തിരുവനന്തപുരം: സ്കൂളുകളിലെ പഠനയാത്രകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു. വടക്കഞ്ചേരി ദുരന്തത്തിന്‍റെ സാഹചര്യത്തിലാണ് പുതുക്കിയ നിർദേശങ്ങൾ. കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് സമ്മതപത്രം മുൻകൂർ വാങ്ങണം. ഗതാഗത വകുപ്പ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനമേ ഉപയോഗിക്കാവൂ. രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ആരോചകശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനം പാടില്ല. നിയമപ്രകാരം അനുവദനീയമായ എണ്ണം കുട്ടികളേ വാഹനങ്ങളിൽ പാടുള്ളൂ. യാത്ര തുടങ്ങുംമുമ്പ് ആർ.ടി.ഒ, ജോയിന്‍റ് ആർ.ടി.ഒ എന്നിവരെ വിവരം അറിയിക്കണം. യാത്ര പുറപ്പെടുംമുമ്പ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ വാഹനത്തെക്കുറിച്ചടക്കം വിവരങ്ങൾ അറിയിക്കണം. വാഹന രേഖകൾ യാത്ര പുറപ്പെടുംമുമ്പ് സ്കൂൾ അധികൃതർ പരിശോധിച്ച് ഉറപ്പാക്കണം. അധ്യാപക വിദ്യാർഥി അനുപാതം 1: 15 ആകണം. രാത്രി പത്തിനും രാവിലെ അഞ്ചിനും ഇടയിൽ യാത്ര പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.
സ്കൂളുകളിൽ വിദ്യാർഥി കൺവീനറും അധ്യാപക പ്രതിനിധിയും പി.ടി.എ പ്രതിനിധിയും ഉൾെപ്പട്ട ടൂർ കമ്മിറ്റി രൂപവത്കരിക്കണം. യാത്രകൾ സ്കൂൾ മേലധികാരിയുടെ പൂർണ നിയന്ത്രണത്തിലാകണം. യാത്രാവിവരം ഉപജില്ല-വിദ്യഭ്യാസ ജില്ല-ഡി.ഡി.ഇ, അടക്കം അധികൃതർക്ക് സമർപ്പിക്കണം. യാത്രയിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ചേരണം. ഒരു അക്കാദമിക വർഷം പരമാവധി മൂന്ന് ദിവസമേ പഠനയാത്ര പാടുള്ളൂ. സ്കൂൾ പ്രവൃത്തിദിനമല്ലാത്ത ദിവസവും ഇതിൽ ഉൾപ്പെടുത്തണം.
എല്ലാ വിഭാഗത്തിൽപെട്ട കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നവിധം സ്ഥലങ്ങൾ നിശ്ചയിക്കണം. വിദ്യാർഥികളിൽനിന്നും അമിതതുക ഈടാക്കരുത്. വിദ്യാഭ്യാസ പ്രാധാന്യമുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും യാത്രക്ക് തെരഞ്ഞെടുക്കണം. ജലയാത്രകൾ, വനയാത്രകൾ, വന്യമൃഗ സങ്കേതകൾ എന്നിവടങ്ങളിൽ സന്ദർശിക്കുമ്പോൾ മുൻകൂർ അനുതി നേടണം. അംഗീകൃത ടൂർ ഓപർമാരെ മാത്രം ഉപയോഗിക്കണം. പുകവലി, ലഹരി ഉപയോഗം പാടില്ല. സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ചിത്ര-വിഡിയോകൾ പകർത്താനോ പങ്കുവെക്കാനോ പാടില്ല. യാത്ര കഴിഞ്ഞ് റിപ്പോർട്ട് വിദ്യാഭ്യാസ അധികൃതർക്ക് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.