തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യമായി വാക്സിൻ സ്വീകരിച്ചവർ, വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 22 ലക്ഷം രൂപയാണ് നൽകിയതെന്നും ഇതാണ് കേരളത്തിന്‍റെ കരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച ൈവകീട്ട് 4.30 വരെയുള്ള കണക്കാണിത്.
നമ്മുടെ നാടിന്‍റെ പ്രത്യേകതയാണിത്. ഇത്തരത്തിൽ കേരളത്തിന്‍റെ കൂട്ടായ്മ മുമ്പും തിരിച്ചറിഞ്ഞതാണ്. ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് നമുക്ക് പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയുന്നത്. പ്രതിസന്ധി ഘട്ടത്തിൽ സർക്കാറിനൊപ്പം നിൽക്കുകയാണ് ജനങ്ങൾ. വരും ദിവസങ്ങളിൽ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗികൾ വർധിച്ച സാഹചര്യത്തിൽ ഓക്സിജൻ സൗകര്യമുള്ള കൂടുതൽ ആംബുലസുകൾ ഒരുക്കിയിട്ടുണ്ട്. എറണാകുളത്ത് കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. കണ്ടെയ്ൻെമന്റ് സോണിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ വഴിയോര കച്ചവടം നടത്തുന്നവർക്കെതിരെ നടപടി ഉണ്ടാകും.
പൊലീസ് പരിശോധന കർശനമാക്കും. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി പരത്താനായി ചിലർ വ്യാജപ്രചാരണം നടത്തുന്നുണ്ട്. ഇതിനെതിരെ കർശന നടപടി ഉണ്ടാകും. തൊഴിലാളികൾക്ക് മാർഗനിർദേശങ്ങൾ നൽകും.
തൃശൂർ പൂരം മാതൃകാപരമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ പൂരം നടത്താനുള്ള ഒരുക്കം പൂർത്തിയായി. ശക്തമായ പൊലീസ് സുരക്ഷയിലാകും പൂരം.
കൂട്ടംകൂടാതെ നോമ്പ് തുറ നടത്താനുള്ള നിർദേശം നൽകിയിട്ടുണ്ട്. വയനാട് ജില്ലയിലെ അതിർത്തികളിൽ കൂടുതൽ ക്രമീകരണം ഏർപ്പെടുത്തി. അന്തർസംസ്ഥാന യാത്രക്കാർക്കായി ബോർഡർ ഫെസിലിറ്റേഷൻ സെന്‍റർ തുറന്നിട്ടുണ്ട്. ആർ.ടി.പി.സി.എആർ ടെസ്റ്റ് നടത്താൻ ആവശ്യമായ കിയോസ്കുകൾ സ്ഥാപിച്ചു.
രോഗവ്യാപനം ശക്തമായ സാഹചര്യത്തിൽ കൂടുതൽ പേർ കോവിഡ് ബ്രിഗേഡിന്‍റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. കോവിഡ് രണ്ടാം വ്യാപനം നേരിടാനുള്ള ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ഏപ്രിൽ 26ന് രാവിലെ 11.30ന് വിഡിയോ കോൺഫറൻസ് മുഖേന സർവകക്ഷി യോഗം ചേരും.
വാക്സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് അയച്ച കത്തിന് മറുപടി ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ശുഭപ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. അഥവാ നിഷേധ രൂപത്തിലാണ് മറുപടി വരുന്നതെങ്കിൽ നമ്മൾ വൈകിപ്പോകും. അതിനാലാണ് കമ്പനികളിൽനിന്ന് വാക്സിൻ നേരിട്ട് വാങ്ങാൻ നടപടി ആരംഭിച്ചത് -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.