യുവതിയെ ശല്യം ചെയ്തത് എതിർത്ത ബന്ധുവിനെ കുത്തിക്കൊന്നു
ബദിയടുക്ക: ബന്ധുവായ യുവതിയെ ഫോണിൽ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മധൂര്‍ അറന്തോട് ബന്നൂറിലെ സഞ്ജീവ -സുമതി ദമ്പതികളുടെ മകന്‍ സന്ദീപ് (26) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് എൻമകജെ കജംപാടിയിലാണ് സംഭവം. കേസിൽ കുറ്റാരോപിതനായ കെ.എസ്.ഇ.ബി കരാർ ജോലിക്കാരനായ പവൻരാജിനെ (22) ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
സന്ദീപിന്റെ ഇളയമ്മയുടെ മകളെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയതിന് അഞ്ച് മാസം മുമ്പ് സന്ദീപും യുവതിയുടെ സഹോദരൻ ഷാരോണും ചേർന്ന് പ്രതിയെ താക്കീതു ചെയ്തിരുന്നു. ഞായറാഴ്ച ഷാരോണിന്റെ വീടിന്റെ നിർമാണത്തിനായി കല്ലിറക്കിയ ശേഷം സന്ദീപും ഷാരോണും ബൈക്കിൽ വരുന്നതിനിടെ പ്രതി ഇരുവരെയും തടഞ്ഞു നിർത്തുകയും സന്ദീപിനെ കത്തി കൊണ്ട് കഴുത്തിൽ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആദ്യം കാസർകോട്ടെ ആശുപത്രിയിലും പിന്നീട് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരിച്ചു. കഴുത്തിൽ ഇരുവശങ്ങളിലായി രണ്ട് മുറിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേസിന്റെ അന്വേഷണച്ചുമതല കാസർകോട് സി.ഐ പി. അജിത്തിനാണ്.
മരിച്ച സന്ദീപിന്റെ സഹോദരങ്ങള്‍: സതീഷ്, ലതീഷ്, സന്തോഷ്, സജിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.