മുഖ്യമന്ത്രിക്കു വേണ്ടി വാഴ്ത്തു പാട്ട് എഴുതിയ സര്‍വീസ് സംഘടനയ്ക്കു തന്നെ വിലാപകാവ്യവും എഴുതേണ്ടി വരും- വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കു വേണ്ടി വാഴ്ത്തു പാട്ട് എഴുതിയ സര്‍വീസ് സംഘടനയ്ക്കു തന്നെ വിലാപകാവ്യവും എഴുതേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അടിയന്തിര പ്രമേയ നോട്ടീസിനുള്ള കൃത്യമായ മറുപടിയല്ല ധനകാര്യ മന്ത്രി പറഞ്ഞതെന്നും നിയമസഭയിൽ വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. കലാപരമായി കൗശലത്തോടെയാണ് മന്ത്രി അതു ചെയ്തത്.

ക്ഷാമബത്ത കുടിശിക 35,000 കോടി രൂപയാണ്. ലീവ് അഞ്ച് വര്‍ഷത്തെ ലീവ് സറണ്ടര്‍ 24,500 കോടിയാണ്. 5,500 കോടി രൂപയാണ് പേ റിവിഷന്‍ കുടിശിക. 65,000 കോടി രൂപയാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. ഇതു കൂടാതെ ശമ്പള പരിഷ്‌ക്കരണത്തിലെ സര്‍വീസ് വെയിറ്റേജ് എടുത്തു കളഞ്ഞു. ഇതിലൂടെ സര്‍ക്കാരിന് കൂടുതല്‍ ലാഭമുണ്ടായി. ഇതു കൂടാതെ സിറ്റി കോംപന്‍സേറ്ററി അലവന്‍സ് ഉള്‍പ്പെടെയുള്ളവയും എടുത്തു കളഞ്ഞു.

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൊടുക്കാതെ എടുത്തു കളഞ്ഞതും കൊടുക്കാതെ കയ്യില്‍ വച്ചിരിക്കുന്നതുമായി ഏകദേശം ഒരു ലക്ഷം കോടി രൂപയുണ്ട്. ഒരു ലക്ഷം കോടി കൊടുത്തിരുന്നുവെങ്കില്‍ ശമ്പളം കൊടുക്കാന്‍ പറ്റില്ലായിരുന്നു. ഇത്രയും പണം കയ്യില്‍ കിട്ടിയിട്ടും സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി ദയനീയമാണ്.

അഞ്ച് വർഷം ഭരിക്കുന്ന സര്‍ക്കാരിന്റെ കാലത്ത് 10 ഗഡു ഡി.എ ആണ് വിതരണം ചെയ്യേണ്ടത്. എട്ടരക്കൊല്ലം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ഏഴ് ഡി.എ കുടിശികയാണ് വരുത്തിയിരിക്കുന്നത്. ഇത് മാസ ശമ്പളത്തിന്റെ അഞ്ചിലൊന്ന് തുക വരും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിങ്ങള്‍ കൊടുക്കാതിരുന്ന ഒരെണ്ണം കൂടി കൂട്ടി 11 ഗഡു ഡി.എ ആണ് നല്‍കിയത്. എന്നിട്ടാണ് കൊടുത്തില്ലെന്ന് മന്ത്രി പറയുന്നത്. ഏത് കണക്ക് അനുസരിച്ചാണ് കൊടുത്തില്ലെന്ന് മന്ത്രി പറയുന്നത്?

2001ലെ എ.കെ ആന്റണിയുടെ കാലത്തെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. അന്ന് എന്തായിരുന്നു സ്ഥിതി? നായനാര്‍ ഭരണം അവസാനിക്കുമ്പോള്‍ അന്നത്തെ ധനകാര്യ മന്ത്രി ശിവദാസമേനോനായിരുന്നു. അതുവരെ കേരളം കണ്ട ഏറ്റവും ഗതികെട്ട സമയമായിരുന്നു അത്. ഒരു നയാ പൈസ കയ്യിലില്ലാത്ത ദയനീയമായ സാമ്പത്തിക സ്ഥിതിയായിരുന്നു. അധികാരത്തില്‍ എത്തിയ എ.കെ ആന്റണി ധവളപത്രം ഇറക്കി സാഹചര്യ വിശദീകരിച്ച്, തല്‍ക്കാലത്തേക്ക് മുണ്ട് മുറുക്കി ഉടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

