ആമ്പല്ലൂർ: പുതുക്കാട് സെൻ്ററിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ തേരട്ട. ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് ബേക്കറി അടപ്പിച്ചു. പുതുക്കാട് സിഗ്നൽ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഈറ്റ്സ് ആൻ്റ് ട്രീറ്റ്സ് എന്ന ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയിൽ തേരട്ടയെ കണ്ടെത്തിയത്.
പുതുക്കാട് കേരള ബാങ്കിലെ ജീവനക്കാർ തിങ്കളാഴ്ച രാവിലെ വാങ്ങിയ വറവ് പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പരിപ്പുവടയിൽ നിന്നാണ് തേരട്ടയെ കിട്ടിയത്. ഉടൻ ബാങ്ക് ജീവനക്കാർ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു. പുതുക്കാട് ഹെൽത്ത് ഇൻസ്പെക്ടർ ആർ.രാജേഷിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം ബേക്കറി അടച്ചുപൂട്ടാൻ നിർദേശിക്കുകയായിരുന്നു.
പഞ്ചായത്തിൻ്റെ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നാലുപേർ ജോലിചെയ്യുന്ന സ്ഥാപനത്തിൽ ഒരാൾക്ക് മാത്രമാണ് ഹെൽത്ത് കാർഡ് ഉള്ളതെന്നും രാത്രിയും പകലും പ്രവർത്തിക്കുന്ന കടയിൽ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അബ്ദുൽ റസാഖ്, നിമ്മി, പഞ്ചായത്ത് തല ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ജി. ഗീതുപ്രിയ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.