തലകറക്കം അഭിനയിച്ച് വീട്ടിൽനിന്ന്​ സ്വർണവും പണവും മോഷ്​ടിച്ച സ്ത്രീ പിടിയിൽ

പാലാ: വീട്ടിൽ കയറിപ്പറ്റി സ്വർണവും പണവും മോഷ്​ടിച്ച സ്ത്രീകളിൽ ഒരാൾ പിടിയിൽ. കൊല്ലം ശൂരനാട്  വടക്കുംകര ഇരുകണ്ടംവിള വീട്ടിൽ വാടകക്ക്​ താമസിക്കുന്ന ചേർത്തല സന്ധ്യഭവനിൽ രാധാമണിയാണ്​ (65) പൊലീസ് പിടിയിലായത്. മോഷണത്തിന് സഹായിച്ച സുഹൃത്ത് തുളസിക്കുവേണ്ടി അന്വേഷണം തുടങ്ങി.
2019 ഡിസംബർ നാലിന് പാലാ വള്ളിച്ചിറയിലായിരുന്നു സംഭവം. വേളാങ്കണ്ണിക്ക് നേർച്ച കൊണ്ടുപോകാമെന്നുപറഞ്ഞ്​ വള്ളിച്ചിറ ചാലാടിയിൽ പ്രിയ മഹേഷി​​െൻറ വീട്ടിലെത്തിയ രാധാമണിയും തുളസിയും പ്രിയയുമായി സൗഹൃദത്തിലായി. 
കുടുംബകാര്യങ്ങൾ സംസാരിച്ച് ജ്യോതിഷത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നുപറഞ്ഞ് 250 രൂപ കൈക്കലാക്കി. തുടർന്ന് തുളസി തലക്കറക്കം അഭിനയിച്ച് വീഴുകയായിരുന്നു. വെള്ളമെടുക്കാൻ പ്രിയ അടുക്കളഭാഗത്തേക്ക് പോയതോടെ രാധാമണി വീടിനുള്ളിൽ കയറി അലമാരയിൽനിന്ന്​ മാലയും വളയും ഉൾപ്പെടെ ഏഴുപവ​​െൻറ ആഭരണങ്ങളും 3000 രൂപയും മോഷ്​ടിച്ചു. 
വെള്ളം കുടിച്ച് ഏറെനേരം കഴിഞ്ഞാണ്​ ഇവർ വീട്ടിൽനിന്ന്​ പോയത്. പിന്നീടാണ് ആഭരണങ്ങളും പണവും നഷ്​ടപ്പെട്ടതായി കണ്ടെത്തിയത്. ഇതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. 
കഴിഞ്ഞദിവസം ഇതേ തട്ടിപ്പുമായി പ്രതികൾ കരൂർ ഭാഗത്ത്‌ എത്തിയിരുന്നു.
സംഭവമറിഞ്ഞ പൊലീസ് ഇവരെ വളഞ്ഞുപിടിച്ചെങ്കിലും തുളസി രക്ഷപ്പെട്ടു. പാലാ ഡിവൈ.എസ്.പി കെ. ബൈജുകുമാറി​​െൻറ നേതൃത്വത്തിൽ എസ്.എച്ച്.ഒ അനൂപ് ജോസ്, എസ്.ഐമാരായ സിദ്ദീഖ് അബ്​ദുൽഖാദർ, സാജു കുര്യാക്കോസ്, എ.എസ്.ഐ ബിജു, ലക്ഷ്​മി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡിലായ പ്രതിയെ തൃശൂരിലെ കേന്ദ്രത്തിൽ ക്വാറൻറീനിൽ പാർപ്പിച്ചു.
 
Tags:    
News Summary - Theft in kottayam-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.