നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റില്ല; ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്‍റെ ഹർജി സുപ്രീംകോടതി തളളി. ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കായി രൂപീകരിക്കപ്പെട്ട പ്രത്യേക കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും അതിനാൽ കോടതി മാറ്റണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാരിന് വേണമെങ്കിൽ മാറ്റാമെന്നും സുപ്രീംകോടതി പറഞ്ഞു. വിചാരണ കോടതിയുടെ തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ ഹൈകോടതിയെ സമീപിച്ചുകൂടേ എന്നും സുപ്രീംകോടതി ചോദിച്ചു.

ഇതേ ആവശ്യമുന്നയിച്ച് സംസ്ഥാന സർക്കാറും പ്രോസിക്യൂഷനും ഇരയായ നടിയും നേരത്തേ ഹൈകോടതിയെയും സമീപിച്ചിരുന്നു. എന്നാൽ ഇത് അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി ഹരജി ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളുകയായിരുന്നു. ഹൈകോടതിയുടെ ഈ തീരുമാനം സുപ്രീംകോടതി ശരിവെച്ചു.

ഇരയായ നടിയെ ബുദ്ധിമുട്ടിക്കുന്ന സമീപനമായിരുന്നു കേസിന്‍റെ വിചാരണയിൽ ഉടനീളം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് ആരോപണം. ഇരുപതിലേറെ അഭിഭാഷകരുടെ സാന്നിധ്യത്തിൽ മണിക്കൂറുകളോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചു. ഇത് രഹസ്യവിചാരണ എന്നതിന്‍റെ അന്തസത്ത തകർക്കുന്നതാണെന്നും സർക്കാർ ഹരജിയിൽ പറയുന്നു. ദിലീപ് മകൾ വഴി മഞ്ജുവിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന മഞ്ജു വാര്യർ നൽകിയ മൊഴി എഴുതിയെടുത്തില്ല എന്നീ പരാതികളും വിചാരണക്കോടതിക്കെതിരെ ഉന്നയിച്ചിരുന്നു.

വിചാരണ കോടതി ജഡ്ജിയെ മാറ്റരുത് എന്നാവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.