20 ദിവസത്തെ ലീവ് സറണ്ടര്‍ താല്‍ക്കാലികമായി തടഞ്ഞുവച്ചു. അപ്പോള്‍ 32 ദിവസം സമരം ചെയ്തു. ഇപ്പോള്‍ 30 ദിവസത്തെ ലീവ് സറണ്ടര്‍ 5 വര്‍ഷമായി തടഞ്ഞുവച്ചിരിക്കുകയാണ്. ഇപ്പോള്‍ നിങ്ങളുടെ സര്‍വീസ് സംഘടനകളൊക്കെ എവിടെ പോയി? യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു 65000 കോടി കുടിശികയുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ സ്തുതിഗീതങ്ങള്‍ പാടുന്ന സംഘടന എന്തു ചെയ്യുമായിരുന്നു? സംസ്ഥാനത്തിന്റെ സര്‍വീസ് ചരിത്രത്തില്‍ ഇതിന്റെ അഞ്ചിലൊന്ന് പണം കൊടുക്കാനുണ്ടായിരുന്ന സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. കേരളം ഭരിച്ച ഒരു സര്‍ക്കാരും ജീവനക്കാര്‍ക്ക് ഇതുവരെയും ഇത്രയും പണം കൊടുക്കാതിരുന്നിട്ടില്ല.

103 മാസമായി തുടരുന്ന ഈ ഭരണത്തില്‍ ആറു മാസമായി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. 218310 രൂപ മുതല്‍ 2509356 രൂപ വരെയാണ് ഒരാള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. 2024-ല്‍ ശമ്പളം മുടങ്ങി. ക്ഷാമബത്ത 176830 മുതല്‍ 1283304 രൂപ വരെയാണ് പിടിച്ചു വച്ചിരിക്കുന്നത്. 19 ശതമാനം വരുന്ന ആറ് ഗഡു ഡി.എയായണ് കുടിശിക. അടുത്ത ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കേണ്ട സമയം കഴിഞ്ഞിട്ടും അതേക്കുറിച്ച് മന്ത്രി ഒന്നും മിണ്ടിയില്ല. ശമ്പള കമ്മിഷനെ വയ്ക്കുമെന്ന വാക്ക് പോലും ധനകാര്യമന്ത്രി പറഞ്ഞില്ല.

മെഡിസെപ്പിനെ കുറിച്ച് പ്രതിപക്ഷം നയം വ്യക്തമാക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. നേരത്തെയുണ്ടായിരുന്ന റീ ഇംപേഴ്‌സ്‌മെന്റിന് പകരമായാണ് നിങ്ങള്‍ മെഡിസെപ്പ് കൊണ്ടുവന്നത്. 240 കോടിയോളം രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നത് ഒഴിവാക്കി. എന്നിട്ട് 5664 കോടി രൂപ ഇന്‍ഷൂറന്‍സ് കമ്പനിക്ക് കൊടുക്കേണ്ട സ്ഥാനത്ത് 6,000 കോടി രൂപയാണ് ജീവനക്കാരില്‍ നിന്നും ഈടാക്കുന്നത്. ഈ ഇനത്തില്‍ 40 കോടി രൂപയാണ് സര്‍ക്കാര്‍ അടിച്ചുമാറ്റിയത്. ജി.എസ്.ടി ഇനത്തിലും 42 കോടി രൂപ വേറെ അടിച്ചുമാറ്റി.

ഫലത്തില്‍ മെഡിസെപ്പില്‍ നിന്നും 322 കോടി രൂപ സര്‍ക്കാരിന് നേട്ടമുണ്ടാകും. മെഡിസെപ്പ് ആശുപത്രിയുടെ പാനല്‍ നോക്കിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മുഴുവന്‍ നേത്രരോഗികളാണോയെന്ന് തോന്നിപ്പോകും. പട്ടികയിലുള്ള വലിയ ആശുപത്രികളിലെ പ്രധാനപ്പെട്ട ഡിപ്പാര്‍ട്‌മെന്റുകളില്ല. എത്രയോ ജീവനക്കാരും പെന്‍ഷന്‍കാരുമാണ് ബില്ലിന്റെ പത്തിലൊന്നു പോലും ലഭിക്കാതെ വേറെ പണം അടച്ച് ഇറങ്ങിപ്പോകുന്നത്? എന്നിട്ടാണ് മെഡിസെപ്പിനെ കുറിച്ച് നിങ്ങള്‍ എന്ത് പറയുന്നുവെന്ന് ചോദിക്കുന്നത്. ഈ മെഡിസെപ്പ് വേണ്ട എന്നതു തന്നെയാണ് ഞങ്ങളുടെ അഭിപ്രായം.

തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട് മുഴുവന്‍ ക്ഷാമബത്ത കുടിശികയും നല്‍കി. എന്തിനാണ് ത്രിപുരയിലേക്കും ഉഗാണ്ടയിലേക്കും പോകുന്നത്. മന്ത്രി ഉഗാണ്ട വരെ പോകുമെന്നാണ് സംശയിച്ചത്. പണം നല്‍കാത്തതിനെ കുറിച്ച് ഗ്ലോബല്‍ ആസ്‌പെക്ടിലാണ് ധനമന്ത്രി സംസാരിച്ചത്. 65000 കോടി കയ്യില്‍ വച്ചിട്ടാണ് ത്രിപുരയില്‍ കണ്ടില്ലേയെന്ന് ചോദിക്കുന്നത്.

