മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സര്‍ക്കാര്‍ - രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സര്‍ക്കാരെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. തിരുവവന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ മനസു വെച്ചിരുന്നെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് തീര്‍ക്കാന്‍ കഴിയുമായിരുന്ന വിഷയമാണ് ഇത്രയേറെ വലിച്ചു നീട്ടി വഷളാക്കിയിരിക്കുന്നത്.

ഇപ്പോൾ കോടതിവിധി വന്ന് അന്വേഷണ കമ്മീഷനെ പുനസ്ഥാപിച്ചിരിക്കുന്നു. അതിനുമുമ്പും പിമ്പും പരിഹാര നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നിട്ടില്ല. മുനമ്പം വിഷയത്തില്‍ അവിടുത്തെ ജനങ്ങളോട് എല്ലാ മുസ് ലീം സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതാണ്. ഈ സന്ദര്‍ഭത്തില്‍ കൃത്യമായ പരിഹാര നിര്‍ദേശങ്ങളുമായി വന്നിരുന്നെങ്കില്‍ വര്‍ഗീയമായി ജനങ്ങളെ വിഭജിക്കാതെ വിഷയം രമ്യമായി പരിഹരിക്കാമായിരുന്നു.

മുമ്പത്തു നിന്ന് ഒറ്റയാളെ പോലും കുടിയിറക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. പ്രശ്‌നപരിഹാരം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വെച്ചാല്‍ പ്രശ്‌നം ഉടനടി പരിഹരിക്കപ്പെടും. ഇത് പരിഹരിക്കുന്നതിനു പകരം വര്‍ഗീയമായി വഷളാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ബിജെപിയുടെയും സി.പി.എമ്മിന്റെയും ഉന്നം ഒന്നുതന്നെയാണ്.

ബി.ജെ.പിക്ക് രാഷ്ട്രീയ മുതലെടുപ്പിലുള്ള അവസരം ഉണ്ടാക്കി കൊടുത്തത് സംസ്ഥാന സർക്കാർ തന്നെയാണ്. വര്‍ഗീയശക്തികള്‍ക്കു മുതലെടുക്കാനുള്ള സാഹചര്യമുണ്ടാക്കാതെ പ്രശ്‌നം ഉടനടി പരിഹരിക്കണം. വഖഫ് ബില്‍ വഴി ഇവിടെ പ്രശ്‌നപരിഹാരം ഉണ്ടാവില്ല. ചെന്നിത്തല പറഞ്ഞു.

ആശാവര്‍ക്കാര്‍മാരുടെ വിഷയത്തില്‍ ആര്‍ ചന്ദ്രശേഖെരനെതിരെ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നടപടിയാണ്. ഐ.എൻ.ടി.യു.സിക്ക് ഒരു നിലപാട് പാര്‍ട്ടിക്ക് മറ്റൊരു നിലപാട് എന്ന നിലയില്‍ പോകാന്‍ കഴിയില്ല. ആശാവര്‍ക്കര്‍മാരുടെ സമരത്തിന് കോണ്‍ഗ്രസ് അനൂകൂലമാണ്. ആ നിലപാടിനോട് ചേര്‍ന്നു നിന്ന് സമരത്തില്‍ പങ്കാളിയാവുകയാണ് ഐ.എൻ.ടി.യു.സി സ്വീകരിക്കേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി.

Tags:    
News Summary - The state government dragged out the Munambam issue and made it worse - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.