മഞ്ചേരി: കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്ന റിമാൻഡ് പ്രതി മെഡിക്കൽ കോളജ് ആശുപ്രതി വാർഡിൽ ജനൽ കമ്പി മുറിച്ചു കടന്നുകളഞ്ഞു. ഓടിപ്പോകാൻ സാധ്യതയുണ്ടെന്ന് ജയിൽ അധികൃതർ ആശുപത്രി അധികൃതരെ അറിയിച്ച് മണിക്കൂറിനകമാണ് പ്രതി മുങ്ങിയത്. വേങ്ങര പൊലീസ് വഞ്ചനക്കേസിൽ അറസ്റ്റ് ചെയ്ത തൃശൂർ കേച്ചേരി പട്ടിക്കര മനോജ് (മുഹമ്മദ് ആഷിഖ് - 40) ആണ് ബുധനാഴ്ച രാത്രി കടന്നുകളഞ്ഞത്. കോവിഡ് നെഗറ്റീവ് ആയി ആശുപത്രിയിൽ നിന്ന് വ്യാഴാഴ്ച ജയിലിലേക്ക് വിടാനിരിക്കേയായിരുന്നു സംഭവം. കൊണ്ടോട്ടി, മഞ്ചേരി, എടക്കര എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസ് ഉണ്ടെന്ന് പൊലിസ് പറഞ്ഞു.
വിസയ്ക്ക് പണം വാങ്ങി വഞ്ചിച്ചെന്ന കേസിൽ കഴിഞ്ഞ 23നു ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതി റിമാൻഡ് ചെയ്ത ഇയാളെ, റിമാൻഡ് പ്രതികളെ പാർപ്പിക്കുന്ന സി.എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയിലിരിക്കെയിലിരിക്കെ ഫെബ്രുവരി രണ്ടിന് നെഞ്ച് വേദനയെന്ന് പറഞ്ഞതോടെ മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പേവാർഡ് കെട്ടിടത്തിൽ താഴത്തെ നിലയിലെ മുറിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്.
ഓടിപ്പോകാൻ സാധ്യത ഉണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് സന്ദേശം ജയിൽ സൂപ്രണ്ട് ആശുപത്രി അധികൃതരെ വിളിച്ച് അറിയിച്ചിരുന്നു. രാത്രി 11 ഓടെയാണ് ഇയാൾ മുറിയിൽ ഇല്ലെന്ന് കണ്ടെത്തിയത്. അഴിമുറിച്ച് വളച്ച് പുറത്ത് കടന്ന് ആശുപത്രി മതിൽ ചാടിയതാകാമെന്ന് കരുതുന്നു. ആശുപത്രിയിൽ നിന്നും നാലാം തവണയാണ് പ്രതികൾ രക്ഷപ്പെടുന്നത്. നേരത്തെ കോവിഡ് വാർഡിൽ നിന്നും പ്രതികൾ ആശുപത്രിയുടെ വെൻറിലേഷൻ വഴി രക്ഷപ്പട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.