കോതമംഗലത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ 25 ന് പ്രവർത്തനമാരംഭിക്കും

കൊച്ചി: കോതമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ വേണമെന്നുള്ള ആദിവാസി സമൂഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യം യാഥാർത്ഥ്യമാവുന്നു. ഹോസ്റ്റൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പ്ലസ്‌ വൺ ക്ലാസുകൾ ആരംഭിക്കുന്ന ഓഗസ്റ്റ് 25 ന് ഹോസ്റ്റലും പ്രവർത്തനമാരംഭിക്കും. ഹോസ്റ്റലിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പട്ടിക വർഗ വിഭാഗത്തിലുള്ള ആൺകുട്ടികൾക്കാണ് ഹോസ്റ്റലിൽ പ്രവേശനം അനുവദിക്കുന്നത്.

കോതമംഗലം നഗരസഭാ പരിധിയിലുള്ള കറുകടത്തിന് സമീപമാണ് ഹോസ്റ്റൽ. വാടകയ്ക്കെടുത്ത സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ഹോസ്റ്റലിന്റെ പ്രവർത്തനം. നാൽപത് വിദ്യാർഥികളെ ഉൾക്കൊള്ളാൻ കഴിയും. ഇടമലയാർ ട്രൈബൽ ഹോസ്റ്റലിലെ ഉദ്യോഗസ്ഥർക്കാണ് മേൽനോട്ട ചുമതല. നിലവിൽ ഭാഗികമായും ഓണം അവധിക്ക് ശേഷം പൂർണതോതിൽ പ്രവർത്തനം തുടങ്ങും.

കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങളിലെ വിവിധ ഹയർ സെക്കണ്ടറി സ്കൂളുകളിലും കോളജുകളിലും പ്രവേശനം ലഭിക്കുന്ന ആദിവാസി വിഭാഗത്തിലെ ദിവസവും വീട്ടിൽ പോയി വരാൻ സാധിക്കില്ല. ഇതേ തുടർന്ന് വലിയ ബുദ്ധിമുട്ടുകളാണ് ഈ കുട്ടികൾ നേരിടേണ്ടി വരുന്നത്. പലരും വിദ്യാഭ്യാസം ഉപേക്ഷിച്ച് കുടികളിലേക്ക് തിരികെ പോകുന്ന അനുഭവവും ഉണ്ടായിട്ടുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് കോതമംഗലത്ത് ട്രൈബൽ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ആരംഭിക്കണമെന്ന ആവശ്യം ഉയർന്നത്.

ഹോസ്റ്റൽ ആരംഭിക്കുന്നതോടെ കോതമംഗലത്തും പരിസരത്തുമുളള ഹയർ സെക്കണ്ടറി സ്കൂളുകളിലും ആർട്സ് ആൻഡ് സയൻസ്, എഞ്ചിനീയറിങ്ങ്, ദന്തൽ, ആയുർവേദം, ഫാർമസി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കുന്ന പട്ടിക വർഗ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് ഇവിടെ  താമസിച്ച് പഠനം തുടരുവാൻ കഴിയും.

Tags:    
News Summary - The post matric hostel at Kothamangalam will start functioning on 25th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.