണലായ സ്ഥാപനവുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ആനറ്റ് ബേസ്‌ലര്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്‌സിന്റെ ജര്‍മ്മനിയിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് പദ്ധതികള്‍ അജിത് കോളശേരി വിശദീകരിച്ചു. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് പദ്ധതികളുടെ പൂര്‍ത്തീകരണത്തിലെ കാലതാമസം 18 മാസത്തില്‍ നിന്നു 12 ആയി കുറയ്ക്കാന്‍ സംയുക്തമായ നടപടികളിലൂടെ സാധിച്ചു.
റിക്രൂട്ട്മെന്റ് സമയം കുറയ്ക്കുന്നതിനായി സര്‍ട്ടിഫിക്കറ്റുകളുടെ ജര്‍മ്മന്‍ ട്രാന്‍സിലേഷന്‍ ഉള്‍പ്പെടെയുളള നിയമനനടപടികള്‍ വേഗത്തിലാക്കാന്‍ നടപടി വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, സെക്ഷന്‍ ഓഫീസര്‍ ബി. പ്രവീണ്‍, അസിസ്റ്റന്റ് എസ്. ഷീബ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.