ടൂറിസം ലെഡ് റിക്കവറി സാധ്യത പരിശോധിക്കും -മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കോവിഡാനന്തര കാലഘട്ടത്തിൽ സമ്പദ് ഘടനയുടെ വീണ്ടെടുപ്പിന് സഹായകരമായ ടൂറിസം ലെഡ് റിക്കവറി പദ്ധതി സാധ്യത പരിശോധിക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം - യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം കേന്ദ്ര ബിന്ദുവാക്കി പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ലക്ഷ്യം.

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ജീവനോപാധികളുമായി ബന്ധപ്പെട്ട് വിവിധ ജനകീയ സംരംഭങ്ങളെ വളർത്തിയെടുക്കുക, സാംസ്ക്കാരിക വിനിമയം അഥവാ കൾച്ചറൽ എക്സ്ചേഞ്ച് വർധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങി നിരവധി മേഖലകളിൽ ടൂറിസത്തിന് പ്രധാന പങ്കു വഹിക്കാൻ സാധിക്കും. കൃഷി, മത്സ്യബന്ധനം, ഗതാഗതം, വിദ്യാഭ്യാസം, ഹോട്ടൽ- റെസ്റ്റോറന്റ് സെക്ടർ, ഷോപ്പിംഗ് മാളുകൾ, സുവനീറുകൾ എന്നീ മേഖലകൾ തമ്മിലുള്ള വളരെ ഫലപ്രദമായ ഒരു നെറ്റ് വർക്കിങ് സാധ്യമാക്കി സമ്പദ് വ്യവസ്ഥയുടെ ആകെയുള്ള തിരിച്ചു വരവിന് സഹായകരമാകാൻ ടൂറിസത്തിനു കഴിയും. ഇക്കാര്യം മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ചർച്ച നടത്തുമെന്നും മന്ത്രി നിയമസഭയിൽ മറുപടി നൽകി.

സംസ്ഥാനത്ത് കോൺഷ്യസ് ട്രാവൽ സാധ്യതകളെ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാരികൾ കൂടുതൽ ദൂരമുള്ള ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര ചെയ്യുകയും സാധാരണയിലും നീണ്ട കാലത്തേക്ക് ആ സ്ഥലങ്ങളിൽ താമസിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. പ്രാദേശിക ജീവിത രീതികളെയും ദൈനദിന ഉത്പന്നങ്ങളേയും പൂർണമായി അടുത്തറിയുന്ന ഉപഭോക്താക്കളായി തന്നെ സഞ്ചാരികൾ അവിടങ്ങളിൽ ഒരു നിശ്ചിത കാലത്തേക്ക് ജീവിക്കുന്ന രീതി കൂടിയാണ് കോൺഷ്യസ് ട്രാവൽ. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി നമ്മൾ മുന്നോട്ടു വെയ്ക്കുന്ന എക്സ്പീരിയൻസ് ടൂറിസം ഇത്തരം യാത്രികരെ കേരളത്തിലേക്ക് കൂടുതലായി ആകർഷിക്കുന്നതാണ്.

നമ്മുടെ മൺസൂൺ കാലം, കാലാവസ്ഥ മാത്രമല്ല, കർക്കിടക കഞ്ഞി പോലുള്ള പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുന്നത് മഴക്കാലത്ത് കേരളത്തിൽ പതിവാണ്. കൂടാതെ ആയുർവേദവുമായി ബന്ധപ്പെട്ടുള്ള ചികിത്സാ രീതികൾക്കും മൺസൂൺ സമയം തെരഞ്ഞെടുക്കാറുണ്ട്.നമ്മുടെ നാട്ടിലെ ഈ സവിശേഷതകൾ ആസ്വദിക്കാൻ മൺസൂൺ കാലം മുഴുവൻ ഇവിടെ ചിലവഴിക്കാൻ ലക്ഷ്യമിട്ടു വരുന്ന സഞ്ചാരികൾ ഏറെയാണ്. അത്തരം സഞ്ചാരികളെ ആകർഷിക്കുന്നതിന് പ്രത്യേകമായ പദ്ധതികൾ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

News Summary - The possibility of tourism lead recovery will be examined - Minister PA Muhammad Riaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.