കെ.എസ്.ആര്‍.ടി.സിക്ക് യു.ഡി.എഫ് കാലത്ത് 1400 കോടിയെ നല്‍കിയുള്ളൂവെന്നാണ് മന്ത്രി പറഞ്ഞത്. ഞങ്ങളുടെ കാലത്ത് ശമ്പളം മുടക്കിയോ? അന്ന് 1400 കോടി മതിയായിരുന്നു. 1400 കോടി നല്‍കേണ്ട സ്ഥാനത്ത് വെറുതെ എന്തിനാണ് 14000 കോടി നല്‍കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ 47000 ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 22000 പേര്‍ മാത്രമാണുള്ളത്. അപ്പോള്‍ ജീവനക്കാരുടെ എണ്ണം കുറച്ചത് ത്രിപുരയിലാണോ? ഷെഡ്യൂളുകള്‍ പോലും വെട്ടിക്കുറച്ചു.

സിവില്‍ സപ്ലൈസിന് 4000 കോടിയാണ് നല്‍കാനുള്ളത്. ഒരു ആശുപത്രികളിലും മരുന്നോ സ്‌റ്റെന്റോ ഇല്ല. 1000 കോടി രൂപ കടമുണ്ടായിരുന്ന കെ.എസ്.ഇ.ബിയില്‍ ഇന്ന് 45000 കോടിയാണ് കടം. നിങ്ങള്‍ ഈ സംസ്ഥാനത്തെ തകര്‍ത്ത് തരിപ്പണമാക്കി.

ഡെവല്യൂഷന്‍ ഓഫ് ടാക്‌സ് കുറച്ചത് തെറ്റാണെന്നും മാനദണ്ഡങ്ങള്‍ മാറ്റണമെന്നും സര്‍ക്കാര്‍ പറഞ്ഞതിനേക്കാള്‍ വീറോടെയാണ് ധനകാര്യ കമ്മിഷന് മുന്നില്‍ പ്രതിപക്ഷം വാദിച്ചത്. ഞാന്‍ തന്നെയാണ് പ്രസന്റേഷന്‍ നടത്തിയത്. ജി.എസ്.ടി കോംപന്‍സേഷന്‍ കിട്ടിയില്ലെന്നാണ് മന്ത്രി ഇപ്പോഴും പറയുന്നത്. അഞ്ച് കൊല്ലവും കോംപന്‍സേഷന്‍ കിട്ടിയിട്ടും ആറാമത്തെ കൊല്ലം കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് പറയുന്ന മന്ത്ര ആരെയാണ് തെറ്റിദ്ധരിപ്പിക്കുന്നത്. ഇത് പൊതു സമ്മേളനങ്ങളില്‍ കയ്യടിക്കു വേണ്ടി പറയാം. നിയമസഭയില്‍ പറയരുത്.

സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണ്. 200 മുതല്‍ 300 ശതമാനം വരെയാണ് വില വര്‍ധനവ്. ആ വിലവര്‍ധനവിനെ നേരിടാനാണ് ഡി.എ നല്‍കുന്നത്. ആ പണമാണ് സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നത്. ഇത് സര്‍ക്കാര്‍ ജീവനക്കാരോടുള്ള അവഗണനയാണ്. എപ്പോല്‍ നല്‍കുമെന്നത് സംബന്ധിച്ച ഒരു ഉറപ്പും സര്‍ക്കാര്‍ നല്‍കുന്നില്ല. അപകടകരമായ നിലയിലേക്കാണ് പോകുന്നത്.

പഴയ രാജകൊട്ടാരങ്ങളില്‍ മന്നവേന്ദ്രാ വിളങ്ങുന്ന ചന്ദ്രനെ പോലെ നിന്‍ മുഖം എന്ന് പാടിയ വിദൂഷകരുണ്ടായിരുന്നു. മുഖ്യമന്ത്രി ഇതിലൊന്നും വീഴരുത്. അങ്ങനെ പറ്റിക്കാന്‍ ഇവരെല്ലാം വാഴ്ത്ത് പാട്ടുമായി വരുകയാണ്. അവര്‍ തന്നെ വിലാപകാവ്യം രചിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സര്‍ക്കാര്‍ ജീവനക്കാരോടും പെന്‍ഷന്‍കാരോടും അവരുടെ കുടുംബങ്ങളോടുമുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു. ജോയിന്റ് കൗണ്‍സില്‍ കൂടി സമരം ചെയ്യുന്നതിനാല്‍ വാക്കൗട്ടില്‍ പങ്കെടുക്കാന്‍ സി.പി.ഐ അംഗങ്ങളെയും വി.ഡി. സതീശൻ ക്ഷണിച്ചു. 

Tags:    
News Summary - The service organization that wrote a song of praise for the Chief Minister will have to write a lamentation too - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.