ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങൾ വിദ്യാർഥികളോടും അധ്യാപകരോടും ചർച്ച നടത്തി പരിഹരിക്കും -സയ്യിദ് അഖ്തർ മിർസ

തിരുവനന്തപുരം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങൾക്ക് വിദ്യാർഥികളോടും അധ്യാപകരോടും ചർച്ച നടത്തി പരിഹാരം കാണുമെന്ന് നിയുക്ത ചെയർമാൻ സയ്യിദ് അഖ്തർ മിർസ. മുൻ ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അടുത്ത സുഹൃത്താണെന്നും അദ്ദേഹം പ്രതികരിച്ചു.

കുട്ടികളുടെ പഠനം തുടരണം. വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തിയാവണം എല്ലാ പ്രവർത്തനവും. അനുരാഗ് കശ്യപ് ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ ഇൻസ്റ്റിറ്റ്യൂട്ടിലെത്തും. മാസ്റ്റേഴ്‌സ് ഇൻ റസിഡന്റ്‌സ് പദ്ധതി നിലവിൽവരുമെന്നും അദ്ദേഹം അറിയിച്ചു.

ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളിലുള്ള അന്വേഷണ കമ്മിഷൻ നിർദേശങ്ങൾ നടപ്പാക്കും. കുട്ടികളുമായി ചേർന്ന് മുന്നോട്ടുപോകുകയാണ് പ്രധാനം. ഇന്ന് വൈകീട്ട് കോട്ടയത്തേക്ക് പോകും. അധ്യാപകരോടും കുട്ടികളോടും ചേർന്നുനിൽക്കും. അവരുടെ കാര്യങ്ങൾ കേട്ട ശേഷം പ്രശ്‌നങ്ങൾക്കു പരിഹാരം കാണുമെന്നുമെന്നും സയ്യിദ് അഖ്തർ മിർസ കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാനായി വിഖ്യാത ബോളിവുഡ് ചലച്ചിത്രകാരൻ സയ്യിദ് അഖ്തർ മിർസയെ നിയമിച്ച വിവരം പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ മിർസ പൂനെ ഫിലിം ഇസ്റ്റിറ്റിയൂട്ട് മുൻ ചെയർമാനുമാണ്.

ജനുവരി 31നായിരുന്നു അടൂർ ഗോപാലകൃഷ്ണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്. മാർച്ച് 31ന് കാലാവധി തീരാനിരിക്കെയായിരുന്നു രാജി. ഇൻസ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ ഡയറക്ടറായിരുന്ന ശങ്കർ മോഹനെ പിന്തുണച്ച് അടൂർ രംഗത്തെത്തിയിരുന്നു. തുടർന്ന് വലിയ വിവാദമാണ് സംസ്ഥാനത്തുണ്ടായത്. പിന്നീട് ശങ്കർ മോഹനും പിന്നാലെ അടൂരും സ്ഥാനമൊഴിയുകയായിരുന്നു.

Tags:    
News Summary - The problems in the institute will be solved by discussing with the students and teachers - Syed Akhtar Mirza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.